പ്രീ-സ്‌കൂള്‍തലം മുതല്‍ സെക്കന്‍ഡറി തലം വരെ നീളുന്ന സാര്‍വത്രിക വിദ്യാഭ്യാസം:
ആദരണീയനായ മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ സ്വപ്ന പദ്ധതിയായ സർവ്വശിക്ഷാ അഭിയാനും 2009 ലെ വിദ്യാഭ്യാസ അവകാശ നിയമവും(Right to Education Act) മോദി സർക്കാർ ആവിഷ്കരിച്ച സമഗ്ര ശിക്ഷാ സംരംഭങ്ങളിലൂടെയും സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്താനും പ്രാഥമിക വിദ്യാഭ്യാസത്തിൽ സാർവത്രിക പ്രവേശനം പ്രോത്സാഹിപ്പിക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. അതിന്റെ ഭാഗമായി 6-8 ഗ്രേഡുകളിലേക്കുള്ള പ്രവേശനാനുപാതം(Gross Enrolment Ratio; GER) 90.9% എന്നിരിക്കെ തുടർന്നുള്ള ഗ്രേഡുകളിലെ കുട്ടികളുടെ സ്ഥിതിവിവരക്കണക്കുകൾ സ്കൂൾ സമ്പ്രദായത്തിൽ നിലനിൽക്കുന്ന ഗുരുതരമായ ചില പ്രശ്നങ്ങൾ സൂചിപ്പിക്കുന്നു. അതായത് 9-10, 11-12 ഗ്രേഡുകളിലേക്കുള്ള പ്രവേശനാനുപാതം യഥാക്രമം 79.3%, 56.5% എന്ന അവസ്ഥയിലുമാണ്. എൻറോൾ ചെയ്ത വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗം അഞ്ചാം ഗ്രേഡിന് ശേഷവും പ്രത്യേകിച്ച് എട്ടാം ഗ്രേഡിന് ശേഷവും പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളത്. 2017-18 ൽ എൻഎസ്‌എസ്ഒ(National Sample Survey Office) നടത്തിയ 75-ാമത് ഗാർഹിക സർവേ പ്രകാരം, 6 വയസ്സിനും 17 വയസ്സിനുമിടയിൽ പഠനമുപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം 3.22 കോടിയാണ്. ഈ കുട്ടികളെ തിരികെ കൊണ്ടുവരികയെന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിൻറ്റെ ഒരു മുൻഗണന. 2030 ഓടെ പ്രീസ്‌കൂളിൽ നിന്ന് സെക്കൻഡറി തലത്തിലേക്ക് 100% എൻറോൾമെന്റ് അനുപാതം കൈവരിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സെക്കന്‍ഡറിതലം വരെ നീളുന്ന സാര്‍വത്രിക വിദ്യാഭ്യാസം നയം രൂപീകരിച്ചിരിക്കുന്നത്.
സാര്‍വത്രിക വിദ്യാഭ്യാസത്തിൻറ്റെ ഭാഗമായി ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസ പദ്ധതികൾ ഉൾപ്പെടുത്തി സാമൂഹികവും-സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന(എസ്.ഇ.ഡി.ജി) എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് സ്കൂൾ വിദ്യാഭ്യാസത്തിന്റെ വ്യാപ്തി വിപുലമാക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ (NIOS) ആവിഷ്കരിച്ചിട്ടുള്ള വിദൂര വിദ്യാഭ്യാസ (ഒഡിഎൽ) പദ്ധതികൾ സ്റ്റേറ്റ് ഓപ്പൺ സ്കൂളുകൾ വഴി വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും, അതിലൂടെ ചെറുപ്പക്കാരുടെയും സ്കൂളിൽ ചേരാൻ കഴിയാത്ത പഠിതാക്കളുടെയും വിദ്യാഭ്യാസം ദേശീയ വിദ്യാഭ്യാസ നയം ഉറപ്പുവരുത്തുന്നു. നിയോസും സ്റ്റേറ്റ് ഓപ്പൺ സ്കൂളുകളും ആവിഷ്കരിച്ചിട്ടുള്ള നിലവിലെ പ്രോഗ്രാമുകൾക്ക് പുറമേ ഇനിപ്പറയുന്ന പ്രോഗ്രാമുകൾ: എ, ബി, സി വിഭാഗങ്ങളിലായി സ്കൂൾ വിദ്യാഭ്യാസത്തിൻറ്റെ 3, 5, 8 ഗ്രേഡുകൾക്കും സെക്കൻഡറി വിദ്യാഭ്യാസ പരിപാടികൾ10, 12 ഗ്രേഡുകൾക്കും തുല്യമാണ്; തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്സുകൾ / പ്രോഗ്രാമുകൾ; മുതിർന്നവരുടെ സാക്ഷരത, ഒപ്പം ജീവിത സമ്പുഷ്ടീകരണ പരിപാടികൾക്കും ഭാഷാവികാസത്തിനും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (സിയോസ്) ഊന്നൽ നൽകും.
പൊതു സമൂഹത്തിൻറ്റെ സമ്പൂർണ സഹകരണത്തോടെ സാമൂഹ്യനീതിവകുപ്പുകളുമായി സഹകരിച്ച് ബദൽ, നൂതന വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും സ്കൂളുകളുടെ നവീകരനത്തിലൂടെ പെൺകുട്ടികളെയും കുടിയേറ്റ തൊഴിലാളികുടുംബങ്ങളിലെ വിദ്യാർഥികളെയും മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സാക്ഷരതാ പഠനങ്ങൾക്കും വേണ്ട മാർഗനിർദേശങ്ങളും, അധ്യാപകർ, മുതിർന്ന പൗരന്മാർ, സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ, സാക്ഷരരായ സന്നദ്ധപ്രവർത്തകർ, വിരമിച്ച ശാസ്ത്രജ്ഞർ / സർക്കാർ / അർദ്ധ സർക്കാർ ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെ സാർവത്രിക വിദ്യാഭ്യാസം എല്ലാ തലത്തിലും നടപ്പിൽ വരുത്തും.
സ്കൂളുകളിലെ പാഠ്യപദ്ധതിയും ബോധനശാസ്ത്രവും – അധ്യയന പരിഷ്‌കരണങ്ങൾ
അറിവുകൾ മനസിലാക്കുന്നതിനും വിമര്‍ശനാത്മക ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനും അനുഭവപരിചയ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പാഠ്യപദ്ധതിയില്‍ കുറവുവരുത്തി, 21-ാം നൂറ്റാണ്ട് ആവശ്യപ്പെടുന്ന നൈപുണതയിലേയ്‌ക്കു വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതു ലക്ഷ്യമിട്ടാണ് സ്‌കൂള്‍ പാഠ്യപദ്ധതിയും അധ്യയനവും ഒരുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വൈവിധ്യമാര്‍ന്ന വിഷയങ്ങളുടെ തെരഞ്ഞെടുപ്പിനും അവസരമൊരുങ്ങും. കലയും ശാസ്ത്രവും തമ്മിലും, പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കിടയിലും, തൊഴില്‍ പഠന മേഖലകള്‍ക്കിടയിലും വേര്‍തിരിവുകള്‍ ഉണ്ടാകില്ല. ആറാം ക്ലാസ് മുതല്‍ സ്‌കൂളുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കും; ഇൻറ്റേണ്‍ഷിപ്പും ഉള്‍പ്പെടുത്തും. അതിനുവേണ്ട ന്യൂതനവും സമഗ്രവുമായ ദേശീയ പാഠ്യപദ്ധതി (എന്‍സിഎഫ്എസ്ഇ 2020-21) എന്‍സിഇആര്‍ടി വികസിപ്പിക്കും.
ദേശീയ വിദ്യാഭാസ നയത്തിന് കീഴിൽ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള പാഠ്യപദ്ധതിയും ബോധന ശാസ്ത്രവും യഥാക്രമം 3-8, 8-11, 11-14, 14-18 വയസ് വരെയാണ്, അതായത് 5 + 3 + 3 + 4 എന്ന രൂപകൽപ്പനയിലേയ്‌ക്ക് പാഠ്യപദ്ധതി മാറുകയാണ്.
· ഇതിൽ അടിസ്ഥാന പാഠ്യപദ്ധതി രണ്ട് ഭാഗങ്ങളായാണ് ആവിഷ്കരിച്ചിരിക്കുന്നത് ( 3 വർഷത്തെ അങ്കണവാടി / പ്രീ-സ്കൂൾ + 1-2 ഗ്രേഡുകളിലായി 2 വർഷത്തെ പ്രൈമറി സ്കൂൾ),
· പ്രിപ്പറേറ്ററി സ്റ്റേജ് ( 3-5 വരെയുള്ള ഗ്രേഡുകളിലായി 8-11 വയസ് പ്രായമുള്ളവർ),
· മിഡിൽ സ്റ്റേജ് (6-8 വരെയുള്ള ഗ്രേഡുകളിലായി 11-14 വയസ് പ്രായമുള്ളവർ),
· ദ്വിതീയ ഘട്ടം (9-12 വരെയുള്ള ഗ്രേഡുകളിലായി രണ്ട് ഘട്ടങ്ങളാണ്, അതായത്, ആദ്യത്തേതിൽ 9 ഉം 10 ഉം രണ്ടാമത്തേതിൽ 11 ഉം12ഉം, 14-18 വയസ്സ് പ്രായമുള്ളവർ).
ഫൗണ്ടേഷണൽ സ്റ്റേജ് (3 – 8) |
ബഹുമുഖവും ബഹുവിധവും വിനോദകരവുമായ പഠനം, ഇസിസിഇയുടെ പാഠ്യപദ്ധതിയും അധ്യാപനവും |
പ്രിപ്പറേറ്ററി സ്റ്റേജ് (8 – 11) | വായന, എഴുത്ത്, സംസാരം,ഭാഷ, ശാരീരിക വിദ്യാഭ്യാസം, കല, ശാസ്ത്രം, ഗണിതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിനോദവും, ഉല്ലാസവും, ഗവേഷണവും, ആവിഷ്‌കരണവും, പ്രവർത്തനാധിഷ്ഠിതവും സംവേദനാത്മകവുമായ ക്ലാസ് റൂം പഠനം |
മിഡിൽ സ്റ്റേജ് (11 – 14) | സയൻസ്, മാത്തമാറ്റിക്സ്, ആർട്സ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് എന്നിവയിലെ പരീക്ഷണാത്മക പഠനം |
സെക്കൻറ്ററി സ്റ്റേജ് (14 – 18) | ബഹുമുഖമായ പഠനം, കൂടുതൽ വിമർശനാത്മക ചിന്ത,കുട്ടികളുടെ വൈജ്ഞാനിക വികാസത്തെ അടിസ്ഥാനമാക്കി വിഷയങ്ങളുടെ തിരഞ്ഞെടുപ്പും പഠനവും |
സവിശേഷതകൾ:
· പഠിതാക്കളുടെ സമഗ്ര വികസനം: 21-ാം നൂറ്റാണ്ടിലെ നൈപുണ്യങ്ങളായ വിമര്‍ശനാത്മക ചിന്ത, സര്‍ഗാത്മകത, ശാസ്ത്രമനോഭാവം, ആശയവിനിമയം, സഹകരണം, ബഹുഭാഷാ ക്ഷമത, പ്രശ്നപരിഹാരം, ധര്‍മ്മം, സാമൂഹ്യ ഉത്തരവാദിത്തം, ഡിജിറ്റല്‍ സാക്ഷരത എന്നിവ പ്രോത്സാഹിപ്പിച്ച് വൈജ്ഞാനിക വികാസത്തോടൊപ്പം സ്വഭാവരൂപീകരണവും വ്യക്തിനിമ്മാണവും കെട്ടിപ്പടുക്കുകയും അതിന് വേണ്ട സമഗ്രമായ 2020 ഓടെ പാഠ്യപദ്ധതിയും ബോധനശാസ്ത്രവും പുനസൃഷ്ട്ടിക്കും
· അവശ്യ പഠനം: പാഠ്യഭാഗങ്ങളുടെ ഭാരം കുറച്ച് അടിസ്ഥാന ആശയങ്ങളും ധാരണകളും മാത്രമുൾപ്പെടുത്തുകയും, അനുഭാവാധിഷ്ടിതവും സംവേദനാത്മകവുമായ അധ്യയനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
· സംയോജിത പഠനം(Curricular Integration): കല,ശാസ്ത്രം,ചരിത്രം,സംസ്കാരം, ജീവിതരീതി,സാമ്പത്തികം,വ്യാപാരം, തൊഴിൽ, കായിക വിനോദങ്ങൾ തുടങ്ങി വിവിധ മേഖലകളുടെ സംയോജിത പഠനം(Integrative learning) സാധ്യമാക്കുന്ന ബോധനരീതി പഠിതാക്കളുടെ ജീവിത നൈപുണ്യങ്ങൾ വികസിപ്പിക്കുന്നു
· പഠനവിഷയങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം: കല,കായികം,ഹ്യുമാനിറ്റീസ്, സയൻസസ്,കോമേഴ്‌സ്, മാത്തമാറ്റിക്സ്, തൊഴിൽ നൈപുണ്യം, തുടങ്ങി അക്കാദമിക – വൊക്കേഷണൽ സ്കൂൾ പാഠ്യപദ്ധതിയിലുടനീളം, അല്ലെങ്കിൽ അക്കാദമിക സ്ട്രീമുകൾക്കിടയിൽ യാതൊരുവിധ വേർതിരിവും ഇല്ലാതെ പഠിതാവിൻറ്റെ അഭിരുചിക്കനുസരിച്ച് ഏതൊരു വിഷയവും തെരെഞ്ഞെടുക്കുവാനുള്ള അവസരം സൃഷ്ടിക്കുന്നു.
· ത്രിഭാഷാ തത്വം: ത്രിഭാഷാ തത്വം അതിന്റെ ആത്മാവും സൗന്ദര്യവും ചോരാതെ രാജ്യം മുഴുവൻ നടപ്പാക്കും, അതോടൊപ്പം പ്രാദേശികഭാഷകൾ, ഭാരതീയ ക്ലാസിക് ഭാഷകൾ, പാശ്ചാത്യ ഭാഷകൾ എന്നിവയുടെ പഠനത്തിനുള്ള സാധ്യതകൾ പ്രധാനം ചെയ്യുന്നു.
· ന്യൂതന സാങ്കേതിക വിദ്യയുടെയും ഗണിതശാസ്ത്ര മേഖലയുടെയും വികാസം: ഇന്ത്യയ്‌ക്ക് ഗണിതത്തിലും ഗണിതശാസ്ത്ര ചിന്തയിലും ഉള്ള അതുല്യമായ പ്രാധാന്യം തിരിച്ചറിഞ്ഞ് ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ്, കോഡിംഗ് തുടങ്ങി ഭാവിയിൽ വരാനിരിക്കുന്ന നിരവധി മേഖലകളിലും തൊഴിലുകളിലും ഇന്ത്യയുടെ നേതൃത്വപരമായ പങ്ക് ഉറപ്പുവരുത്തുന്നതിന് ഗണിതവും കമ്പ്യൂട്ടേഷനും അടിസ്ഥാനമാക്കിയുള്ള സ്കൂൾ പഠനരീതി.
· നൈപുണ്യവികസനം: 6-8 ഗ്രേഡുകളിൽ ഓരോ വിദ്യാർത്ഥിയ്‌ക്കും തെരഞ്ഞെടുക്കാൻ കഴിയുന്ന തൊഴിലധിഷ്‌ഠിത പാഠ്യപദ്ധതിക്ക് എൻസിആർടി രൂപകൽപ്പന ചെയ്യും. മരപ്പണി, ഇലക്ട്രിക് വർക്ക്, മെറ്റൽ വർക്ക്,കര കൗശലം തുടങ്ങി പ്രാദേശിക ജീവിത നൈപുണ്യവികസന പദ്ധതികൾ ക്രിയാത്മക വിദ്യാഭ്യാസത്തിന് ഒരു മുതൽക്കൂട്ടാണ്.
· ഭാരതീയ പാരമ്പര്യവും നീതിബോധവും: രാജനൈതിക യുക്തിയുടെ അനന്തരഫലങ്ങളായി രൂപപ്പെട്ട പരമ്പരാഗത ഇന്ത്യൻ മൂല്യങ്ങളിലും ഭാരതീയരിലും അന്തർലീനമായ സേവനതത്പരത, അഹിംസ, സ്വച്ഛത, സത്യം, നിഷ്കം കർമ്മം, ശാന്തി, ത്യാഗം, സഹിഷ്ണുത, വൈവിധ്യം, ബഹുസ്വരത, നീതിനിഷ്‌ഠമായ പെരുമാറ്റം, ലിംഗ സംവേദനക്ഷമത, പരസ്പര ബഹുമാനം, പരിസ്ഥിതി, സഹായകത, മര്യാദ, ക്ഷമ,സമാനുഭാവം, അനുകമ്പ, ദേശസ്‌നേഹം, ജനാധിപത്യ വീക്ഷണം, സമഗ്രത, ഉത്തരവാദിത്തം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ പൈതൃകങ്ങൾക്ക് പ്രാധാന്യം നൽകുന്ന മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം
· സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്: (എൻസിഎഫ്‌എസ്ഇ 2020-21) 2020 അവസാനത്തോടെ പുനഃപരിശോധിച്ച് പരിഷ്കരിക്കുകയും, എല്ലാ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുകയും ചെയ്യും.
· പ്രാദേശിക ചരിത്രാവബോധമടങ്ങിയ ദേശീയ പാഠ പുസ്തകങ്ങൾ: എസ്‌സിആർടികളുമായി സംയോജിച്ച് എൻസിആർടി വികസിപ്പിച്ചെടുക്കുന്ന പാഠ്യപദ്ധതി, അധ്യയനം, നയരൂപീകരണം എന്നിവയിൽ സമകാലികവും ചരിത്രപരവും പ്രാദേശികവുമായ വിഷയങ്ങളോടും സന്ദർഭങ്ങളോടുമുള്ള ബഹുമാനവും സ്വംശീകരണവും
· ദേശീയ മൂല്യനിര്‍ണ്ണയ കേന്ദ്രവും മൂല്യനിര്‍ണയ പരിഷ്‌കരണങ്ങളും (Formative assessment): സംഗ്രഹാത്മക വിലയിരുത്തലില്‍ നിന്ന്, പഠനവും വികാസവും, വിശകലനം, വിമര്‍ശനാത്മക ചിന്ത, ആശയപരമായ വ്യക്തത തുടങ്ങിയ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കഴിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിരന്തര മൂല്യനിര്‍ണയ സംവിധാനത്തിലേക്കു(formative assessment) മാറുന്നതിന് എന്‍ഇപി 2020 വിഭാവനം ചെയ്യുന്നു. 3, 5, 8 തരത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അതത് അതോറിറ്റികള്‍ പരീക്ഷകള്‍ നടത്തും.10, 12 തരത്തിലേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ തുടരും. എന്നാല്‍ സമഗ്രവികസനം ലക്ഷ്യമാക്കി പരാഖ്(PARAKH – Performance Assessment, Review and Analysis of Knowledge for Holistic Development) എന്ന പേരില്‍ പുതിയ ദേശീയ മൂല്യനിര്‍ണ്ണയ കേന്ദ്രം സജ്ജമാക്കും
കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും ക്ഷേമവും:
• എല്ലാ വിദ്യാർത്ഥികൾക്കും വാർഷിക ആരോഗ്യ പരിശോധന
• ആരോഗ്യ പരിരക്ഷ, പോഷകാഹാരം, ശാരീരിക വിദ്യാഭ്യാസം,ശാരീരികക്ഷമത, ക്ഷേമം, കായികം, മാനസികാരോഗ്യം, പ്രഥമശുശ്രൂഷ,വ്യക്തി/ സാമൂഹ്യ ശുചിത്വം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി
• സ്കൂൾ ബാഗുകളുടെ ഭാരം കുറച്ചു അനുയോജ്യമായ മാറ്റങ്ങളിലൂടെ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും ബോധന ശാസ്ത്രവും.
• മാനസികാരോഗ്യം വളർത്തുന്നതിനായി സ്കൂളിൽ കൗൺസിലർമാരുടെ ലഭ്യത.
• ശാരീരിക വൈകല്യങ്ങളുള്ള വിദ്യാർത്ഥികൾക്കുള്ള സമഗ്രമായ പ്രവേശനവും അധ്യാപനവും.
• വിദ്യാർത്ഥികളോടുള്ള പ്രതീക്ഷകളും കരുതലും ഉൾക്കൊള്ളുന്ന സ്കൂൾ സംസ്കാരം
· ബാലകേന്ദ്രങ്ങൾ: അസാമാന്യമായ പ്രതിഭകളും വാസനകളും പരിപോഷിപ്പിക്കുന്നതിന് ഓരോ സംസ്ഥാനത്തും/ജില്ലയിലും ‘ബാലകേന്ദ്രങ്ങൾ'(റസിഡന്‍ഷ്യല്‍ വേനൽക്കാല ക്ലബുകൾ) സ്ഥാപിക്കാനും പ്രോത്സാഹനം നല്‍കും., പ്രതിഭാധനരായ വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും അടിസ്ഥാനതലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെ പ്രത്യേക ഊന്നൽ നൽകുന്ന സ്കൂൾ – സർവ്വകലാശാല വിദ്യാഭ്യാസം.( ഇതിനായി ക്രോസ് ഡിസെബിലിറ്റി ട്രെയിനിംഗ്, റിസോഴ്‌സ് സെന്ററുകള്‍, താമസസൗകര്യങ്ങള്‍, സഹായ ഉപകരണങ്ങള്‍, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍, മറ്റ് സംവിധാനങ്ങള്‍ എന്നിവയൊരുക്കും)
· അധ്യാപകർ പൂർണ്ണമായും യോഗ്യത മാനദണ്ഡമാക്കി ബഹുമുഖവും കാലികവും ആയ പ്രകടന വിലയിരുത്തൽ രീതികൾ അവലംബിച്ച് വിദ്യാഭ്യാസ മേഖലയിലെ ഭരണകർത്താക്കളോ അധ്യാപക പരിശീലനം നല്കുന്നവരോ ആയി മാറുന്ന തരത്തിൽ ആയിരിക്കും അധ്യാപക തൊഴിൽ പാതയുടെ വിന്യാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: