മൂന്നാര്‍ : രാജമല പെട്ടിമുടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെയെണ്ണം 27ലെത്തി. ശനിയാഴ്ച 16 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണ സംഖ്യ ഇത്രയും ഉയര്‍ന്നത്. മണ്ണിടിച്ചിലില്‍ 12 പേരെ രക്ഷിക്കാനായി. എന്നാല്‍ ഇതില്‍ മൂന്ന് പേരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഉപകരണങ്ങളും മറ്റും സ്ഥലത്തേയ്ക്ക് എത്തിക്കുകയും താത്കാലികമായി പ്രദേശത്തേയ്ക്ക് ഗതാഗത സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തെരച്ചില്‍ ഊര്ജ്ജിതമാക്കാനായത്. 78 പേരാണ് രാജമലയില്‍ അപകടത്തില്‍ പെട്ടത്. നാല് ലയങ്ങളിലായി 20 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.
നിലവില്‍ എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കണ്ണന് ദേവന് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളാണ് ഇവിടെ അപകടത്തില്‍ പെട്ടത്. ഇനി 39 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കാനുണ്ട്. 200 പേരടങ്ങുന്ന സംഘമാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ ഡോഗ് സ്വാഡിനേയും എത്തിക്കുന്നുണ്ട്. കൂടാതെ ആശയ വിനിമയത്തിനായി ഹാംറേഡിയോ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.
അതേസമയം മൃതദേഹം തിരിച്ചറിഞ്ഞവരുടെ പോസ്റ്റുമോര്‍ട്ടം നടപടികളും ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ചയോടെ തന്നെ ഇവിടേയ്ക്ക് ഡോക്ടര്‍മാരുടെ സംഘം എത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് സംഭവ സ്ഥലം സന്ദര്‍ശിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാകും കേന്ദ്രമന്ത്രി സ്ഥലത്തേയ്ക്ക് എത്തുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഇവിടേയ്ക്ക് എത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് പെട്ടിമുടിയിലെത്തും. രക്ഷാദൗത്യത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമനസേനയുടെ അമ്പതംഗ സംഘവും ഇന്ന് പങ്കുചേരും.
മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ക്ക് വേണ്ട സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: