സതാംപ്റ്റണ്: പത്ത് വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാനെതിരെ ഒരു ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ട് ജോ റൂട്ടിന്റെ ഇംഗ്ലണ്ട് ഇറങ്ങുന്നു. ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് ഇന്ന് തിരശീല ഉയരും. ആദ്യ ടെസ്റ്റില്‍ വിജയിച്ച ആതിഥേയര്‍ക്ക് രണ്ടാം ടെസ്റ്റിലും വിജയം നേടിയാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാകും.
വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇംഗ്ലണ്ടിന് ലോക ഒന്നാം നമ്പര്‍ ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്റെ അഭാവം തിരിച്ചടിയായേക്കും. കുടുംബവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ സ്റ്റോക്സ് ന്യൂസിലന്‍ഡിലേക്ക് മടങ്ങി. പ്രതിസന്ധി ഘട്ടത്തില്‍ ബാറ്റുകൊണ്ടോ പന്തുകൊണ്ടോ ടീമിന് തുണയാകുന്ന താരമാണ് ബെന്‍. ഈ ഓള് റൗണ്ടറുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കും. ബെന്നിന് പകരം സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായ സാക് ക്രാവ്ലി അവസാന ഇലവനില്‍ സ്ഥാനം നേടുമെന്നാണ് കരുതുന്നത്.
ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര് കീപ്പിങ്ങില്‍ പരാജയമായിരുന്നു. മൂന്ന് സ്റ്റമ്പിങ് അവസരങ്ങളാണ് നഷ്ടമാക്കിയത്. എന്നാല്‍ ബാറ്റിങ്ങില്‍ തിളങ്ങി. രണ്ടാം ഇന്നിങ്ങ്സില്‍ വിലപ്പെട്ട 75 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് ഉയര്‍ത്തി. ജോസിന് പകരം ബെന്‍ ഫോക്സിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പരിചയസമ്പന്നനായ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണും ആദ്യ ടെസ്റ്റില്‍ തിളങ്ങാനായില്ല. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറാണ് ആന്ഡേഴ്സണ്. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ നിന്ന ഒഴിവാക്കിതുപോലെ ആന്‍ഡേഴ്സണെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയേക്കും. അങ്ങിനെ സംഭവിച്ചാല്‍ മാര്‍ക്ക് വുഡിനോ പുതുമുഖം ഒലി റോബിന്‍സണോ അവസരം ലഭിക്കും. പേസര്‍മാരായ ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ് എന്നിവര്‍ അവസാന ഇലവനില്‍ ഉണ്ടാകും.
അസര്‍ അലി നയിക്കുന്ന പാക് ടീമിന് ബാറ്റിങ്ങാണ് തലവേദന. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ ഷാന്‍ മസൂദിന്റെ സെഞ്ചുറിയുടെ മികവില്‍ പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോര്‍ നേടി. എന്നാല്‍ രണ്ടാം ഇന്നിങ്ങ്സില്‍ തകര്‍ന്നുപോയി. ക്യാപ്റ്റന്‍ അസര്‍ അലി ഉള്‍പ്പെടെയുള്ളവര്‍ക്ക് മികവ് കാട്ടാനായില്ല. മറുനാട്ടില്‍ അവസാനം കളിച്ച പന്ത്രണ്ട് ഇന്നിങ്ങ്സില്‍ അലിക്ക് നേടാനായത് 139 റണ്‍സ് മാത്രം.
ഷഹീന് ഷാ അഫ്രീദി, മുഹമ്മദ് അബ്ബാ സ്, നസീം ഷാ എന്നിവരാണ് പാക്കിസ്ഥാന്റെ ബൗളിങ് നിരയെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: