ന്യൂദല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളവും വീതിയും കൂട്ടണമെന്ന് വീണ്ടും വ്യോമയാന ഡയറക്ടറേറ്റ് ( ഡിജിസിഎ) ആവശ്യപ്പെട്ടു. 18 ജീവനുകള്‍ എടുത്ത വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം വീണ്ടും ഉന്നയിക്കുന്നത്. കരിപ്പൂരിലെ റണ്‍വേയുടെ ദൂരം 2,850 മീറ്ററായി പുനസ്ഥാപിക്കാനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
2016ലെ റണ്‍വേ അറ്റകുറ്റപ്പണികളുടെ ഭാഗമായി റണ്‍വേയുടെ നീളം നൂറുമീറ്റര്‍ കുറച്ച് 2,700 മീറ്ററാക്കിയിരുന്നു. ഇതു പുനസ്ഥാപിക്കാനും ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെടാനും ഡിജിസിഎ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. റണ്‍വേയോട് ചേര്‍ന്ന തോട് അടക്കമുള്ള മേഖല കൂടി ഏറ്റെടുത്ത് റണ്‍വേ നീളം പരമാവധി വര്‍ധിപ്പിക്കുകയും റണ്‍വേയുടെ അവസാനമുള്ള സുരക്ഷാ മേഖലയായ റീസ( റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) റണ്‍വേയുടെ രണ്ടു ഭാഗങ്ങളിലും സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇരുവശത്തും240 മീറ്റര്‍ ദൂരത്തിലാണ് റീസ നിര്‍മിക്കേണ്ടത്.വീതിയും വര്‍ധിപ്പിക്കണം. ഇത്തരം കാര്യങ്ങളില്‍ അതിവേഗത്തിലുള്ള നടപടികള്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെ ആശ്രയിച്ചാവും കരിപ്പൂരിന്റെ ഭാവിയെന്നും ഉയര്‍ന്ന ഡിജിസിഎ ഉദ്യോഗസ്ഥന് പ്രതികരിച്ചു.
അതിനിടെ വിമാനം ലാന്ഡ്് ചെയ്യുന്നതിന് മുമ്പായി കരിപ്പൂരിലെ മോശം കാലാവസ്ഥയെപ്പറ്റി എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗം എയര്‍ ഇന്ത്യ പൈലറ്റുമാരെ അറിയിച്ചിരുന്നതായി ഡിജിസിഎ മേധാവി അരുണ്‍കുമാര്‍ അറിയിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് കരിപ്പൂരില്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ തത്ക്കാലം നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയാല്‍ മതിയെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദ്ദേശം.
എയര്‍ഇന്ത്യ ജംബോ സര്‍വ്വീസുകള്‍, ഇത്തിഹാദ്, സൗദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍ലൈന്‍സ് എന്നിവയ്ക്കടക്കം നെടുമ്പാശ്ശേരിയിലേക്ക് സര്‍വ്വീസ് പുനര്‍ക്രമീകരിക്കാനാണ് ഡിജിസിഎയുടെ നിര്‍ദ്ദേശം. കരിപ്പൂരിലേക്കുള്ള വലിയ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ നേരത്തെയും കൊച്ചിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: