Categories: Kannur

വയോ അമൃതം പദ്ധതിയുടെ പേരില്‍ ലക്ഷങ്ങളുടെ ധൂര്‍ത്ത്

കണ്ണൂര്‍: കേരള സാമൂഹ്യനീതി വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വൃദ്ധസദനങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും താമസക്കാര്‍ അനുഭവിക്കുന്ന രോഗങ്ങള്‍, ഒറ്റപ്പെടല്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയ്‌ക്ക് സൗജന്യ ആയുര്‍വേദ ചികിത്സയും സാന്ത്വന പരിചരണവും നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന വയോ അമൃതം പദ്ധതിയുടെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ലക്ഷങ്ങളുടെ ധൂര്‍ത്ത്. കേരളത്തിലെ പതിനാറ് വൃദ്ധസദനങ്ങളിലുള്ള തൊള്ളായിരത്തോളം താമസക്കാരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. വയോ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ വൃദ്ധസദനത്തിലും ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു അറ്റന്‍ഡര്‍ എന്നിവരെ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ നിയമിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  

പദ്ധതിയുടെ നടത്തിപ്പിനായി 2020-21 സാമ്പത്തിക വര്‍ഷം 1,35,67,040 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 73,87,200 രൂപ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും 34,21,440 രൂപ അറ്റന്റര്‍മാര്‍ക്കും അലവന്‍സ് നല്‍കുന്നതിനാണ് നീക്കിവെച്ചിരുക്കുന്നത്. സംസ്ഥാന തലത്തില്‍ സാമൂഹ്യനീതി വകുപ്പ് ഡയരക്റ്റര്‍, ജോയിന്റ് ഡയരക്റ്റര്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയരക്റ്റര്‍, ജോയിന്റ് ഡയരക്റ്റര്‍മാര്‍, ജില്ലാ തലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, സാമൂഹ്യ നീതി വകുപ്പ് സൂപ്രണ്ടുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിലെ മിക്ക പഞ്ചായത്തുകളിലും ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പന്‍സറികളും ജില്ലാ ആയുര്‍വേദ ആശുപത്രികളും നിലനില്‍ക്കെയാണ് കോടികള്‍ ചെലവഴിച്ച് പ്രത്യേകമായി മെഡിക്കല്‍ ഓഫീസര്‍മാരെയും അറ്റന്‍ഡര്‍മാരെയും നിയമിക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍മാരും അറ്റന്റര്‍മാരും 11 മണിമുതല്‍ ഒരു മണിവരെ മാത്രമാണ് വൃദ്ധസദനങ്ങളിലുണ്ടാവുക. അന്തേവാസികളുടെ എണ്ണം കുറവായതിനാല്‍ എല്ലാ ദിവസങ്ങളിലും രോഗികള്‍ ഉണ്ടാവണമെന്നുമില്ല. വൃദ്ധസദനം നടത്തിപ്പുമായി ബന്ധപ്പെട്ട ജീവനക്കാരുണ്ടായിട്ടും അറ്റന്റര്‍മാരെ പ്രത്യേകമായി നിയമിക്കുന്നതും അനാവശ്യ ചെലവുണ്ടാക്കുന്നതാണ്. മാസത്തില്‍ രണ്ട് തവണ പ്രദേശത്തെ ഹോല്‍ത്ത് സെന്ററുകളില്‍ നിന്ന് അലോപ്പതി ഡോക്റ്റര്‍മാരെത്തി അന്തേവാസികളെ പരിശോധിക്കുന്നതിന് പുറമെയാണ് പ്രത്യേകമായി ആയുര്‍വേദ സൂപ്രണ്ടുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത്. കരാറടിസ്ഥാനത്തിലുള്ള നിയമനമാണെങ്കിലും കാലങ്ങളായി പല സ്ഥലത്തും ഒരേ ആളുകള്‍ തന്നെയാണ് ജീവനക്കാരായി എത്തുന്നത്. ഭരണാനുകൂല വിഭാഗങ്ങളില്‍പ്പെടുന്ന ഒരുവിഭാഗത്തെ അഭിമുഖം പോലും നടത്താതെ തിരുകിക്കയറ്റുന്നതിനുള്ള മാര്‍ഗമായിട്ടാണ് കാലങ്ങളായി ഈ പദ്ധതിയെ ഉപയോഗിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക