തിരുവനന്തപുരം: കനത്ത മഴയും ഉരുള്‍പൊട്ടലും വ്യാപകമായ നാശം വിതച്ച മൂന്നാര്‍ രാജമല ഫാക്ടറി, പെട്ടിമുടി എന്നിവിടങ്ങളിലെ ബി.എസ്.എന്‍.എല്‍ ടവറുകള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്കും തദ്ദേശവാസികള്‍ക്കും തന്മൂലം ആശയവിനിമയം സാധിക്കാതെ വരികയും ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കനത്ത വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്കു അത്യന്താപേക്ഷിതമായ വാര്‍ത്താവിനിമയ സംവിധാനം പെട്ടിമുടി പ്രദേശത്തു ബി.എസ്.എന്‍.എല്‍ സാറ്റലൈറ്റ് സംവിധാനം ഉപയോഗിച്ച് കൊണ്ട് ഉടനടി പുനഃസ്ഥാപിക്കുകയുണ്ടായി. മൂന്നാറില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള റോഡ് മാര്‍ഗത്തിലുള്ള പാലം തകര്‍ന്നത് മൂലം ദുഷ്കരമായ കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ് ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ സ്ഥലത്തെത്തിയത്. കനത്ത മഴയിലും കാറ്റിലും വൈദ്യുതി നിലച്ചതിനാല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. നിലവില്‍ മണിക്കൂറില്‍ രണ്ടായിരത്തിലധികം കോളുകള്‍ ചെയ്യുന്നതിനുള്ള സൗകര്യം ബി.എസ്.എന്‍.എല്‍ ഒരുക്കിയിട്ടുണ്ട്. അധികകോളുകള് കൈകാര്യം ചെയ്യുന്നതിനായി സാറ്റലൈറ്റ് ബാന്‍ഡ് വിഡ്ത് നാലിരട്ടിയായി ബി.എസ്.എന്‍.എല്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്.
ജൂനിയര്‍ ടെലികോം ഓഫീസറായ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ബി.എസ്.എന്‍.എല്‍ ടീമിന് ടെലികോം സേവനങ്ങള്‍ ദ്രുതഗതിയില്‍ പുനഃസ്ഥാപിക്കുന്നതിനു ദേവികുളം സബ് കളക്ടര്‍, ഫോറസ്ററ് അധികാരികള്‍, കണ്ണന് ദേവന് കമ്പനി തൊഴിലാളികള്‍ തുടങ്ങിവരുടെ സഹായം ഏറെ പ്രയോജനകരമായി എന്ന് എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. ഫ്രാന്‍സിസ് കെ ജേക്കബ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: