ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു പ്രവാചകനെതിരെ പോസ്റ്റിട്ടെന്ന് ആരോപിച്ച് ബെംഗളൂരുവില്‍ കനത്ത പ്രതിഷേധം. പുലാകേശിനഗര് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീടിന് മുന്പില് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
എംഎല്‍എയുടെ ബന്ധുവായ പി. നവീന്‍ എന്നയാളിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ പ്രകോപിതരായ ഇരുപതോളം ആളുകള്‍ ശ്രീനിവാസ് മൂര്‍ത്തിയുടെ കാവല്‍ ബൈരസന്ദ്രയിലെ വീട് ആക്രമിച്ചതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം. എംഎല്‍എയുടെ വീടിനു തീയിട്ട ജനക്കൂട്ടം പോലീസ് സ്റ്റേഷന് ആക്രമിച്ചു. പിന്നീട് തീയിടാന്‍ ശ്രമിച്ചതോടെ പോലീസ വെടിവെയ്ക്കുകയായിരുന്നു.
കിഴക്കന്‍ ബെംഗൂരുവിലെ കെജി ഹള്ളി, ഡിജെ ഹള്ളി എന്നിവിടങ്ങളിള്‍ ചൊവ്വാഴ്ച രാത്രി ആണ് അക്രമം ഉണ്ടായത്. കൂടുതല്‍ പൊലീസുകാര്‍ എത്തുന്നതിനു മുമ്പ് ജനക്കൂട്ടം പോലീസ് വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് പോലീസ് സ്റ്റേഷന് കത്തിക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. നിരവധി പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
നിരവധി പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ കത്തിച്ചതോടെ കെഎസ്ആര്‍പി പ്ലറ്റൂണ്‍ രംഗത്തിറങ്ങി. അക്രമത്തില്‍ കെജി ഹള്ളി പൊലീസ് സ്റ്റേഷനു സമീപം 3 പേര് മരിക്കുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.
അതേസമയം തന്റെ സമൂഹമാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്ത ആരോ ആണ് പ്രകോപനപരമായ പോസ്റ്റ് ഇട്ടതാണെന്നാണ് നവീന്‍ അറിയിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ നവീന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: