തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതിയുമായി പോലീസ് ഓഫീസേഴ്സ് അസേസിയേഷന് നേതാവിന് ബന്ധമുണ്ടെന്ന ഡിഐജിയുടെ റിപ്പോര്‍ട്ട് ഡിജിപി പൂഴ്ത്തി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുമായി അടുത്ത ബന്ധമുള്ള ഇടത് അനുകൂല പോലീസ് ഓഫീസേഴ്സ് അസോസിയേഷന് നേതാവ് ചന്ദ്രശേഖരനെതിരെ അച്ചടക്ക നടപടി വേണമെന്ന റിപ്പോര്‍ട്ടാണ് നടപടിയെടുക്കാതെ ഡിജിപി മാറ്റിവച്ചത്. ജൂണ്‍ 30നാണ് ഡിഐജി സഞ്ജീവ് കുമാര്‍ ഗുരുദിന് റിപ്പോര്‍ട്ട് നല്‍കിയത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപുമായി അടുത്ത ബന്ധം ഉള്ള ആളാണ് ചന്ദ്രശേഖരനെന്ന് അന്വേഷണത്തില്‍ ഡിഐജി കണ്ടെത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിനു സന്ദീപ് പിടിയിലായപ്പോള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മണ്ണന്തല സ്റ്റേഷനില്‍ നിന്ന് ചന്ദ്രശേഖരന് ഇറക്കികൊണ്ട് പോയി. ഇത് അച്ചടക്കലംഘനമാണെന്നും നടപടിവേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. മാത്രമല്ല സ്വര്‍ണക്കടത്ത് കേസില്‍ ഇയാളുടെ ബന്ധം കണ്ടെത്താന്‍ അന്വേഷണം വേണമെന്നും ഒരാഴ്ച മുമ്പു റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ചന്ദ്രശേഖരനും സന്ദീപും ലോക്ഡൗണ്‍ സമയത്തുള്‍പ്പെടെ എറണാകുളത്തേക്ക് യാത്ര നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും സൂചനയുണ്ട്. ഇയാള്‍ക്കൊപ്പം ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന നേതാവും തിരുവന്തപുരം റൂറലിലെ നേതാവും ഉണ്ടായിരുന്നു. ഇവര്‍ എറണാകുളത്തെ ഹോട്ടലില്‍ മുറിയെടുത്ത് മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
പോലീസില്‍ അടുത്ത ബന്ധങ്ങളുണ്ടെന്ന് സ്വപനയും സന്ദീപും സരിത്തും മൊഴി നല്‍കിയിരുന്നു. ചന്ദ്രശേഖരനുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് തുടക്കം മുതല്‍ത്തന്നെ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ അവധിയില്‍ പ്രവേശിച്ചു. റിപ്പോര്‍ട്ട് നല്കി ഇത്രയും ദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ പോലീസിനുള്ളില്‍ നിന്നു തന്നെ പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: