തിരുവനന്തപുരം: യുഎഇ കോണ്സുലേറ്റു വഴി ഖുര്‍ ആന്‍ പാഴ്സലായി വന്ന സംഭവത്തില്‍ സംസ്ഥാനത്തെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസിന്റെ സമന്‍സ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകള്‍ വന്നുവെന്ന് അറിയിക്കണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടവരില്‍ മന്ത്രി ജലീലിന്റെ അടക്കം ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ ബിഎസ്എന്‍എല്ലിനും കസ്റ്റംസ് സമന്‍സ് അയച്ചിട്ടുണ്ട്.
നയന്ത്രബാഗുകള്‍ക്ക് കസ്റ്റംസ് ക്ലിയന്‍സ് നല്കണമെങ്കില് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. നയതന്ത്രബാഗില്‍ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോണ്‍സുലേറ്റിന്റെ റിപ്പോര്‍ട്ടില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ഒപ്പിട്ടാല്‍ മാത്രമേ കസ്റ്റംസിന് ബാഗ് വിട്ടുനല്‍കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ നയന്ത്രപാഴ്സല്‍ വഴി മതഗ്രസ്ഥങ്ങള്‍ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവ് നല്‍കാനുള്ള സാക്ഷ്യപത്രം നല്‍കാനോ കഴിയില്ലെന്നാണ് ചട്ടങ്ങള്‍ പറയുന്നത്. എന്നിട്ടും എങ്ങനെ ബാഗ് പുറത്തേക്ക് പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഇക്കാര്യത്തിലാണ് പ്രോട്ടോകോള്‍ ഓഫീസറോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.
ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ വിതരണം ചെയ്തുവെന്ന് മന്ത്രി കെ.ടി.ജലീല്‍ വെളിപ്പെടുത്തിയിരുന്നു. സി-ആപ്റ്റില്‍ നിന്നും ചില പാഴ്സലുകള്‍ പുറത്തേക്ക് പോയതിലെ ദുരൂഹത തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇക്കാര്യത്തിലാണ് കസ്റ്റംസ് കുരുക്ക് മുറുക്കുന്നത്.
തന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കയറ്റി അയച്ചത് ഖുര്‍ ആര് പൊതികളായിരുന്നെന്ന ജലീലിന്റെ കള്ളം യുഎഇ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പൊളിച്ചിരുന്നു. 250 പെട്ടികളാണ് സിആപ്റ്റില്‍ എത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ തേടിയാണ് കസ്റ്റംസ് ജലീലിനെ ചോദ്യം ചെയ്യുക. ഇത്രയധികം ഖുര്‍ ആന്‍ എന്തിനാണ് സി ആപ്റ്റില്‍ എത്തിച്ചതെന്ന അന്വേഷണമാണ് കസ്റ്റംസ് നടത്തിയത്. മാത്രമല്ല, ഈ കൈമാറ്റം നടന്ന ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ജലീല്‍ ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടിരുന്നു. ഇതെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. മലപ്പുറത്തേക്ക് പോയ വാഹനങ്ങളില്‍ ഒരെണ്ണം ബംഗളൂരുവിലേക്ക് പോയെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുകയെന്നത് യു.എ.ഇ. സര്‍ക്കാരിന്റെ നയമല്ലെന്നും സൗദി അറേബ്യ ആ രാജ്യത്തിന്റെ മതപരമായ പ്രത്യേകതകൊണ്ട് മാത്രം ഖുര്‍ ആന്‍ അയക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ.ക്ക് അത്തരം നയമില്ല. കേരളത്തിലെ കോണ്‍സുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്നും യുഎഇ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കിയിട്ടുണ്ട്.
മതഗ്രന്ഥങ്ങളുടെ ഇറക്കുമതി നടന്നിട്ടില്ല എന്ന കസ്റ്റംസ് റിപ്പോര്‍ട്ടിലെ വാര്‍ത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചതിനു പിന്നാലെയാണ് സത്യം വെളിപ്പെടുത്തി യുഎഇ ഉദ്യോഗസ്ഥന് രംഗത്തെത്തിയത്. യു.എ.ഇ. കോണ്‍സുലേറ്റ് അയച്ച വിശുദ്ധ ഖുര്‍ആന്‍ അടങ്ങുന്ന പാക്കറ്റുകള്‍ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിപ്പുണ്ടെന്നായിരുന്നു ജലീലിന്റെ ന്യായീകരണം. എന്നാല്‍, മതഗ്രന്ഥങ്ങള്‍ അയക്കുന്നത് യുഎഇയുടെ നയമല്ലെന്ന് വ്യക്തമായതോടെ ആ പാക്കറ്റുകള്‍ എന്താണെന്ന ദുരൂഹത ഏറിയിരുന്നു.
നേരത്തെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂര്‍ക്കാവിലെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയ്നിങി(സി-ആപ്റ്റ്)ല്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. ഇതില്‍ നിന്ന് മതഗ്രന്ഥങ്ങളൊന്നും ഇവിടേക്ക് എത്തിച്ചതായുള്ള തെളിവുകള്‍ ഒന്നും ലഭിച്ചില്ല. എന്നാല്‍, രേഖകളില്‍ ഉള്‍പ്പെടാത്ത ചില പാഴ്സലുകള്‍ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അതേസമയം, ഈ വാഹനം മൂവാറ്റുപുഴയില്‍ ചില പാഴ്സലുകള്‍ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: