ന്യൂദല്‍ഹി: ലോക നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഇന്ത്യയിലെ പ്രധാന പൗരാണിക കേന്ദ്രങ്ങളില്‍ ഒരുക്കുകയെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിയില്‍ മുഖം മിനുക്കി തയാറെടുക്കുകയാണ് ചെങ്കോട്ട. സ്മാരകങ്ങള്‍ ഏറ്റെടുക്കുകയെന്ന പദ്ധതി ഇന്ത്യയിലെ പ്രധാനപ്പെട്ട കോര്‍പ്പറേറ്റുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. റെഡ്ഫോര്‍ട്ടില്‍ ലോക നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോ അടക്കമാണ് പുതുതായി തയാറാക്കിയിരിക്കുന്നത്.
ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത തരത്തിലുള്ള അത്യന്താധുനിക സാങ്കേതിക വിദ്യയും പ്രശസ്ത കലാകാരന്മാരുടെ കഴിവുകളും സമന്വയിപ്പിച്ചാണ് ഈ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ തയാറാക്കിയിരിക്കുന്നത്. എല്ലാ ജോലികളും പൂര്‍ത്തീകരിച്ചെങ്കിലും കൊവിഡും ലോക്ഡൗണും കാരണം പൊതുജനങ്ങളെ പ്രവേശിപ്പിച്ച് തുടങ്ങിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏഴാം ചെങ്കോട്ട പ്രസംഗത്തിന് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ചെങ്കോട്ടയിലെ നവീകരണ ജോലികളും ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പഴയദല്ഹിയുടെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തികളും അതിവേഗം പൂര്‍ത്തീകരിക്കുന്നുണ്ട്. മുന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് 2018ല്‍ ഈ അഭിമാന പദ്ധതി ആരംഭിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള വിദഗ്ധ സമിതിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സി.വി. ആനന്ദബോസ് ആണ്. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് പഠിക്കാനും ഇന്ത്യയുടെ പൈതൃകം എന്തെന്ന് മനസ്സിലാക്കാനും ഇന്ത്യയുടെ വൈവിധ്യത്തിലെ ഏകത്വം എന്തെന്ന് ഉള്‍ക്കൊള്ളാനും താല്‍പ്പര്യം കാട്ടി ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഇന്ത്യയെ കണ്ടെത്താനുള്ള ഒരു വലിയ വാതായനമായിരിക്കും ഈ പ്രക്രിയയിലൂടെ തുറക്കപ്പെടുകയെന്ന് ഡോ. സി.വി ആനന്ദബോസ് ജന്മഭൂമിയോട് പ്രതികരിച്ചു.
ഇന്ത്യയുടെ ചരിത്രം പലപ്പോഴും വികലമാക്കിയാണ് ചിത്രീകരിക്കപ്പെടാറുള്ളത്. അവയെയെല്ലാം സത്യസന്ധമായി അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. മുഗള്‍ സാമ്രാജ്യത്തോടൊപ്പം തന്നെ മറാത്തയിലെ മഹാന്മാരും ഹേമുവിനെപ്പോലെയുള്ള ചക്രവര്‍ത്തിമാരെയും ചെങ്കോട്ട ഭരിച്ചിരുന്നു എന്ന യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. റെഡ്ഫോര്‍ട്ടിന്റെ ചരിത്രവും അനുബന്ധ ചരിത്രവും മനസ്സിലാക്കാന്‍ താല്‍പ്പര്യമുള്ള ഗവേഷണ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നെത്തും എന്നു മുന്‍കൂട്ടിക്കണ്ടുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു, അദ്ദേഹം പറഞ്ഞു.
റെഡ്ഫോര്‍ട്ടിന് പുറമേ അജന്ത, എല്ലോറ, ഖജരാഹോ, കൊണാര്‍ക്ക്, ഹംപി, മഹാബലിപുരത്തുമെല്ലാം നവീകരണ പ്രക്രിയകള്‍ ആരംഭിക്കുകയാണ്. ചെങ്കോട്ടയിലെ നവീകരണ ചുമതല നിര്‍വഹിച്ച വിദഗ്ധ സംഘത്തിന് തന്നെ മറ്റു ചരിത്ര കേന്ദ്രങ്ങളുടെ ചുമതലയും നല്കി പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനമെടുത്തിട്ടുണ്ടെന്നും ഡോ. സി.വി ആനന്ദബോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: