മുക്കം(കോഴിക്കോട്): കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരനെതിരെ ക്വാറന്റൈന്‍ ലംഘനത്തിന് കേസ്. കോഴിക്കോട് ഡിഎംഒ ഓഫീസിലെ ജീവനക്കാരനെതിരെയാണ് തിരുവമ്പാടി പോലീസ് കേസെടുത്തത്. ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള തിരുവമ്പാടിയിലെയും മുക്കത്തെയും ബാങ്കുകളിലെ ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാനും മൂന്നു ദിവസം ബാങ്ക് അടയ്‌ക്കാനും നിര്‍ദ്ദേശം നല്‍കി. ഡിഎംഒ ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇയാളോട് കഴിഞ്ഞ മാസം 29 മുതല്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ഈമാസം ഒന്നു മുതല്‍ ഇയാള്‍ മുക്കം, തിരുവമ്പാടി എന്നീ അങ്ങാടികളില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനിടെ ഇയാളുടെ പരിശോധനാ ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് ഇയാളുടെ സമ്പര്‍ക്കം പരിശോധിച്ചപ്പോളാണ് തിരുവമ്പാടിയിലും മുക്കത്തുമുള്ള ബാങ്കുകള്‍, ജ്വല്ലറികള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ ഇയാള്‍ എത്തിയതായി കണ്ടെത്തിയത്. പകര്‍ച്ചവ്യാധി വ്യാപന നിരോധ നിയമപ്രകാരമാണ് തിരുവമ്പാടി പോലീസ് കേസെടുത്തത്. ഡിഎംഒയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: