കൊല്ലം: ഭാര്യ മരിച്ച കേസില്‍ ഭര്‍ത്താവിന് മൂന്നുവര്‍ഷം തടവും 25,000രൂപ പിഴയും ശിക്ഷ വിധിച്ചു. ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി സ്വയം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ ഭാര്യക്ക് നേരെ കത്തിക്കൊണ്ടിരുന്ന വിറകുകൊള്ളി എടുത്തുവീശി പിടിവലിക്കിടെ തീ പടര്‍ന്നു പിടിച്ച് ഭാര്യ മരിച്ച കേസിലാണ് ശിക്ഷ. തേവലക്കര, അരിനല്ലൂര്‍, കുളങ്ങര കിഴക്കതില്‍ വീട്ടില്‍ അഭിലാഷിനാ(32)ണ് മൂന്നുവര്‍ഷം കഠിനതടവും 25,000രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാത്തപക്ഷം മൂന്നുമാസത്തെ അധികതടവിനും ശിക്ഷിച്ചു കൊണ്ട് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം. മനോജ് ഉത്തരവായി.
2012 ജനുവരി 4ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. മൈനാഗപ്പള്ളിയില്‍ വാടകവീട്ടില്‍ താമസിച്ചുവരവെ രാവിലെ 10നാണ് സംഭവം നടക്കുന്നത്. ദേഹമാസകലം തീപ്പൊള്ളലേറ്റ പ്രതിയുടെ ഭാര്യ ദര്‍ശനയെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും 5 ദിവസം കഴിഞ്ഞ് മരണപ്പെടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മരണമൊഴിയാണ് കേസിന് നിര്‍ണായക തെളിവായത്.
ദൃക്സാക്ഷികള്‍ ആരുംതന്നെയില്ലാത്ത സംഭവത്തില്‍ മരണപ്പെട്ട ദര്‍ശനയുടെ മരണമൊഴിയുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ശാസ്താംകോട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ എ. പ്രസാദാണ് അന്വേഷണം നടത്തി ചാര്‍ജ്ജ് ഹാജരാക്കിയത്. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ തെളിവില്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. മനോജ് കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: