തിരുവനന്തപുരം: കാണിക്കവരുമാനം കുറഞ്ഞ് ദേവസ്വം ബോര്‍ഡിന്റെ പ്രതിദിന പ്രവര്‍ത്തനം പോലും പ്രതിസന്ധിയിലായതോടെ ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെ ഓഗസ്റ്റ് 17 മുതല്‍ ഭക്തര്‍ക്ക് തുറന്നു നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഒരു സമയം അഞ്ച് പേര്‍ക്കാണ് ക്ഷേത്രത്തിനകത്ത് പ്രവേശനമുണ്ടാകുക. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം അനുവദിക്കുക. ബോര്‍ഡ് പ്രസിഡന്റ് മുതല്‍ ജീവനക്കാര്‍ വരെയുള്ളവര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണം ഇല്ലാതായതോടെയാണ് കൊറോണക്കിടയും തിരക്കിട്ട് ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്.
അതേസമയം, ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്നും, ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
നവംബര്‍ 16 ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനം പൂര്‍ണ്ണമായ തോതില്‍ നടത്തുന്നതിന് പരിമിതികളുണ്ടെന്ന് യോഗം വിലയിരുത്തി. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനാവശ്യമായ മുന്നൊരുക്കങ്ങളും വിവിധ തലങ്ങളിലുള്ള ഏകോപനവും തുടര്‍ നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: