തൃശൂര്‍: കൊറോണ വ്യാപനം ശക്തമായതോടെ വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33,38,39, 40 എന്നീ ഡിവിഷനുകള്‍ അതി തീവ്രമേഖലയായി പ്രഖ്യാപിച്ചു.മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ അനില്‍ അക്കര എംഎല്‍എയും നഗരസഭാ ചെയര്‍പേഴ്സണും ഉദ്യോഗസ്ഥ മേധാവികളും കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി നഗരസഭയിലെ നിയമസഭാ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും യോഗം വിളിച്ചു.
വടക്കാഞ്ചേരി നഗരസഭയിലെ അതിതീവ്ര മേഖല ഡിവിഷനുകളിലെ എല്ലാ വാഹന നീക്കങ്ങളും നിരോധിച്ചു. മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. മേഖലയില്‍ അത്യാവശ്യ സാധനങ്ങള്‍ നല്കുന്നതിനു വേണ്ടിയുള്ള സ്ഥാപനങ്ങള്‍ക്ക് ഹോം ഡെലിവറിക്ക് വേണ്ടി മാത്രമേ തുറക്കുവാന്‍ അനുമതിയുള്ളൂ. 9 മുതല്‍ 2 വരെയാണ് തുറന്നു പ്രവര്‍ത്തിക്കുക. വടക്കാഞ്ചേരി നഗരസഭയിലേക്കുള്ള പ്രധാന വഴികളില്‍ പോലീസ് പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അതിതീവ്ര മേഖലയില്‍ ആന്റിജന്‍ ടെസ്റ്റിനുള്ള മൊബൈല്‍ ക്യാമ്പ് നടത്താനും തീരുമാനമായി. വിവാഹത്തിന് 20 പേരെയും മരണവീട്ടില്‍ 10 പേരെയും അനുവദിക്കും. ഇന്നു മുതല്‍ തീരുമാനങ്ങള്‍ നടപ്പിലാക്കും.
ക്രമീകരണങ്ങള്‍ ഇങ്ങനെ:
സ്ഥാപനങ്ങളില്‍ 3 ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കും.
കടകളില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണം.
അതിതീവ്ര മേഖലയില്‍ മൂന്നുപേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടാന്‍ പാടില്ല.
ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് കര്‍ശനമായി നടപ്പിലാക്കും.
മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ തുറക്കില്ല.
വീടുകളില്‍ കയറിയിറങ്ങി ഉള്ള കച്ചവടം, തട്ടുകട, വഴിയോര കച്ചവടം എന്നിവ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: