തൃശൂര്‍: കൊറോണ സമൂഹ വ്യാപനം രൂക്ഷമായതോടെ ജില്ലയില്‍ സ്വകാര്യ ബസുകളുടെ സര്‍വീസ് ഗണ്യമായി കുറഞ്ഞു. വളരെ കുറച്ചുപേര്‍ മാത്രമാണ് ഇപ്പോള്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത്. ജില്ലയില്‍ ഓടുന്ന സ്വകാര്യബസുകളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. യാത്രക്കാര്‍ കുറഞ്ഞതോടെ ജില്ലയിലുള്ള 1500 ബസുകളില്‍ മറ്റുള്ളവ ഓട്ടം നിര്‍ത്തി. ബസുകള്‍ കുറഞ്ഞത് ഓട്ടോ സര്‍വീസിനേയും സാരമായി ബാധിച്ചു.
നഗരങ്ങളില്‍ ആളുകള്‍ എത്താതായതോടെ ഓട്ടോകളില്‍ കയറാനും യാത്രക്കാരില്ലാതായി. ബസുകള്‍ക്ക് നിലവില്‍ ഇന്ധനം നിറക്കാനുള്ള പണം മാത്രമേ കളക്ഷനായി ലഭിക്കുന്നുള്ളൂ എന്ന് ജീവനക്കാര്‍ പറയുന്നു. ജില്ലയില്‍ എല്ലാ റൂട്ടുകളിലും നാമമാത്ര ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. 90 ശതമാനം ബസുകളും ഓട്ടോ വകുപ്പിന് ജി-ഫോം നല്‍കിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ഇപ്പോള്‍ ഓടുന്ന ബസുകളും ഓട്ടം നിര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓട്ടോ സര്‍വീസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
കൊറോണ ഭീതിയെ തുടര്‍ന്ന് എല്ലാവരും സ്വന്തം വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ ഓട്ടോകളില്‍ കയറാന്‍ ആളില്ലാതായതാണ് കാരണം. എല്ലാ ഓട്ടോ സ്റ്റാന്‍ഡ്കളിലും സദാസമയവും യാത്രക്കാരെ കാത്തു കിടക്കുകയാണ് ഓട്ടോകള്‍. ആശുപത്രികളിലേക്ക് രോഗികളുടെ വരവു കുറവായത് ഓട്ടോകള്‍ക്കും ക്ഷീണമായി. ഗുരുതര അസുഖമുള്ളവര്‍ മാത്രമേ ഇപ്പോള്‍ ആശുപത്രികളിലേക്ക് എത്തുന്നുള്ളൂ. ഭൂരിഭാഗം രോഗികളും വീടുകളില്‍ തന്നെ ഇരുന്ന് ചികിത്സ നടത്തുകയാണ്. ഇതോടെ നഗരങ്ങളിലുള്ള ആശുപത്രികള്‍ക്ക് മുന്നിലുള്ള ഓട്ടോകള്‍ക്കും ഓട്ടമില്ല.
സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും അപേക്ഷകളും പരാതികളും സമര്‍പ്പിക്കാനായി ഓണ്‍ലൈനില്‍ സൗകര്യം സജ്ജമാക്കിയതും കാരണം നഗരങ്ങളിലേക്കുള്ള പൊതുജന യാത്ര കുറഞ്ഞതും ഓട്ടോത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. രാവിലെ മുതല്‍ രാത്രി വരെ ഓടിയാലും പരമാവധി 200-300 രൂപ മാത്രമേ കിട്ടുന്നുള്ളൂവെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. ഇക്കാരണത്താല്‍ നിലവില്‍ കുടുംബങ്ങള്‍ പോറ്റാന്‍ ഓട്ടോ തൊഴിലാളികള്‍ കഷ്ടപ്പെടുകയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ഓട്ടോ ഡ്രൈവര്‍മാരില്‍ പലരും മറ്റു ജോലികള്‍ തേടി പോയി കഴിഞ്ഞു. കൊറോണ ഭീതി ഒഴിഞ്ഞ് പൊതുഗതാഗതം സാധാരണനിലയിലായാല്‍ മാത്രമേ ദുരിതകാലത്തിന് അന്ത്യമാകു. കൊറോണയൊഴിഞ്ഞ് പഴയകാലം തിരികെയെത്തുമെന്ന പ്രതീക്ഷയിലാമ് ബസ് -ഓട്ടോ ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: