കോഴിക്കോട്: കേരള നിയമ പ്രവേശന പരീക്ഷ പ്രകാരം പ്രവേശനം നടക്കുന്ന ഗവ. ലോ കോളേജുകളില്‍ സീറ്റ് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി വിദ്യാര്‍ത്ഥി വിരുദ്ധമെന്ന് എബിവിപി.
പ്രവേശനപരീക്ഷാ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ത്രിവത്സര എല്‍എല്‍ബി കോഴ്‌സിന് നൂറു സീറ്റും പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സിന് എണ്‍പത് സീറ്റും ഉണ്ടായിരുന്ന സ്ഥാനത്ത് ആണ് അലോട്ട്‌മെന്റ് നല്‍കാന്‍ വേണ്ടി പ്രസിദ്ധീകരിച്ച പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം ഗവ. ലോകോളേജുകളില്‍ സീറ്റുകള്‍ 60 ആയി വെട്ടിച്ചുരുക്കി. സര്‍ക്കാരിന്റെ ഈ നടപടി തികച്ചും വിദ്യാര്‍ത്ഥി വിരുദ്ധവും സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകളെ സഹായിക്കുന്നതുമാണ്.
നിലവിലെ കോവിഡ് പാശ്ചാത്തലത്തില്‍ ഡിഗ്രി, പിജി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുള്ള സര്‍ക്കാര്‍ നയം നിലനില്‍ക്കെ ആണ് അതിന് വിരുദ്ധമായ നടപടി. സീറ്റ് വെട്ടിക്കുറച്ച നടപടി പിന്‍വലിച്ച്, സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കണമെന്നും എബിവിപി ജില്ലാ സെക്രട്ടറി കെ.ടി. ശ്യാം ശങ്കര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി പുതിയ സര്‍ക്കാര്‍ കോളജുകള്‍ അനുവദിക്കുകയോ നിലവിലെ നൂറു സീറ്റ് ത്രിവത്സര എല്‍എല്‍ബി, എണ്‍പത് സീറ്റ് പഞ്ചവത്സര എല്‍എല്‍ബി എന്ന സാഹചര്യം തുടരുകയോ ചെയ്യണം. അതല്ലെങ്കില്‍ നിലവിലെ സര്‍ക്കാര്‍ ലോകോളേജുകളില്‍ അധിക ബാച്ച് അരംഭിക്കുകയോ ചെയ്യണമെന്നും ശ്യാം ശങ്കര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: