തൃശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് നിര്‍മാണക്കരാര്‍ ഉറപ്പിച്ചത് സ്വപ്നയും സന്ദീപുമാണെന്ന കരാര്ക്കമ്പനിയുടമയുടെ മൊഴി അന്വേഷണ സംഘം തള്ളി. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരുടെ ഇടപെടലാണ് കരാര്‍ ഉറപ്പിച്ചതിന് പിന്നിലെന്നാണ് സൂചന. ഇവര്‍ നിര്‍മാണക്കമ്പനിയായ യൂണിടാക്കുമായി ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. ഇക്കാര്യങ്ങള്‍ സാമ്പത്തിക കുറ്റാന്വേഷണ വകുപ്പിന് എന്‍ഐഎ കൈമാറും.
ദുബായ് റെഡ്ക്രസന്റിന്റെ കരാര്‍ അവരുമായി സംസാരിച്ച് ഉറപ്പിച്ചത് സ്വപ്നയും സന്ദീപുമാണെന്നും അവര്‍ക്ക് കമ്മീഷന് നല്‍കിയെന്നുമായിരുന്നു യൂണിടാക് മേധാവി സന്തോഷ് ഈപ്പന് എന്‍ഐഎ സംഘത്തിന് നല്കിയ മൊഴി. സ്വപ്നയുടേയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റേയും പേരിലുള്ള ലോക്കറില്‍നിന്ന് എന്‍ഐഎ സംഘം ഒരു കോടി രൂപ കണ്ടെടുത്തതോടെയാണ് ഈ വിഷയം എന്‍ഐഎക്ക് മുന്നിലെത്തുന്നത്. യൂണിടാക് കമ്മീഷനായി നല്‍കിയതാണ് പണം എന്നായിരുന്നു സ്വപ്നയുടെ മൊഴി.
മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശന വേളയിലാണ് റെഡ്ക്രസന്റുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. പിന്നീട് നടന്ന ചര്‍ച്ചകളും കരാറുമെല്ലാം സര്‍ക്കാരിന്റെ ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമാണ്. സ്ഥലം കണ്ടെത്താന്‍ തദ്ദേശസ്വയംഭരണവകുപ്പിന് നിര്‍ദേശം നല്കി. മന്ത്രി മൊയ്തീന്റെ താത്പര്യപ്രകാരമാണ് വടക്കാഞ്ചേരിയില്‍ സ്ഥലം കണ്ടെത്തിയതും അംഗീകാരം നല്കിയതും. മന്ത്രിയും ഉദ്യോഗസ്ഥരും വടക്കാഞ്ചേരി നഗരസഭ അധികൃതരും തിരുവനന്തപുരത്ത് യൂണിടാക്ക് പ്രതിനിധികളുമായി പലവട്ടം ചര്‍ച്ച നടത്തിയ ശേഷമാണ് കരാര്‍ ഉറപ്പിച്ചത്.
ദുബായ് റെഡ്ക്രസന്റാണ് കരാര്‍ നല്‍കിയതെന്ന സന്തോഷ് ഈപ്പന്റെ വാദം നിലനില്‍ക്കുന്നതല്ല എന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു. വിദേശ ഏജന്‍സിയായ ദുബായ് റെഡ്ക്രസന്റിന് ഇന്ത്യയിലെ നിര്‍മ്മാണജോലി കരാര്‍ നല്കാന് നിയമ തടസങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ കരാര്‍ നല്‍കാനാവില്ല. വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള റവന്യൂ ഭൂമിയിലാണ് നിര്‍മാണം നടക്കുന്നത്. നഗരസഭ നിര്‍മാണാനുമതി നല്‍കിയിരിക്കുന്നത് ലൈഫ് മിഷന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ക്കാണ്. തദ്ദേശസ്വയംഭരണവകുപ്പിനെ രക്ഷിക്കാനുള്ള നീക്കമാണ് സന്തോഷ് ഈപ്പന് നടത്തിയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: