നന്ദിയോട്: ലോക്ഡൗണും തോരാത്ത മഴയും കണ്ണീരിലാഴ്ത്തിയ നന്ദിയോട് ആനാട് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി ‘ഗ്രാമാമൃതം’ എന്ന കര്‍ഷക കൂട്ടായ്മ. കൊവിഡ് വ്യാപനത്തിനൊപ്പം മഴയും കനത്തതോടെ ദുരിതത്തിലായ കര്‍ഷര്‍ക്ക് മാതൃകയാക്കാവുന്ന ഒരു കൂട്ടായ്മയും പ്രവര്‍ത്തനവുമാണ് നന്ദിയോട് ഗ്രാമപഞ്ചായത്തും കൃഷിഭവനും ഗ്രാമാമൃതം ടീം കര്‍ഷകരും നടത്തിവരുന്നത്. കര്‍ഷര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് വിപണി ഇല്ലാതെ വന്നതും ഉല്‍പ്പന്നങ്ങള്‍ വില്ക്കുമ്പോള് കര്‍ഷകര്‍ക്ക് മുടക്കുമുതല്‍ പോലും കിട്ടാതിരിക്കുകയും ഇടനിലക്കാര്‍ കൊള്ളലാഭം നേടുകയും ചെയ്യുന്ന ഒരവസ്ഥ വന്നപ്പോഴാണ് ഒരു കര്‍ഷക കൂട്ടായ്മ എന്ന ആശയം വന്നത്. ഇതു പ്രകാരം കര്‍ഷകര്‍ക്ക് നേരിട്ട് ഉപഭോക്തതാക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും കഴിയും. ഈ കൂട്ടായ്മ വഴി പച്ചക്കറികള്‍, മുട്ട, പാല്, കൂണ്, പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാം വില്‍പ്പന നടത്തുന്നു. പൊതുവിപണിയില്‍ ഉള്ളതിനേക്കാള്‍ വില ഇതുവഴി കര്‍ഷകര്‍ക്ക് ലഭിക്കുന്നു. വീടുകളില്‍ കൃഷി ചെയ്യുന്നവര്‍ക്കും പ്രയോജനം ചെയ്യുന്നു.
നന്ദിയോട് പഞ്ചായത്തിലെ ഏറ്റവും നല്ല രീതിയില്‍ കൃഷി ചെയ്യുന്ന പത്തു കര്‍ഷകര്‍ അടങ്ങിയ കൂട്ടായ്മയാണ് ഗ്രാമാമൃതത്തില് ഉള്ളത്. ഇതിന്റെ പ്രസിഡന്റ് ബാലകൃഷ്ണന്റെയും സെക്രട്ടറി ശ്രീജിത്തിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇവരുടെ കൂട്ടായ്മയില്‍ 15 ഏക്കറോളം സ്ഥലത്തു കൃഷി ചെയ്യുന്നു. നാലു വര്‍ഷം ജൈവ ഗ്രാമം അവാര്‍ഡ് വാങ്ങിയ പഞ്ചായത്തു കൂടിയാണ് നന്ദിയോട് പഞ്ചായത്ത്. ഇതിന്റെ സെക്രട്ടറി ശ്രീജിത്തിനെ അറിയപ്പെടുന്നത് തന്നെ ‘സഞ്ചരിക്കുന്ന ജൈവ അങ്ങാടി’ എന്നാണ്. മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന് ആയിരുന്ന ഇദ്ദേഹം അതെല്ലാം ഉപേക്ഷിച്ചാണ് പൂര്‍ണമായും കൃഷിയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം നട്ട് വിളയിച്ച ചോളം വിളവെടുപ്പ് വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
കൃഷി ഡയറക്ടര്‍ വാസുകിയുടെ പിന്തുണയില്‍ തിരുവനന്തപുരം മ്യൂസിയം, കരകുളം ഭാഗങ്ങളില്‍ ഇവര്‍ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനായി ‘സണ്‍ഡേ മാര്‍ക്കറ്റ്’ എന്നൊരു വിപണന കേന്ദ്രം സൗകര്യമാക്കി കൊടുത്തു. കടുത്ത ലോക് ഡൗണ്‍ നിയന്ത്രണം വന്നപ്പോള്‍ ഒഴിച്ചുള്ള ബാക്കി എല്ലാ ഞായറാഴ്ചകളിലും സണ്‍ഡേ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ കരകുളത്തു 79 സണ്‍ഡേ മാര്‍ക്കറ്റ് വിപണനം കഴിഞ്ഞു. കരകുളം റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ സന്തോഷ്, അന്നമ്മ ജോസഫ് എന്നിവരുടെ നേതൃത്വത്തിലും മറ്റ് അംഗങ്ങളുടെ സഹായത്താലുമാണ് ബില്ലിങ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്തുവരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇപ്പോള്‍ വിപണി പ്രവര്‍ത്തിക്കുന്നത്. ആവശ്യക്കാര്‍ വാട്സ്ആപ്പ് വഴി മെസേജ് അയച്ച് ആവശ്യപ്പെടുന്നവ കവറുകളില്‍ ആക്കി മുന്‍കൂട്ടി തയാറാക്കി വെച്ചാണ് കൊടുക്കുന്നത്. ഇതു കാരണം കടയില്‍ തിക്കുംതിരക്കും ഉണ്ടാകുന്നില്ല. സുരക്ഷിതമായി ഗുണമേന്മയുള്ള പച്ചക്കറിയുമായി മടങ്ങാം. ഇതിനു എല്ലാവിധ സഹായവും പിന്തുണയും കൃഷി ഡയറക്ടര്‍ വാസുകിയുടെ ഭാഗത്തുനിന്നും കര്‍ഷകര്‍ക്ക് ഉണ്ട്. കര്‍ഷകരുടെ കണ്ണീരിനു ഒരു സാന്ത്വനം ആണ് ഇത്തരം കൂട്ടായ്മകള്‍.
രജിത വെഞ്ഞാറമൂട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: