കോഴിക്കോട്: വിമാനാപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം. കോഴിക്കോട്ട് ഇറങ്ങേണ്ട വലിയ വിമനങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തിലായിരിക്കും ഇനി ഇറങ്ങുക. ‘ഇ’ ശ്രേണിയില്‍ പെട്ട വിമാനങ്ങള്‍ക്കാണു കരിപ്പൂരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടെ സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയില്‍ നിന്നുള്ള വലിയ വിമാനം കൊച്ചിയിലായിരിക്കും ഇറങ്ങുകയെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുമാണു നിലവില്‍ വലിയ വിമാന സര്‍വീസ് കരിപ്പൂരിലേക്ക് നടത്തുന്നത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ‘സി’ ശ്രേണിയിലെ ചെറുവിമാനമാണ്.
ഈ വിമാനങ്ങള്‍ക്ക് റണ്‍വേ നീളം 1600 മീറ്റര്‍ മതിയാകും. കരിപ്പൂരില്‍ 2700 മീറ്റര്‍ റണ്‍വേയുണ്ട്. എന്നാല്‍, ഇത് ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അപര്യാപ്തമാണ്. ഇതോടെയാണ് അപകടത്തിന്റെ കാരണം തേടിയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: