ഇടുക്കി: വാര്‍ത്താസമ്മേളനങ്ങളിലെ വീമ്പിളക്കലും മാധ്യമങ്ങളുടെ മേലുളള തട്ടിക്കേറലുമല്ല ഭരണമെന്ന തിരിച്ചറിവ് മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഇടുക്കിയില്‍ ദുരന്തം ഉണ്ടായ രാജമലയിലെ പെട്ടിമുടി സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി എന്ന് പറയുന്ന മുഖ്യമന്ത്രി പെട്ടിമുടിയിലെ കാര്യങ്ങളുമൊന്ന് വിശദീകരിക്കണം. ദുരന്ത നിവാരണപ്രവര്‍ത്തനത്തില്‍ നേരിട്ട് ഏകോപനം വഹിക്കേണ്ട റവന്യൂ മന്ത്രി സ്ഥലം സന്ദര്‍ശിച്ചങ്ങ് മടങ്ങി. മുതിര്‍ന്ന മന്ത്രിമാരൊക്കെ മധ്യ കേരളത്തില്‍ തന്നെയുണ്ടായിരുന്നിട്ടും എന്തേ ആരെയും രാജമലയിലേക്ക് നിയോഗിച്ചില്ലന്നും അദേഹം ചോദിച്ചു. ഏതായാലും, മുഖ്യമന്ത്രിയുടെ മുഖം മൂടിയാണ് ഓരോ ദുരന്ത മുഖത്തും അഴിഞ്ഞുവീഴുന്നത്. അത് പ്രളയമായാലും ഉരുള്‍പൊട്ടലായാലും ഓഖിയായാലും മാറ്റമൊന്നുമില്ല.കാണാതായവര്‍ക്കായുളള തെരച്ചില്‍ ദേശീയ ദുരന്ത നിവാരണ സേന തുടരുകയാണ്. ഈ ദുരന്തക്കാഴ്ചകള്‍ക്കുമുന്നില്‍ ചങ്കുളളവര്‍ക്കൊക്കെ പിടയ്ക്കും.
വിമാനദുരന്തമുണ്ടായ കരിപ്പൂരില്‍ മുഖ്യമന്ത്രി പോകേണ്ടതുതന്നെയാണ്. യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ അതേ പരിഗണന പെട്ടിമുടിയിലെ പാവങ്ങളുടെ കാര്യത്തിലും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വേണ്ടിയിരുന്നു. രണ്ടിടത്തും മരിച്ചത് മനുഷ്യരാണ്. ആ തിരിച്ചറിവ് വേണമായിരുന്നു. മുഖ്യമന്ത്രി തന്നെ പെട്ടിമുടിയിലെത്തി കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിമര്‍ശനം ഒഴിവാക്കാമായിരുന്നു. പെട്ടിമുടിയിലെ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുളള സഹായധനം പ്രഖ്യാപിച്ചതിലും മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും വിവേചനം കാട്ടി എന്നുതന്നെയാണ് എന്റെ നിലപാട്.
ഇപ്പോള്‍ പ്രഖ്യാപിച്ച സഹായധനം തീരെ കുറവാണ്. ഇപ്പോഴത്തേത് അടിയന്തര സഹായമായി പ്രഖ്യാപിച്ചതാണ് , ബാക്കി പുറകേ വരുമെന്നാണല്ലോ മുഖ്യമന്ത്രി തന്നെ പറഞ്ഞത്. സര്‍ക്കാരിന്റെ സഹായധനം മുഖ്യമന്ത്രിയുടെ ഔദാര്യമല്ല. മാതാപിതാക്കളേയും മക്കളേയും ഭാര്യമാരേയും സഹോദരങ്ങളേയും ഒന്നുണര്‍ന്നെഴുന്നേല്‍ക്കും മുമ്പേ നഷ്ടപ്പെട്ടവര്‍ക്ക് സഹായ ധനം വലിയൊരാശ്വാസമാകും. അക്കാര്യത്തില്‍ മുഖ്യമന്ത്രി ഇനിയും വിവേചനം കാണിക്കരുത്.
ദുരന്തത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് വേഗത്തില്‍ ഇടപെടാനും പരിഹാരമുണ്ടാക്കാനും , കവളപ്പാറയും പുത്തുമലയും അനുഭവ പാഠമായി മുന്നിലുണ്ടായിട്ടും സര്‍ക്കാരിന് കഴിയാതെ പോയി. മലയോര മേഖലകളിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഇതാണോ? മാറ്റിവയ്ക്കുന്ന കോടികളുടെ ഫണ്ട് എവിടെയാണ് വിനിയോഗിച്ചത്? അപകടത്തെക്കുറിച്ച് പുറം ലോകമറിയാന്‍ വാര്‍ത്താ വിനിമയ സംവിധാനമില്ലാതിരുന്ന സാഹചര്യം നമ്പര്‍ വണ്‍ കേരളത്തിലെങ്ങനെ വന്നു? വൈദ്യുതിമന്ത്രിയുടെ നാട്ടില്‍ പോലും 4 ദിവസം വൈദ്യുതി മുടങ്ങിക്കിടന്നതെങ്ങനെയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: