തൃശൂര്‍: ജില്ലയില്‍ കഴിഞ്ഞ മൂന്നു ദിവസമായുള്ള കനത്ത മഴയ്ക്ക് നേരിയ ശമനമായത് ജനങ്ങള്‍ക്ക് ആശ്വാസമായി. ജില്ലയില്‍ ഇന്നലെ പരക്കേ അതിശക്തമായ മഴയുണ്ടായില്ല. ഇടവിട്ട സമയങ്ങളില്‍ മഴ പെയ്തെങ്കിലും താരതമ്യേനേ കുറവായിരുന്നു. ചിലയിടങ്ങളില്‍ കാര്യമായി മഴ പെയ്തുമില്ല.
കനത്ത മഴ ഒഴിഞ്ഞതിനെ തുടര്‍ന്ന് ജില്ലയില്‍ ആശങ്ക കുറഞ്ഞെങ്കിലും പലയിടങ്ങളിലും വ്യാപക കൃഷിനാശവും വെള്ളക്കെട്ടും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. കാലവര്‍ഷം കുറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ തോരാമഴയില്‍ തീരദേശ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരുടെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
പുഴയ്ക്കലില്‍ ബണ്ടു പൊളിച്ചതോടെ തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ട് ഒഴിഞ്ഞു. അടാട്ട്, ഏനാമാവ് ഭാഗത്തേക്ക് വെള്ളം ഒഴുകി പോയി തുടങ്ങി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമനുസരിച്ചാണ് പുഴയ്ക്കലിലെ ബണ്ടു പൊളിച്ചു നീക്കിയത്. ഇതോടെ നഗരത്തിലെ ചെമ്പൂക്കാവ്, കുണ്ടുവാറ, ചേറൂര്, പെരിങ്ങാവ്, വിയ്യൂര്‍ ഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിഞ്ഞു. നഗരത്തിലെ വെള്ളക്കെട്ടിന് കാരണമായ പുഴയ്ക്കലിലെ ബണ്ട് പൊളിക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കിയിരുന്നു.
ബണ്ടു പൊളിക്കാന്‍ നേതൃത്വം നല്‍കാനെത്തിയ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളെ നാട്ടുകാര്‍ തടഞ്ഞു. പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. മഴയ്ക്ക് ശമനമായതോടെ ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയീസ് ഗേറ്റ് ഇന്നലെ വൈകീട്ട് അടച്ചു. ഒരു സ്ലൂയീസ് ഗേറ്റിലൂടെ ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്. ക്രസ്റ്റ് ഗേറ്റുകള്‍ വഴി ജലം വിടുന്നില്ല. ചാലക്കുടി പുഴയിലെ ജലനിരപ്പ് രണ്ടടി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ പ്രളയദുരിതത്തെ കണക്കിലെടുത്ത് ഈവര്‍ഷം പ്രളയമോ, മഴക്കാലക്കെടുതികളോ സംഭവിക്കുകയാണെങ്കില്‍ അതിജീവിക്കുന്നതിനായി കോര്പ്പറേഷന് സജ്ജമാക്കിയിട്ടുള്ള പ്രളയപ്രതിരോധ പ്രവര്‍ത്തന സന്നാഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അയ്യന്തോള്‍ സോണല്‍ ഓഫീസില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ സന്ദര്‍ശനം നടത്തി.
കേരളാതീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 വരെ കി.മീ. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. അതിനിടെ അറബിക്കടലില്‍ കാലവര്‍ഷ കാറ്റിന്റെ ശക്തി കുറയാന്‍ തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. അടുത്ത 5 ദിവസങ്ങളില്‍ കാലവര്‍ഷ കാറ്റ് ദുര്‍ബലമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് മുന്നറിയിപ്പ്. നാളെ മുതല്‍ മഴ കുറയും.
ചാവക്കാട്: വെള്ളക്കെട്ട് രൂക്ഷമായ ചാവക്കാട് താലൂക്കില്‍ ഏഴ് ക്യാമ്പുകള്‍ ആരംഭിച്ചു. മണത്തല, വാടാനപ്പള്ളി, വടക്കേക്കാട്, തളിക്കുളം, പുന്നയൂര്‍ക്കുളം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. തീരദേശ മേഖലകളിലും പാടശേഖര പ്രദേശങ്ങളിലുമാണ് വെള്ളം കയറി വീടുകള്‍ ഒറ്റപ്പെട്ടത്. പുന്നയൂര്‍ക്കുളത്ത് പരൂര് പാടശേഖരങ്ങളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ഉപ്പുങ്ങല്‍, പരൂര്, കുണ്ടനി, മാവിന്‍ച്ചുവട്, ചമ്മന്നൂര്‍ പ്രദേശങ്ങളിലെ വീടുകള്‍ വെള്ളക്കെട്ടിലായി. ആല്‍ത്തറ കുണ്ടനി പ്രദേശത്ത് വെള്ളം കയറി 10 കുടുംബങ്ങളെ രാമരാജ സ്കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെമ്പാടും കൃഷി നാശമുണ്ടായിട്ടുണ്ട്. മഴക്കെടുതി മൂലം ഉണ്ടായിട്ടുള്ള കൃഷി നാശം വിലയിരുത്തി ആവശ്യമായ ധനസഹായം പ്രഖ്യാപിക്കാന്‍ നടപടിയെടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
മണ്ണുത്തി: കോര്പ്പറേഷന് 16 ാം ഡിവിഷനില്‍ മണ്ണുത്തി പൈപ്പ് ലൈന്‍ റോഡില്‍ വെള്ളക്കെട്ട് മൂലം വീട്ടുകാര്‍ ദുരിതത്തില്‍. ഓട്ടോ ഡ്രൈവറായ തിരുത്തിന്മേല് പ്രിയന്റെ വീട് വെള്ളത്താല്‍ ചുറ്റപ്പെട്ടു. അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. വീട് വെള്ളത്തില്‍ പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. ഡിവിഷന് കൗണ്‍സിലറെ വിവരം അറിയിച്ചിട്ടും വെള്ളക്കെട്ട് നീക്കാന്‍ നടപടിയെടുത്തിട്ടില്ലെന്ന് പ്രിയന് പറഞ്ഞു. ദിവസങ്ങളായി തുടരുന്ന ദുരിതാവസ്ഥ അറിയിച്ചിട്ടും കോര്പ്പറേഷന് അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരിസരവാസികള്‍ പരാതിപ്പെട്ടു.
കൈപ്പമംഗലം: മേഖലയില്‍ നിരവധി സ്ഥലങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. വീടുകളിലും റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. പെരിഞ്ഞനം ഈസ്റ്റ് പെരിങ്ങാട്ട് ഷാജിയുടെ വീട്ടില്‍ വെള്ളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: