കൊല്ലം: മാനത്ത് മഴ കാണുമ്പോള്‍ തന്നെ കോയിപ്പാട് വരികുളം ഏലായുടെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ നെഞ്ചില്‍ ഭീതിയാണ്. മഴ കനത്താലോ കട്ടില് വീടിന്റെ ഉത്തരത്തില്‍ കെട്ടിവയ്ക്കുകയാണ് പതിവ്. ബാക്കിയുള്ള വീട്ടുസാധനങ്ങളാകട്ടെ മേശകളുടെ മുകളിലേക്ക് മാറ്റും. വര്‍ഷത്തില്‍ രണ്ടുതവണയാണ് ഇവര്‍ ദുരിതാശ്വാസക്യാമ്പിലേക്ക് പോകുന്നത്. ഇക്കുറിയും പതിവുതെറ്റിക്കാതെ തയ്യാറായി നില്‍ക്കുകയാണ് ഇവര്‍.
പഞ്ചായത്ത് ഭരിക്കുന്നവരുടെ അനാസ്ഥയാണ് ഈ കുടുംബങ്ങളുടെ ദുരിതജീവിതത്തിന് കാരണം. വരികുളം ചിറയിലും ഏലായിലും നിന്ന് ഇത്തിക്കര ആറ്റിലേക്ക് പോകാനുള്ള വെള്ളമാണ് ഇവിടേക്ക് അടിച്ചുകയറുന്നത്. തോടിന് കുറുകെ സ്വകാര്യവ്യക്തി മണ്ണിട്ട് നികത്തി വഴി ഉണ്ടാക്കിയതോടെ ആരംഭിച്ചതാണ് ഈ ദുരിതം. വെള്ളം ആറ്റിലേക്ക് ഒഴുകി പോകാന്‍ പറ്റാത്ത അവസ്ഥയിലായതോടെ ഇവിടെ ഏലായും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. തോട് പകുതിവച്ച് അടച്ചതോടെ ബാക്കിയുള്ള ഭാഗവും ഇപ്പോള്‍ പല സ്വകാര്യവ്യക്തികളുടെയും കൈവശമായി. ഇതോടെ നാല് മുതല്‍ അഞ്ചു മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന തോട് ഒരു മീറ്ററിനും താഴെയായി.
തോട് പൂര്‍വ്വസ്ഥിതിയിലാക്കിയാല്‍ മഴക്കാലത്ത് ഏലായില്നിന്നുള്ള വെള്ളം ആറ്റിലേക്ക് ഒഴുകാനും അതുവഴി വെള്ളപ്പൊക്കത്തിന് ശമനം ഉണ്ടാക്കാനുമാകും. ഓരോ പഞ്ചായത്ത് ഭരണസമിതികള്‍ വരുമ്പോഴും പ്രദേശവാസികള്‍ ഈ ആവശ്യവുമായി സമീപിക്കും. എന്നാല്‍ പരിഹാരം മാത്രം ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ഇന്നലെ വീടുകളില്‍ വെള്ളം കയറിയതോടെ പഞ്ചായത്ത് റവന്യു അധികാരികള്‍ എത്തി താമസക്കാരെ ഒഴിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുജീവിതം മടുത്തവര്‍ പലരും സമീപവീടുകളില്‍ അഭയം തേടുകയാണ്. പഞ്ചായത്ത് ഭരിക്കുന്നവര്‍ ഭൂമാഫിയയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വിമര്‍ശനമുണ്ട്. റീസര്‍വേ നടത്തി തോട് അളന്ന് തിരിച്ചു പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: