കാസര്‍കോട്: കോവിഡ് 19 പരിശോധന നടത്തുന്ന കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കായെത്തുന്നവര് ആരോഗ്യപ്രവര്‍ത്തകരുടെ മുന്‍കൂര്‍ അനുവാദത്തോടെ അവര്‍ക്ക് നിശ്ചയിച്ച സമയത്ത് മാത്രമെത്തണമെന്ന് ഡിഎംഒ ഡോ എ.വി രാംദാസ് അറിയിച്ചു. പരിശോധനയ്ക്കെത്തുന്നവര്‍ മൂക്കും വായും മറയുന്ന രീതിയില്‍ ശരിയായ വിധത്തില്‍ മാസ്ക് ധരിക്കണം.
പരിശോധനാ കേന്ദ്രങ്ങളില്‍ എത്തുന്ന ആളുകള്‍ തമ്മില്‍ ചുരുങ്ങിയത് രണ്ടുമീറ്റര്‍ അകലം പാലിക്കുകയും വേണം. പരിശോധനാ കേന്ദ്രത്തിലെത്തുന്നതിനുമുമ്പും ശേഷവും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുകയോ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യണം. പരിശോധനാ ഫലം അറിയുന്നതിനായി ഓരോകേന്ദ്രങ്ങളിലും ചുമതലപ്പെടുത്തിയ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടണം. പരിശോധനയ്ക്ക് വിധേയമായവര്‍ പരിശോധനാ ഫലം അറിയുന്നത് വരെ കര്‍ശനമായി ഹോം ക്വാറന്റീന് പാലിക്കേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലകൊണ്ട് മറച്ചുപിടിക്കണം. വീട്ടിലുള്ള 10 വയസിന് താഴെയുള്ള കുട്ടികള്‍ 65വയസ്സിനുമുകളിലുള്ളവര്‍ ഗര്‍ഭിണികള്‍, നിത്യരോഗികള്‍ എന്നിവരുമായി ഒരു കാരണവശാലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. പരിശോധനാഫലം അറിഞ്ഞതിനുശേഷവും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം മാത്രം പ്രവര്‍ത്തിക്കുക. ആരോഗ്യപ്രവര്‍ത്തകരുടെ അനുവാദപ്രകാരമേ പുറത്തു പോകാന്‍ പാടുള്ളൂ.
ക്ലസ്റ്റര്‍, കണ്ടെയിമെന്റ് സോണുകളില്‍ കളക്ഷന്‍ ഏജന്റുമാരെ അനുവദിക്കില്ല
കാസര്‍കോട്: ഇനി മുതല്‍ ജില്ലയിലെ ക്ലസ്റ്റര്‍, കണ്ടെയിമെന്റ് സോണുകളില്‍ സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലേത് ഉള്‍പ്പെടെയുള്ള ഒരു തരത്തിലുള്ള കളക്ഷന്‍ ഏജന്റുമാരെയും അനുവദിക്കുന്നതല്ലയെന്ന് കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. എന്നാല്‍, മറ്റു പ്രദേശങ്ങളില്‍ കളക്ഷനു വേണ്ടി പോവുന്ന ജീവനക്കാര്‍ക്ക് മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ബന്ധപ്പെട്ട സ്ഥാപനം നല്‍കേണ്ടതും, ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഈ മാനദണ്ഡം പാലിക്കാത്ത കളക്ഷന്‍ ഏജന്റുമാരുടെ സ്ഥാപന മേധാവിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്കി. ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നതിന് നിലവില്‍ നിരോധനമൊന്നുമില്ല. ക്ലസ്റ്റര്‍/കണ്ടെയിമെന്റ് സോണുകളിലും ഓട്ടോ ഓടിച്ചു പോകാവുന്നതാണെങ്കിലും ഈ പ്രദേശങ്ങളില്‍ പാര്‍ക്കിങിനോ, യാത്രക്കാരെ കയറ്റുന്നതിനോ, ഇറക്കുന്നതിനോ, അനുവദിക്കുന്നതല്ല.
പൊതുജനത്തെ ഹാര്‍ബറില്‍ പ്രവേശിപ്പിക്കില്ല
കാസര്‍കോട്: മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലയിലും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പു വരുത്തണം. ഹാര്‍ബറുകളിലെ തൊഴിലാളികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കേണ്ടതും വളണ്ടിയര്‍മാരെ സജ്ജരാക്കേണ്ടതുമാണ്. മൊത്തവിതരണക്കാരല്ലാതെ ചെറുകിട കച്ചവടക്കാരെയും മല്‍സ്യം വാങ്ങാന്‍ വരുന്ന പൊതുജനത്തെയും ഹാര്‍ബറില്‍ പ്രവേശിപ്പിക്കരുത്. ജില്ലയില്‍ നിന്ന് ദിവസേന കര്‍ണാടകയിലേക്ക് പോയി വരുന്നതിന് പാസ് ലഭിച്ചിട്ടുള്ള വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കേണ്ടതുണ്ടെന്ന ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, പരാതിക്കിട വരുത്താത്ത രീതിയില്‍ പോലീസ് വകുപ്പിന് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇപ്രാവശ്യം എല്ലാവര്ക്കും ഓണം കിറ്റ് നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍, ഈ കിറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍ തീരദേശത്തെ ക്ലസ്റ്റര്‍, കണ്ടെയിന്റ് സോണിലുള്ളവര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശികമായി നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനാണ് വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. അവരോടൊപ്പം പ്രവര്‍ത്തിക്കുന്നതിനാണ് മാഷ് പദ്ധതി പ്രകാരമുള്ള അധ്യാപകരെയും നിയോഗിച്ചിട്ടുള്ളതെന്ന് കളക്ടര്‍ പറഞ്ഞു. കണ്ടെയ്മെന്റ് സോണുകള്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസില്‍ നിന്നുള്ള കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകണം. ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, റവന്യൂ, പോലീസ് വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷമാണ് കണ്ടെയ്മെന്റ് സോണുകളുടെ പട്ടിക അന്തിമമാക്കുന്നത്. അത് ലഭിച്ച ഉടന്‍ ഈ പ്രദേശം കണ്ടെയ്മെന്റ് സോണായി പരിഗണിച്ചു കൊണ്ടുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
കോറോണ കോര്‍ കമ്മറ്റി യോഗത്തില്‍ കളക്ടര്‍ ഡോ ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. സബ്കളക്ടര്‍ അരുണ്‍ കെ വിജയന്, എഡിഎം എന്‍.ദേവീദാസ്, ഡി എംഒ ഡോ എ.വി രാംദാസ്, എഎസ്പി സേവ്യര്‍ സെബാസ്റ്റ്യന്‍, കാസര്‍കോട് ആര് ഡിഒ ടി.ആര് അഹമ്മദ് കബീര്‍, ഡിഡിഇ കെ.വി പുഷ്പ, ഡിഡിപി ജെയ്സണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: