കേരളത്തിലെ സംഘപരിവാര്‍ അംഗങ്ങളുടെ ഹൃദയങ്ങളില്‍ അരനൂറ്റാണ്ടിലേറെക്കാലം മായാത്ത മുദ്ര പതിപ്പിച്ച രണ്ടു പേര് അടുത്ത ദിവസങ്ങളില്‍ അന്തരിച്ച വിവരം ലഭിച്ചപ്പോള്‍, അവര്‍ സൃഷ്ടിച്ച വിടവ് ഓര്‍മിച്ച് സ്തംഭിച്ചു പോയി. രസിക്കാത്ത സത്യങ്ങള്‍ അടക്കം ആറു മലയാള നോവലുകള്‍ എഴുതിയ ടി. സുകുമാരന്‍ മൂന്നാം തീയതി തിങ്കളാഴ്ചയാണന്തരിച്ചത്. കേസരി വാരികയുടെ പത്രാധിപരായിരുന്ന പി.കെ. സുകുമാരന്‍ ബുധനാഴ്ചയും. ഇരുവരുടെയും പ്രവര്‍ത്തന ക്ഷേത്രം കോഴിക്കോടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ആ വിടവു നികത്താനാവില്ല. അക്ഷരങ്ങളുടെ പ്രപഞ്ചത്തിന്റെ വൈവിധ്യമാര്‍ന്ന രംഗങ്ങള്ക്കപ്പുറത്തും തങ്ങളുടെ വ്യക്തിത്വവും ആദര്‍ശ ദാര്‍ഢ്യവും അവര്‍ പ്രയോഗിച്ചിരുന്നു.
1960 കളില്‍ കേസരി വാരികയിലെ ചെറുകഥാകാരനെന്ന നിലയിലാണ് ടി. സുകുമാരനെ പരിചയപ്പെടുന്നത്. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ഔപചാരികവും സംഘടിതവുമായ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ചിരുന്നില്ലെങ്കിലും ഇടയ്ക്കിടെ ദത്തോപന്ത് ഠേംഗ്ഡിയുടെ സന്ദര്‍ശനവേളയില്‍ ചില ഓട്ട് കമ്പനികളിലും നെയ്ത്ത് വ്യവസായശാലകളിലും ബിഎംഎസിന്റെ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ടി. സുകുമാരന്‍, സുകുമാര മേനോക്കി, പി. എന്‍. ഗംഗാധരന് തുടങ്ങിയ ചിലര്‍ അതിന്റെ പ്രവര്‍ത്തകരായും ഉണ്ടായിരുന്നു. ജനസംഘ പ്രവര്‍ത്തനത്തിന് ഈ ലേഖകന്‍ നിയോഗിക്കപ്പെട്ട് കോഴിക്കോട്ടെത്തിയപ്പോഴാണ് ടി. സുകുമാരനെ പരിചയപ്പെട്ടത്.
ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനം കോഴിക്കോട്ടു നിശ്ചയിക്കപ്പെട്ടപ്പോള്‍ അതിന്റെ ഏര്‍പ്പാടുകള്‍ക്ക് ഏത് സ്വയംസേവകന്റെ സേവനവും ലഭ്യമാക്കാന്‍ ഭാസ്കര്‍ റാവുജി അനുവദിച്ചു. സമ്മേളനത്തിന്റെ ഭാഗമായ ശോഭയാത്രയാണ് ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ചത്. അതിന്റെ സംഘടനാ ചുമതല ഏറ്റെടുക്കണമെന്ന വിവരം പറയാന്‍ പരമേശ്വര്‍ജി ടി. സുകുമാരന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോയപ്പോള്‍ എന്നെയും കൂട്ടിയിരുന്നു. അതേറ്റെടുത്ത സുകുമാരന്‍ കുറ്റമറ്റ ആസൂത്രണം ചെയ്തു. ഓരോ സ്ഥലത്തുനിന്നു വരുന്നവര്‍ എവിടെ സമ്മേളിക്കണം, എന്തൊക്കെ കരുതലുകള്‍ വേണം എന്നൊക്കെ അതത് ജില്ലകളില്‍ ചെന്ന് വിശദമായി ധരിപ്പിച്ചു. മറ്റു ജില്ലകളില്‍ നിന്നു വരുന്നവര്‍ പതിനാറു കി.മീ. അകലെയുള്ള സ്ഥലത്ത് സമ്മേളിച്ച് കാല്‍നടയായിട്ടായിരുന്നു കോഴിക്കോട്ടെത്തേണ്ടത്. ഭക്ഷണവും കരുതേണ്ടിയിരുന്നു. പ്ലാക്കാര്‍ഡുകളും പതാകകളും അവര്‍ക്കവിടെ എത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തു. വയനാട്ടില്‍ നിന്ന് വനവാസികളുടെ തനത് കലാ രൂപങ്ങള്‍ക്ക് വ്യവസ്ഥ ചെയ്തു. ഓരോയിടത്തുനിന്നുള്ള ജാഥകള്‍ പ്രധാന ഘോഷയാത്രയില്‍ ചേരേണ്ട സ്ഥാനങ്ങളും സമയവും നിശ്ചയിക്കപ്പെട്ടിരുന്നു. അഖിലഭാരത തലത്തില്‍ ഘോഷയാത്രയുടെ ചുമതല വഹിച്ച നാനാജി ദേശ്മുഖ് സംഘാടനത്തിന്റെ വിജയത്തെക്കുറിച്ചു സംശയാലുവായെങ്കിലും സുകുമാരന്‍ തയ്യാറാക്കിയ ചാര്‍ട്ട് നോക്കി, ഓരോ പോയിന്റില്‍ പരിശോധിച്ചപ്പോള്‍ അതീവ സംതൃപ്തനായി.
പത്രങ്ങള്‍ അവരുടെ സരസ്വതീ വിലാസം മുഴുവന്‍ പ്രയോഗിച്ച് ഘോഷയാത്രയെ വിവരിച്ചു. ”ഉത്തരേന്ത്യയില്‍ മാത്രം ജനസമ്പര്‍ക്കം പുലര്‍ത്തിയ ജനസംഘം ഇന്ത്യയുടെ തെക്കേ അറ്റത്ത് കേരളത്തില്‍ നടത്തിയ ശക്തി പ്രകടനം കൂടിയായിരുന്നു ഊര്‍ജസ്വലമായ ഊക്കല് പ്രകടനം. അങ്ങകലെ ഹിമാലയത്തില്‍നിന്നുത്ഭവിച്ച് ഉത്തരേന്ത്യയിലൊഴുകുന്ന ഗംഗ ഗതിമാറി ദക്ഷിണേന്ത്യയിലേക്ക് കുതിച്ചോട്ടം നടത്തുന്നതുപോലെ കാണപ്പെട്ടു” എന്നു മാതൃഭൂമി എഴുതി.
തന്റെ ആസുത്രണ മികവ് ഏര്‍പ്പെട്ട ഏതു കാര്യത്തിലും ടി. സുകുമാരന്‍ പുലര്‍ത്തി. സാഹിത്യരംഗത്തെ നീക്കങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. ഭാരതവിഭജനവും, തുടര്‍ന്നു കിഴക്കന്‍ ബംഗാളിലെ ഹൈന്ദവര്‍ക്ക് നേരിടേണ്ടിവന്ന നരകയാതനകളും പശ്ചാത്തലമാക്കി അഞ്ഞൂറു പുറങ്ങളുള്ള ചരിത്രാഖ്യായികയാണ് അദ്ദേഹം കേസരി വാരികയിലൂടെ പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുത്ത വിഷയവും സംഭവ ബാഹുല്യവുംകൊണ്ട് അന്യാദൃശമായ നോവല്‍. ആ കാലഘട്ടത്തെപ്പറ്റി യശ്പാല്‍, രാഹുല്‍ സാംകൃത്യായന്‍, സുദര്ശന് മുതലായ പല പ്രശസ്തരും നോവലുകളെഴുതിയിട്ടുണ്ട്. അവ ഉത്തമ സാഹിത്യകൃതികളായി വാഴ്ത്തപ്പെടുകയും ചെയ്തു. അവരൊക്കെ അക്കാദമിക മികവും രാഷ്ട്രീയ സ്വാധീനവും ഉള്ളവരായിരുന്നു. ടി. സുകുമാരനാകട്ടെ പഴയ മദിരാശി സംസ്ഥാനത്തെ എലിമെന്ററി വിദ്യാഭ്യാസമേ ലഭിച്ചിരുന്നുള്ളൂ. ഏഴാം ക്ലാസ് പഠിപ്പുള്ള താണജാതിക്കാരന് ഇത്ര വലിയ നോവല്‍ എഴുതാനുള്ള അഹങ്കാരമോ എന്നായിരുന്നു മലയാള സാഹിത്യ മേലാളന്മാരുടെയും മാടമ്പിമാരുടെയും മനോഭാവം! വിഭജനകാല ബംഗാള്‍ മാത്രമല്ല, ബീഹാറും സെന്‍ട്രല്‍ പ്രോവിന്‍സും പഞ്ചാബും പശ്ചിമേഷ്യയും കേരളവും മുംബൈയും ഈജിപ്തും രസിക്കാത്ത സത്യങ്ങളിലെ രംഗഭൂമിയാകുന്നുണ്ട്. നീറുന്ന സമകാലീന പ്രശ്നങ്ങളെ വിശാലമായ രാജ്യാന്തര ക്യാന്‍വാസിലാണ് സുകുമാരന്‍ ചിത്രീകരിച്ചത്.
കോഴിക്കോട്ടെ ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് രസിക്കാത്ത സത്യങ്ങളുടെ അഞ്ചുപതിപ്പുകള്‍ പുറത്തിറക്കി. 1960 ലെ ചീനയുടെ തിബത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹിമവാന്റെ മകള്‍, അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ വിഷയമാക്കി തളരാത്ത യാഗാശ്വങ്ങള്‍, മാപ്പിളലഹളയുടെ അന്തരീക്ഷത്തില്‍ ബലിമൃഗങ്ങള്‍ എന്നീ നോവലുകളും കേസരിയില്‍ പ്രസിദ്ധീകരിച്ചു. വയറിനുവേണ്ടി (സാമൂഹ്യം) ജന്മദുഃഖം (ആത്മീയം) എന്നീ പുസ്തകങ്ങളും എഴുതി.
കണ്ണൂര്‍ ജില്ലയില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെ പശ്ചാത്തലമാക്കിക്കൊണ്ട് ഒരു നോവലെഴുതാനും സുകുമാരന്‍ ആഗ്രഹിച്ചിരുന്നു. ആ ലക്ഷ്യത്തോടെ അദ്ദേഹം കണ്ണൂരില്‍ കുറെ സഞ്ചരിക്കുകയും ചെയ്തു.
1950 മുതല്‍ സംഘ സ്വയംസേവകനായിരുന്നു. പരിവാര്‍ പ്രസ്ഥാനങ്ങളുടെയൊക്കെ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന്റെ മുന്‍നിരയില്‍ സുകുമാരനുണ്ടായിരുന്നു. ഗോവ വിമോചന സമരത്തില്‍ പങ്കെടുക്കാന്‍ മലബാറില്‍നിന്ന് പോയ അഞ്ച് പേരില്‍ ടി. സുകുമാരനുണ്ടായിരുന്നു. എ.കെ. ശങ്കരമേനോന്, ഇ.പി. ഗോപാലന്, ടി. ഗോവിന്ദന്, പി. സുകുമാരന്‍ എന്നിവരായിരുന്നു മറ്റു സത്യഗ്രഹികള്‍. അവരെ കോഴിക്കോട് സ്റ്റേഷനില്‍ യാത്രയയ്ക്കാന്‍ സംഘ-ജനസംഘ പ്രവര്‍ത്തകര്‍ക്കു പുറമേ കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനും എത്തി. പറങ്കിപ്പട്ടാളത്തിന്റെ മര്ദ്ദനമനുഭവിച്ചശേഷം അവര്‍ വിട്ടയയ്ക്കപ്പെടുകയായിരുന്നു.
ഏറ്റവും പ്രതിസന്ധി മൂര്‍ച്ചിച്ച ഘട്ടത്തില്‍ കേസരി വാരികയെ നിലനിര്‍ത്തിയതില്‍ പി.കെ. സുകുമാരന്‍ പ്രദര്‍ശിപ്പിച്ച ധൈര്യവും പ്രത്യുല്‍പ്പന്ന മതിത്വവും അവിസ്മരണീയമായിരുന്നു. കേസരി ആഫീസാകട്ടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെത്തുടര്‍ന്നു പോലീസുകാര്‍ റെയ്ഡ് നടത്തി കുറുക്കന് പാഞ്ഞ വെള്ളരിക്കണ്ടം പോലെ താറുമാറാക്കിയിരുന്നു. ടെലഫോണ്‍ അവര്‍ എടുത്തുകൊണ്ടുപോയി. ഒന്നുരണ്ടു മാസം കഴിഞ്ഞ്, ഒളിവിലായിരുന്ന ഭാസ്കര്‍ റാവുജിയുടെയും മറ്റും ഉപദേശത്തില്‍, കെ.പി. കേശവമേനോനെപ്പോലെയുള്ള പ്രമുഖരുടെ ഉപദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും, വാരിക നിരോധിച്ചിട്ടില്ലാത്തതിനാല്‍ വീണ്ടും പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന പ്രത്യാശയുണ്ടാകുകയും ചെയ്തു. പത്രമാരണച്ചട്ടങ്ങളും പ്രീസെന്സര്ഷിപ്പുംഉണ്ടായിരുന്നു. സെന്‍സറിങ് ഓഫീസറെ പോയികണ്ട് ക്രമേണ അനുകൂലാന്തരീക്ഷം സൃഷ്ടിച്ചു. അടുത്ത ഗുരുജി ജയന്തിക്ക് അദ്ദേഹത്തെക്കുറിച്ച് ഒരുലേഖനം തയ്യാറാക്കി സെന്‍സറിങ് ഓഫീസറെ കാണിച്ച് അനുമതി വാങ്ങി പ്രസിദ്ധീകരിച്ചത് സകലര്‍ക്കും വിസ്മയമായി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ ഗൂഢോദ്ദേശം തന്നെ സംഘത്തെ തകര്ക്കുകയായിരുന്നിട്ടും കേസരിയില്‍ ഫോട്ടോ സഹിതമാണ് ഗുരുജിയെപ്പറ്റി ലേഖനം വന്നത്. അടിയന്തരാവസ്ഥയില്ത്തന്നെ കേസരിയുടെ 25-ാം വാര്‍ഷികത്തിന് ഗംഭീരമായി രജതജയന്തി ആഘോഷം നടത്തിയതിന്റെ ഭാരവും സുകുമാരന്റെതായി.
തന്റെ ഉദ്യമശീലംകൊണ്ട് കോഴിക്കോട്ടെ പൊതുജീവിതത്തില്‍ ഉന്നതസ്ഥാനം സുകുമാരനെത്തേടിയെത്തി. വിശേഷിച്ചും സാമൂഹ്യ, ആത്മീയ പരിപാടികളില്‍. പാഞ്ചജന്യ ഹിന്ദി വാരികയുടെ സുവര്‍ണ ജയന്തി ആഘോഷത്തില്‍ അതിന്റെ നടത്തിപ്പുകാരില്‍ ഒരാളായിരുന്നു സുകുമാരന്‍. ജന്മഭൂമിയെ പ്രതിനിധീകരിച്ച് ആ പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം പോകാന്‍ എനിക്കും അവസരം ലഭിച്ചു. അദ്വാനിജിയുടെ ആത്മകഥയായ ‘മൈ കണ്ട്രി മൈ ലൈഫ്’ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നു. ചിന്മയാനന്ദ സ്വാമിജിയുടെ അവസാന ഗീതാജ്ഞാന യജ്ഞം പൂര്‍ണമായി കേസരിക്കുവേണ്ടി റിപ്പോര്‍ട്ടു ചെയ്യാന്‍ അദ്ദേഹം ദല്‍ഹിക്കു പോയിരുന്നു.
ഓര്‍ഗനൈസര്‍ പത്രാധിപര്‍ കെ.ആര്. മല്‍ക്കാനിയുടെ ‘ആര്‍എസ്എസ് സ്റ്റോറി’യുടെ മലയാള വിവര്‍ത്തനം സുകുമാരന്റെതാണ്, കുരുക്ഷേത്ര പ്രസിദ്ധീകരിച്ചത്. സ്വയംസേവകര്‍ വായിച്ചിരിക്കണമെന്നു തോന്നുന്ന എന്തും എവിടെ നിന്നെടുത്തതായാലും കേസരിയില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചുകൊടുക്കണമെന്നദ്ദേഹം എന്നോട് നിര്‍ദ്ദേശിച്ചിരുന്നു.
സുകുമാരദ്വയങ്ങളെക്കുറിച്ച് എത്ര എഴുതിയാലും അവസാനിക്കില്ല എന്ന സ്ഥിതിയാണ് എനിക്ക്. അവരുടെ ആത്മാക്കള്‍ക്ക് സദ്ഗതി നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: