Categories: Article

മലയാളത്തിന്റെ ദേവദാരു പൂവ്

ചുനക്കര രാമന്‍കുട്ടി തന്റെ കലാജീവിതത്തിന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്ത് എത്തിയശേഷമായിരുന്നു. ആകാശവാണിയിലെ ലളിത ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തിയുടെ ആദ്യപടി ചവിട്ടുന്നത്. പിന്നീട് നാടക രംഗത്ത് വിവിധ സമിതികള്‍ക്കായി നൂറിലേറെ ഗാനങ്ങള്‍ എഴുതി. 1978ല്‍ 'ആശ്രമം' എന്ന ചിത്രത്തിലെ 'അപ്‌സര കന്യക' എന്ന ഗാനമെഴുതിക്കൊണ്ടാണ് സിനിമ ഗാനരചനയ്ക്ക് തുടക്കമിട്ടത്.

രുപതാണ്ട് മലയാള സിനിമയില്‍ സുഗന്ധം പരത്തിയ ദേവദാരു പുഷ്പമാണ് കൊഴിഞ്ഞുവീണത്. മലയാളിയുടെ മനസിന്റെ താഴ്‌വരയില്‍ പൂങ്കിനാവായി ചുനക്കര രാമന്‍കുട്ടി ഇനി പാട്ടുകളിലൂടെ ജീവിക്കും.  

മാവേലിക്കര ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനായി 1936 ജനുവരി 19ന്  ജനനം. പന്തളം എന്‍എസ്എസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി. 1958 ല്‍ വ്യവസായ വകുപ്പില്‍ ഉദ്യോഗസ്ഥനായ ശേഷമാണ് തിരുവനന്തപുരത്തേക്ക് വരുന്നത്. ആകാശവാണിക്കു വേണ്ടി അദ്ദേഹം നാടകങ്ങളും നാടക ഗാനങ്ങളും ലളിതഗാനങ്ങളും എഴുതിയിരുന്നു. 75 സിനിമകളിലായി ഇരുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചു. 2015 ല്‍ അദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ചു. അഗ്നി സന്ധ്യ, സഞ്ചാരി, ബാപ്പുജി കരയുന്നു(കവിതാ സമാഹാരങ്ങള്‍) മലകളെ സാക്ഷി(നോവല്‍), ദുരവസ്ഥ, വെളിച്ചമേ വന്നാലും, എന്റെ ചുറ്റും കടലാണ്(നാടകങ്ങള്‍) തുടങ്ങിയവയാണ് പ്രധാനകൃതികള്‍.  

ചുനക്കര രാമന്‍കുട്ടി തന്റെ കലാജീവിതത്തിന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്ത് എത്തിയശേഷമായിരുന്നു. ആകാശവാണിയിലെ ലളിത ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തിയുടെ ആദ്യപടി ചവിട്ടുന്നത്. പിന്നീട് നാടക രംഗത്ത് വിവിധ സമിതികള്‍ക്കായി നൂറിലേറെ ഗാനങ്ങള്‍ എഴുതി. 1978ല്‍ ‘ആശ്രമം’ എന്ന ചിത്രത്തിലെ ‘അപ്‌സര കന്യക’ എന്ന ഗാനമെഴുതിക്കൊണ്ടാണ് സിനിമ ഗാനരചനയ്‌ക്ക് തുടക്കമിട്ടത്. ‘എങ്ങനെ നീ മറക്കും ‘എന്ന സിനിമയിലെ ദേവദാരു പൂത്തു എന്‍ മനസിന്‍ താഴ്‌വരയില്‍… എന്ന ഗാനം ഇന്നും മലയാള മനസില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു.  അധിപനിലെ ശ്യാമമേഘമേ നീ…, കോട്ടയം കുഞ്ഞച്ചനിലെ ഹൃദയവനിയിലെ ഗായികയോ… തുടങ്ങിയ പാട്ടുകളെല്ലാം മലയാളിയുടെ ചുണ്ടില്‍ എപ്പോഴും തങ്ങിനില്‍ക്കുന്നവയാണ്. ഉത്സവ പറമ്പുകളിലെ ഗാനമേളകളില്‍  ഇടതടവില്ലാത്ത കൈയടി വാങ്ങിക്കൊടുക്കാനും ഈ പാട്ടുകള്‍ക്കായി. ശാന്തസുന്ദരമായൊഴുകുന്ന അംബരപ്പൂ വീഥിയില്‍… എന്നു തുടങ്ങുന്ന ഇരുപതാം നൂറ്റാണ്ടിലെ ഗാനം മറക്കാന്‍ മലയാളികള്‍ക്ക് ആവില്ല. 1979 ല്‍ കൗമാരം എന്ന സിനിമയിലാണ്  സംഗീത സംവിധായകന്‍ ശ്യാമും ചുനക്കര രാമന്‍കുട്ടിയും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് ചുനക്കര രാമന്‍കുട്ടി-ശ്യാം കൂട്ടുകെട്ട് 35 ല്‍ പരം സിനിമകളിലെ ഗാനങ്ങള്‍ക്ക് വരിയും ഈണവുമായി.  

കെ. മധു, എം. മണി, സാജന്‍, പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങള്‍ മലയാള സിനിമയ്‌ക്ക് ലഭിച്ചത്.

മോഹന്‍ലാല്‍ ആദ്യമായി പിന്നണി പാടിയ നീയറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്… എന്നു തുടങ്ങുന്ന ഹാസ്യഗാനം എഴുതിയത് ചുനക്കരയാണ്. കണ്ടു കണ്ടറിഞ്ഞു എന്ന സിനിമയിലെ ഈ ഗാനത്തിന് സംഗീതം പകര്‍ന്നത് ശ്യാം ആണ്. മാളാ അരവിന്ദനാണ് മോഹന്‍ലാലിനൊപ്പം പാടിയത്.  

സിന്ദൂര തിലകവുമായി(കുയിലിനെ തേടി), ചന്ദനക്കുറിയുമായി വാ സുകൃതവനിയില്‍…(ഒരുനോക്ക് കാണാന്‍) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്‌ക്ക് സമ്മാനിച്ചു. തന്റെ തൂലികയാല്‍ തീര്‍ത്ത വരികളിലൂടെ ദേവദാരു പൂവായി ചുനക്കര രാമന്‍കുട്ടി മലയാളികളുടെ മനസില്‍ എന്നും ജീവിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക