കുമളി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാറിന്റെ തീരം വീണ്ടും അശാന്തമാകുന്നു. കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ഇവിടെ നിന്ന് മാറേണ്ട അവസ്ഥ വരുമോയെന്ന ആശങ്കയിലാണ് മുല്ലപ്പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍. അണക്കെട്ടില്‍ നാല് ദിവസത്തിനിടെ 20 അടിയോളം ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെയാകട്ടെ എട്ട് അടിയുടെ വര്‍ധനവ്.
ഇന്നലെ വൈകിട്ട് വിവരം ലഭിക്കുമ്പോള്‍ 135 അടിയാണ് ജലനിരപ്പ്. സാധാരണ മഴ പെയ്താല്‍ പോലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്നാണ് അനൗദ്യോഗികമായി അധികൃതര്‍ പറയുന്നത്. അതിശക്തമായ മഴ പെയ്താല്‍ ഏതുനിമിഷവും അത് സംഭവിക്കാം.
2018ല്‍ സെക്കന്റുകള്‍ കൊണ്ട് മലവെള്ളം കുതിച്ചെത്തിയപ്പോള്‍ അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്ന് വിട്ടതിനെ തുടര്‍ന്ന് ഉണ്ടായ ഭീകര ദുരന്തം മുല്ലപ്പെരിയാറിന്റെ സമീപകാല ചരിത്രമാണ്. ഒന്നും ഭയപ്പെടാനില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്നതും ഒടുവില്‍ നിസഹാരായി പരസ്പരം പഴിചാരുന്നതും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പതിവാണ്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ ജലം കൊണ്ടു പോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍, അതിനുള്ള സാധ്യത വളരെ കുറവാണ്. 142 അടിയുടെ മുകളിലെത്തിയാല്‍ ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം തുറന്നു വിടാനുള്ള നടപടികള്ക്കാകും മുന്‍തൂക്കം. ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും, ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കേണ്ടത് കേരള സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തത് തീരദേശത്തുള്ളവരെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: