മൂന്നാര്‍: പെട്ടിമുടിയിലെ ദുരന്തമേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോയ 75 ഓളം സേവാഭാരതി പ്രവര്‍ത്തകരെ മൂന്നാര്‍ പെരിയവര പാലത്തിന് സമീപം വെച്ച് പോലീസ് തടഞ്ഞു. രക്ഷാപ്രവര്‍ത്തനം ഇഴഞ്ഞ് നീങ്ങുമ്പോഴും ഇതിനായി പോകുന്ന പ്രവര്‍ത്തകരെ തടയരുതെന്നും കടത്തിവിടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല.
മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സേവാഭാരതി പ്രവര്‍ത്തകരെ തടഞ്ഞതെന്നാണ് സൂചന. വിലക്ക് വകവെയ്ക്കാതെ സമാന്തരപാതയിലൂടെ പ്രവര്‍ത്തകര്‍ പെട്ടിമുടിയിലെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
അഗ്നി രക്ഷാ സേനയും ദുരന്തനിവാരണ സേനയും സേവാഭാരതിയും മാത്രമാണ് രക്ഷാദൗത്യത്തില്‍ പെട്ടിമുടിയിലുള്ളത്. പ്രതികൂല കാലവസ്ഥയെ അവഗണിച്ചാണ് സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം കര്‍മ്മനിരതരായി സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതില്‍ സഹായവുമായി മുന്നില്‍ നിന്നു. ദുരന്ത ദിവസം ഉച്ചയോടെ തന്നെ 20 പേര് അടങ്ങുന്ന ആദ്യ സംഘം പെട്ടി മുടിയിലെത്തിയിരുന്നു. സേവാഭാരതിയുടെ സഹായത്തോടെയായിരുന്നു ആദ്യ ദിവസത്തെ രക്ഷാപ്രവര്‍ത്തനവും നടന്നത്. സേവാഭാരതി സംഘടനാ സെക്രട്ടറി ടി.ആര്. രഞ്ജിത്ത്, സെക്രട്ടറി ടി.കെ. രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് സേവാഭാരതിയുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
പുറത്ത് നിന്നുള്ളവര്‍ ഇവിടേക്ക് സന്ദര്‍ശനത്തിനായി എത്തരുതെന്നാണ് ജില്ലാ പോലീസ് മേധാവി നല്കുന്ന മുന്നറിയിപ്പ്. അപകട സാധ്യതയും റോഡിന്റെ പ്രശ്നവും കണക്കിലെടുത്താണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: