തിരുവനന്തപുരം: ഐരാണിമുട്ടം ഹോമിയോ കോളേജിനെ കൊറോണ ആശുപത്രിയാക്കാനുള്ള സര്‍ക്കാര്‍ നീക്കം കോളേജ് പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകും. ഇപ്പോള്‍ തന്നെ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കിയതോടെ ഹോമിയോ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. കൊറോണആശുപത്രിയാക്കിയാല് വിദ്യാര്‍ഥികളുടെ പഠനത്തിന് മങ്ങലേല്‍ക്കുന്നതിന് പുറമെ വരുംകാലത്ത് ഹോമിയോ വിദ്യാര്‍ഥികളുടെ എണ്ണവും കുറയുമെന്നുതാണ് വസ്തുത.
കൊവിഡ് രോഗത്തില്‍ പ്രാഥമിക ചികിത്സ വേണ്ടവരെ അവരുടെ വീടുകളില്‍ ചികിത്സ ഒരുക്കാമെന്ന തീരുമാനത്തിലാണ് കൊവിഡ് തീവ്രതയുള്ള രോഗികള്‍ക്കായി ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളേജിനെ കൊവിഡ് ആശുപത്രിയാക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ വിദ്യാര്‍ഥികളുടെ പഠനത്തോടൊപ്പം കൊറോണ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമുണ്ടോയെന്നതുപോലും മുഖവിലയ്ക്കെടുക്കാതെയാണ് സര്‍ക്കാര്‍ നടപടി വരുന്നത്. ഇപ്പോള്‍ തന്നെ കൊറോണ രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്കുന്ന ആശുപത്രിയാക്കിയപ്പോള്‍ കടുത്ത പ്രതിസന്ധിയാണ് കോളേജ് നേരിടുന്നത്. നാല്പതോളം അധ്യാപകര്‍, പാരാമെഡിക്കല്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ ജോലിക്കെത്തേണ്ടതുണ്ട്. എന്നാല്‍ ഇവര്ക്കിരിക്കാനുള്ള സൗകര്യം പോലും നിലവിലെ അവസ്ഥയില്‍ കോളേജിലില്ല. എല്ലാ വിഭാഗങ്ങളിലും കൊവിഡ് രോഗികളെ കിടത്തിയിരിക്കുകയാണ്.
കോളേജിന്റെ പ്രവര്‍ത്തനം നോക്കുമ്പോള്‍ നാല് ബാച്ചുകളിലായി 60 പേരടങ്ങുന്ന ബിഎച്ച്എംഎസ് വിദ്യാര്‍ഥികള്‍, ഇന്റേണ്‍ഷിപ്പിനുള്ള 55 പേര്, പിജിക്ക് 60 പേര് എന്നിവരാണ് ഇവിടെയുള്ളത്. ജൂലൈ 27 ന് നടക്കേണ്ട ബിഎച്ച്എംഎസ് പരീക്ഷ മാറ്റിവെച്ചു. ആശുപത്രി പ്രദേശങ്ങള്‍ കണ്ടെയിന്മെന്റ് സോണ്‍ പരിധിയിലായതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. ഇനി ഇത് എന്ന് നടക്കുമെന്നതിന് പോലും വ്യക്തതയില്ല. മാത്രവുമല്ല ഒന്നും രണ്ടും മൂന്നും അവസാന വര്‍ഷത്തേയും ബിഎച്ച്എംഎസ് പരീക്ഷകളും പാര്‍ട്ട് ത്രീ എംഡി പരീക്ഷകളും നടന്നിട്ടില്ല. കൊവിഡ് ആശുപത്രിയാക്കിയാല്‍ ഈ പരീക്ഷകളൊക്കെ നീളുമെന്നതിന് പുറമെ നിലവിലുള്ള കോഴ്സുകള്‍ പോലും സമയബന്ധിതമായി തീരില്ല. അങ്ങനെ സംഭവിച്ചാല്‍ ഇവിടെ പഠനം പൂര്‍ത്തിയായി ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സമയബന്ധിതമായ തടസ്സങ്ങള്‍ ഏറെയായിരിക്കും. ഭാവിയില്‍ ഹോമിയോ വിദ്യാര്‍ഥികളുടെ എണ്ണം കുറയാനും സാധ്യതയുണ്ട്. മാത്രവുമല്ല കൊറോണ രോഗികളെ അഡ്മിറ്റ് ചെയ്തതോടെ സ്ഥിരം ഹോമിയോ ചികിത്സ തേടുന്ന രോഗികളുടെ എണ്ണവും ഇവിടെ കുറഞ്ഞു. കഴിഞ്ഞ ആറു മാസം മുമ്പ് 500 മുതല്‍ 750 രോഗികള്‍ വരെ പ്രതിദിനം ഇവിടെ ചികിത്സ തേടിയിരുന്നു. ഇപ്പോള്‍ അത് 50 നും 55 നും ഇടയില്‍ ഒതുങ്ങുകയാണ് ചെയ്യുന്നത്. പലരും കൊറോണ പകരുമെന്ന ഭീതിയിലാണ് എത്താത്തത്. ചിലര്‍ ഹോമിയോ ചികിത്സ നിര്‍ത്തിയെന്ന നിലയിലും കരുതുകയാണ് ചെയ്യുന്നത്. അതേസമയം കോളേജിന് സമീപത്ത് ഹോമിയോ പ്രാഥമികാരോഗ്യ കമ്മ്യൂണിറ്റി സെന്ററുണ്ട്. ഇവിടെ 100 കിടക്കകളുമുണ്ട്. അത്യാവശ്യ ചികിത്സയ്ക്ക് വേണ്ട മറ്റ് ചില സൗകര്യം കൂടിയൊരുക്കിയാല്‍ ഇവിടം കൊവിഡ് ആശുപത്രിയെന്ന നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ അതിന് മുന്‍ഗണന നല്‍കുന്നില്ല.
കൊവിഡ് പ്രാഥമിക ചികിത്സയ്ക്കായി ഇവിടം മാറ്റിയപ്പോള്‍ രോഗികളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് മാറ്റമുണ്ടാകുമെന്നും മെഡിക്കല്‍ കോളേജായി പ്രവര്‍ത്തിക്കാനും കഴിയുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വാഗ്ദാനങ്ങളൊക്കെ കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റൊരു മെഡിക്കല്‍കോളേജിലും കോളേജുമായി ബന്ധപ്പെടുത്തി കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം പ്രവര്‍ത്തിക്കുന്നില്ല. ഐരാണിമുട്ടത്ത് മാത്രമാണ് കോളേജിനെ കോവിഡ് പ്രാഥമിക ചികിത്സയ്ക്കായി മാറ്റിയത്. അതേസമയം ഐരാണിമുട്ടത്ത് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയാല്‍ ഹോമിയോ ചികിത്സയ്ക്കായി ഇവിടെ രോഗികളുണ്ടാവില്ല. കോളേജില്‍ വിദ്യാര്ഥികളുമുണ്ടാകില്ല. ഇതോടെ ഹോമിയോ മെഡിക്കല്‍ കോളേജ് എന്നത് പേരില്‍ മാത്രം ഒതുങ്ങും.
രാജേഷ് ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: