കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപാ വീതം കേന്ദ്ര സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി മന്ത്രി ഹാര്‍ദീപ് സിംഗ് പുരി കരിപ്പൂരില്‍ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്. സാരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം വീതം ഇടക്കാല ആശ്വാസമായി നല്‍കും.
ഇന്‍ഷ്വറന്‍സ് ആനുകൂല്യത്തിനു പുറമെയാണ് ധന സഹായമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.വിമാനം തകര്‍ന്നു വീണ സ്ഥലം കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു.
ദുരന്തത്തില്‍ അഗാധദുഃഖം വ്യോമയാന മന്ത്രി രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. വിമാനത്താവള അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും സമയോചിതമായി പ്രവര്‍ത്തിച്ചതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്‌ക്കാന്‍ സാധിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ലഭിച്ചിട്ടുണ്ട്. സംഭവം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷിക്കുന്നുണ്ട്. പൈലറ്റ് വിദഗ്ധനും അനുഭവപരിചയവുമുള്ള വ്യക്തിയാണ്. സംഭവത്തില്‍ അഗാധദുഃഖം രേഖപ്പെടുത്തുന്നു. അപകടകാരണം മഴയാകാം. മഴമൂലം വിമാനം തെന്നിനീങ്ങി. വ്യോമയാന വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം പ്രഖ്യാപിച്ച അതേ ധനസഹായം കേരളവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. എല്ലാവരുടെയും ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനാപകടം അതീവ ദുഃഖകരമായ സംഭവമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഒപ്പം ഉണ്ടായിരുന്നു.
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോഴിക്കോട് വിമാന അപകട അതിയായ ദുഃഖം ഉളവാക്കുന്നതാണ്. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത് സുഖം പ്രാപിക്കട്ടേയെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.
അപകട വാര്‍ത്ത പുറത്തുവന്നയുടന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. അതിനു പിന്നാലൊണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
കോഴിക്കോട് നടന്ന വിമാനാപകടം അതിയായ ദുഃഖമുളവാക്കുന്നു. അപകടത്തില്‍ മരിച്ചരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. എല്ലാ സഹായങ്ങളും നല്‍കി അധികൃതര്‍ അപകടസ്ഥലത്തുണ്ട്. എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
വെളളിയാഴ്ച വൈകിട്ട് 7.41 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് അപകടത്തില്‍ പെട്ടത്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചു.
മരിച്ച 18 പേരിൽ 14 പേർ മുതിർന്നവരും നാല് കുട്ടികളുമാണ്.
മലപ്പുറം സ്വദേശികളായ ഷഹീർ സയീദ് (38), ലൈലാബി കെ.വി (51), ശാന്ത മരക്കാട്ട് (59), സുധീർ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി.പി (24), ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവൻ ചെരക്കാപ്പറമ്പിൽ (61), മനാൽ അഹമ്മദ് (25), ഷറഫുദ്ദീൻ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരൻ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരാണ് മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: