മൂന്നാര്‍ : കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും എത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്ന് കൂടിയായ ഇവിടെ അപകടം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കാനായി എത്തുന്നത്.
പെട്ടിമുടിയും കരിപ്പൂര്‍ വിമാന അപകടവും ഒരു ദിവസം തന്നെയാണ് സംഭവിച്ചത്. എന്നാല്‍ കരിപ്പൂരില്‍ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. കേന്ദ്ര മന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, രമേഷ് ചെന്നിത്തല എന്നിവരും പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തിയെങ്കിലും മുഖ്യമന്ത്രി ഇവിടെ സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. വനം വകുപ്പ് മന്ത്രിയാണ് ഇവിടെ സന്ദര്‍ശിച്ച് രക്ഷാ പ്രവര്‍ത്തനം വിലയിരുത്തിയത്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്കൊപ്പം സംഭവ സ്ഥലത്തേയക്ക് എത്തുന്നത്.
മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ സംഘം റോഡ് മാര്‍ഗമാണ് പെട്ടിമുടിയിലേക്ക് പോയത്. വൈദ്യുതി മന്ത്രി എം.എം. മണിയും കെ.കെ. ജയചന്ദ്രന് എംഎല്‍എയും ഉദ്യോഗസ്ഥരും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. റോഡ് മാര്‍ഗം ഒന്നര മണിക്കൂര്‍ യാത്രയാണ് ഇനി പെട്ടിമുടിയിലേക്ക് ഉള്ളത്.
സന്ദര്‍ശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളെ കാണും. പെട്ടിമുടിയില്‍ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ പുനരധിവാസം സംബന്ധിച്ച വിശദമായ പ്രഖ്യാപനം നടത്തുമെന്നാണു വിവരം.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനു സംസ്ഥാനം 10 ലക്ഷം രൂപ നല്കാന് തീരുമാനിച്ചതോടെ നഷ്ടപരിഹാരത്തില്‍ വിവേചനം കാട്ടുന്നുവെന്ന ആരോപണമുയര്‍ന്നു. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി പുനരധിവാസ് പാക്കേജ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. കന്നിയാര്‍ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ദൗത്യസംഘം ഇന്നും തുടരും. 55 മൃതദേഹങ്ങളാണ് പെട്ടിമുടിയില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത്.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, ഡിജിപി ലോകനാഥ് ബെഹ്റ, ദക്ഷിണ മേഖല റേഞ്ച് ഐജി ഹര്‍ഷിത അട്ടല്ലൂരി, ക്രൈം ബ്രാഞ്ച് ഐജി യോഗേഷ് അഗര്‍വാള്‍, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്, പോലീസ് മേധാവി കറുപ്പസ്വാമി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: