കോഴിക്കോട്: കോവിഡ് പോസിറ്റീവായ വ്യക്തിയുടെ പേരും മേല്‍വിലാസവും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കോവിഡ് പോസിറ്റീവായ വ്യക്തിയുടെ പേരും മേല്‍വിലാസവും വാര്‍ഡ് വികസന സമിതി ചെയര്മാന് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതായാണ് പരാതി. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രോഗിയുടെ ബന്ധുക്കളും ബിജെപി നാലാം വാര്‍ഡ് കമ്മറ്റിയും കുന്ദമംഗലം പോലീസിലും ജില്ലാ കലക്ടര്‍ക്കും പരാതി നല്കി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചതായി പരാതി നല്കിയവര് അറിയിച്ചു.
കോവിഡ് ബാധിതരുടെ പേരുവിവരങ്ങള്‍ വാട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു അറിയിച്ചു. രോഗബാധിതരെ ഒറ്റപ്പെടുത്താനോ ശത്രുതാ മനോഭാവത്തോടെ പെരുമാറാനോ ഒരു കാരണവശാലും പാടില്ല. ഇത്തരം പ്രവണതകള്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ഒട്ടും ആശ്വാസകരമല്ലെന്നും കലക്ടര്‍ അറിയിച്ചു. ഒരു കേസ് അന്വേഷണത്തിനായി പോലീസ് സൈബര്‍ സെല്ലിന് കഴിഞ്ഞ ദിവസം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: