തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആരംഭിച്ച ഓണ്‍ലൈന്‍ പഠനം വിദ്യാര്‍ഥികള്‍ക്ക് ഭാരമാകുകയാണ്. ക്ലാസുകളുടെ സമയദൈര്‍ഘ്യവും അമിത ഹോംവര്ക്കുകളുമാണ് കുട്ടികളെ മുഷിപ്പിക്കുന്നത്. കൂടുതലും അണ് എയ്ഡഡ് സിബിഎസ് ഇ സ്കൂളുകളിലെ കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം വിരസമാകുന്നത്. തങ്ങള്‍ കുട്ടികളെ കാര്യമായി പഠിപ്പിക്കുന്നു എന്ന് ബോധ്യം വരുത്താനുള്ള സ്കൂള്‍ അധികൃതരുടെ ശ്രമമാണ് കുട്ടികള്‍ക്കു ദോഷമായി മാറുന്നത്.
ഓണ്‍ലൈന്‍ പഠനത്തിന് സിബിഎസ്സിയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടും അതൊന്നും പാലിക്കപ്പെടാതെയാണ് പല അണ് എയ്ഡഡ് സ്കൂളുകളും ഓണ്‍ലൈന്‍ പഠനം നടത്തുന്നത്. ഒന്നു മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് 45 മിനിട്ടിന്റെ രണ്ടു സെഷനും 9 മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 45 മിനിട്ടിന്റെ 4 സെഷനുകള്‍ നടത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികം സമയമാണ് പല സ്കൂളുകളും ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുന്നത്. ചില പ്രമുഖ സ്കൂളുകളില്‍ രാവിലെ 8.45ന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ പഠനം ഉച്ചയ്ക്ക് 11.45 വരെ നീളും. ഇടയ്ക്ക് 10 മിനിട്ട് മാത്രമാണ് കുട്ടികള്‍ക്ക് വിശ്രമം ലഭിക്കുക. അതിനു പുറമെ ഹോംവര്‍ക്കുകളുടെ നീണ്ട പട്ടികയും ഉണ്ടാകും. എല്‍പി, യുപി വിഭാഗങ്ങളിലെ കുട്ടികളുടെ അവസ്ഥയാണ് ഇത്.
നിരന്തരമായി കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും സ്ക്രീനില്‍ നോക്കിയിരിക്കുന്ന കുട്ടികളുടെ കാഴ്ചശക്തിയെയും ഇത് ദോഷകരമായി ബാധിക്കും. ഫീസിന്റെ കാര്യത്തിലും ഇതുവരെ ഒരു തീരുമാനം ആയിട്ടില്ല. രക്ഷിതാക്കളുടെ മേല്‍ സ്കൂള്‍ അധികൃതരുടെ സമ്മര്‍ദവും ഏറി വരുകയാണ്. സര്‍ക്കാര്‍ എത്രയും വേഗം ഈ കാര്യങ്ങളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കാര്യം കൂടുതല്‍ ദുരിതപൂര്‍ണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: