തൃശൂര്‍: തൃശൂരില്‍ നിന്ന് തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച ശേഷം ഡ്രൈവറെ പറ്റിച്ച് പണം നല്‍കാതെ കടന്ന യുവാവ് അറസ്റ്റിലായി. പാറശാല ഉദിയന്‍കുളങ്ങര സ്വദേശി നിശാന്ത് (27) ആണ് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായത്. തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രേവത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി പത്തരയോടെ ഓട്ടം മതിയാക്കി വീട്ടിലേക്ക് പോകാനിരിക്കുമ്പോഴാണ് ”അമ്മ മരിച്ചു. പെട്ടന്ന് തിരുവനന്തപുരത്ത് എത്തണം. കൊണ്ടുവിടാമോ?” എന്ന ചോദ്യവുമായി നിശാന്ത് രേവതിനെ സമീപിച്ചത്. നടന് ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും രേവതിനെ വിശ്വസിപ്പിച്ചു. കയ്യില്‍ കാശില്ലെന്നും തിരുവനന്തപുരത്ത് എത്തിയാല്‍ തരാമെന്നും പറഞ്ഞു.
ഫോണിലൂടെ അളിയനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളും ഉറപ്പ് നല്കി. ഇതോടെയാണ് മറ്റൊന്നും ആലോചിക്കാതെ സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി ഡീസലടിച്ച് തിരുവനന്തപുരത്തേക്ക് വിട്ടത്. ഇടയ്ക്ക് കരുനാഗപ്പള്ളിയില്‍ വച്ച് ഇയാള്‍ക്ക് രേവത് ഭക്ഷണവും വാങ്ങിച്ചു നല്കി. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നെയ്യാറ്റിന്‍കര പോകണമെന്ന് പറഞ്ഞു. നെയ്യാറ്റിന്‍കരയിലെത്തി. അവിടെയല്ല അമ്മ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകാമെന്നുമായി. ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആശുപത്രിയുടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല.
തുടര്‍ന്ന് നോക്കിയിട്ട് വരട്ടെ എന്ന് പറഞ്ഞ് ആയിരം രൂപയും വാങ്ങി പോയി. പിന്നെ ആളെ കണ്ടിട്ടില്ലെന്ന് രേവത് പറയുന്നു. 6,500 രൂപ വണ്ടിക്കൂലിയും 1000 രൂപ കടമായി നല്കിയതും ഉള്‍പ്പെടെ 7,500 രൂപയാണ് രേവതിന് നഷ്ടമായത്. ഒരു മണിക്കൂര്‍ കാത്ത് നിന്നിട്ടും ആള് വരാതായപ്പോഴാണ് രേവതിന് സംശയം തുടങ്ങിയത്. പിന്നാലെ തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
തിരികെ വരാന്‍ ഡീസലിന് പോലും കാശില്ലാതെ വലഞ്ഞ രേവത് പോലീസുകാരുടെ സഹായത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. അന്വേഷണം ആരംഭിച്ചതോടെ രേവത് പറഞ്ഞതെല്ലാം നുണയെന്ന് വരുത്തി തീര്‍ത്ത് രക്ഷപ്പെടാനായിരുന്നു നിശാന്തിന്റെ ശ്രമം. ക്വാറന്റൈനില്‍ കഴിയുകയാണെന്ന് കൂടി അറിയിച്ചതോടെ അറസ്റ്റ് വൈകി. എന്നാല്‍ ഇത് നുണയാണെന്ന് വ്യക്തമായതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടന് കലാഭവന്‍ മണിയുടെ ആരാധകനായ രേവത് ഉത്സവ പറമ്പുകളില്‍ കലാഭവന്‍ മണിയുടെ പാട്ടുകളുടെ സിഡി വിറ്റും ലോട്ടറി വിറ്റുമാണ് കഴിഞ്ഞിരുന്നത്. ലോക്ഡൗണ്‍ ഇതെല്ലാം തകര്‍ത്തതോടെ വാടകക്ക് ഓട്ടോറിക്ഷ ഓടിക്കുമ്പോഴായിരുന്നു കബളിപ്പിക്കലിന് ഇരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: