ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെയും നാല് മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് നടത്തിയത് ഗുരുതര കോടതിയലക്ഷ്യമെന്ന് സുപ്രീം കോടതി. സദുദ്ദേശ്യത്തോടെയുള്ള വിമര്‍ശനം കോടതിയലക്ഷ്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന പ്രശാന്ത് ഭൂഷണ് മറുപടി കോടതി തള്ളി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ആഢംബര ബൈക്കില്‍ ഇരിക്കുന്നതിന്റെ ചിത്രവും കൂടി ചേര്‍ത്ത ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മറ്റൊരു ട്വീറ്റില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമര്‍ശിച്ചു. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു. കേസില്‍ പ്രശാന്ത് ഭൂഷണ് കുറ്റക്കാരനാണെന്നും ഈ മാസം 20ന് ശിക്ഷയില്‍ മേലുള്ള വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടു.
പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് സുപ്രിംകോടതിയെ ആകെയും ചീഫ് ജസ്റ്റിസ് ഓഫീസിനെ പ്രത്യേകമായും കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സദുദ്ദേശ്യത്തോടെയുള്ള വിമര്‍ശനമാണ് പ്രശാന്ത് ഭൂഷണില്‍ നിന്നുണ്ടാകുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ വാദിച്ചിരുന്നു. ഇതെല്ലാം സുപ്രീം കോടതി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: