ന്യൂദല്‍ഹി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ സ്വര്‍ണ്ണവില തുടര്‍ച്ചയായി തിരിച്ചിറങ്ങുന്നു. തുടര്‍ച്ചയായ മൂന്നാംദിനമാണ് സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇന്ന് ഒരു ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയായി. പവന് 1600 രൂപ കുറഞ്ഞ് 39,200 രൂപയിലുമെത്തി. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് സ്വര്‍ണവില പവന് 2,800 രൂപ കുറഞ്ഞു.
ചൈന-അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്പത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കുത്തനെ ഉയരാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്‌ദ്ധര്‍ പറയുന്നു. റഷ്യ കൊറോണ വാക്‌സിന്‍ കണ്ടുപിടിച്ചതും സ്വര്‍ണ്ണവിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. കൊറോണ വ്യാപനം ഉണ്ടായപ്പോള്‍ സുരക്ഷിത നിക്ഷേപം എന്നു കണക്കാക്കി എല്ലാവരും സ്വര്‍ണത്തില്‍ നിക്ഷേപിച്ചത് വില ഉയരാന്‍ ഒരു കാരണമായിരുന്നു. ഇന്നലെ റഷ്യ പ്രതിരോധ വാക്‌സില്‍ പ്രഖ്യാപിച്ചതോടെ കൊറോണ ഭീതി കുറഞ്ഞതാണ് സ്വര്‍ണ്ണ വിപണിയിലെ ഇടിവിന് കാരണമെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു.
ഓഗസ്റ്റ് ആദ്യവാരത്തില്‍ തന്നെ സ്വര്‍ണവില 40000 എന്ന പുതിയ ഉയരം കീഴടക്കിയിരുന്നു. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5500ല്‍പ്പരം രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്. സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി കുറയാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ പിന്‍വലിഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണവിലയില്‍ അടുത്ത ദിവസങ്ങളിലും ഇടിവ് ഉണ്ടാകുമെന്നുതന്നെയാണ് സാമ്പത്തിക വിദഗ്‌ദ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: