സകലതും ബ്രഹ്മം തന്നെയെന്ന് തുടര്‍ന്നും വിവരിക്കുന്നു.
ശ്ലോകം 234
യദി സത്യം ഭവേത് വിശ്വം
സുഷുപ്താവുപലഭ്യതാം
യന്നോപലഭ്യതേ കിഞ്ചിത്
അതോളസത് സ്വപനവന്മൃഷാ
വിശ്വം സത്യമാണെങ്കില്‍ സുഷുപ്തിയിലും അതിന്റെ അനുഭവം ഉണ്ടാകണം. അവിടെ അത് കാണുന്നില്ലെങ്കില്‍ സ്വപ്നം പോലെ ഉണ്മയില്ലാത്ത മിഥ്യയാണ്. മൂന്ന് കാലത്തിലും മാറ്റമില്ലാതെ നില്‍ക്കുന്നതാണ് സത്യം. ഉണര്‍ന്നിരിക്കുമ്പോള്‍ നാം അനുഭവിക്കുന്ന ജഗത്ത് ഉറക്കത്തില്‍ കാണാനാവുന്നില്ല. ഉണരുമ്പോള്‍ ദൃശ്യമാവുകയും ചെയ്യും. ഒരു അവസ്ഥയില്‍ അനുഭവിക്കുകയും മറ്റൊരവസ്ഥയില് ഇല്ലാതിരിക്കുകയും ചെയ്താല്‍ അതിനെ സത്യമെന്ന് പറയാനാവില്ല. ജാഗ്രദവസ്ഥയില്‍ അനുഭവിക്കുമ്പോള്‍ തന്നെ അതിന് മാറ്റം സംഭവിക്കുന്നുണ്ട്. എല്ലായ്പ്പോഴും ഒരേ മാതിരിയല്ല. സ്വപ്നത്തിന് ഉള്ളത്ര സത്യത്വമേ ഈ ജഗത്തിന് ഉള്ളൂ. രണ്ടിനും ഉണ്മയില്ല. ഭ്രാന്തി മൂലമാണ് വാസ്തവത്തില്‍ ഇല്ലാത്തത് ഉണ്ട് എന്ന് തോന്നിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ജഗത്തിനെ മിഥ്യ എന്ന് വിളിക്കുന്നത്.
ശ്ലോകം 235
അതഃ പൃഥങ് നാസ്തി ജഗത് പരാത്മനഃ
പൃഥക് പ്രതീതിസ്തു മൃഷാ ഗുണാദിവത്
ആരോപിതസ്യാസ്തി കിമര്ത്ഥവത്താള-
ധിഷ്ഠാനമാഭാതി തഥാ ഭ്രമേണ
അതിനാല്‍ പരമാത്മാവില്‍ നിന്ന് വേറെയായി ഒരു ജഗത്ത് ഇല്ല. അങ്ങനെ ഉണ്ടെന്ന് തോന്നുന്നത് ഗുണിയില് നിന്ന് വേറിട്ട് ഗുണം ഉണ്ടെന്ന് തോന്നുന്നത് പോലെ മിഥ്യയാണ്. ആരോപിത വസ്തുവിന് അധിഷ്ഠാനം ഇല്ലാതെ എന്ത് അര്‍ത്ഥമാണുള്ളത്. ഭ്രമം മൂലം അധിഷ്ഠാനത്തെ തന്നെ മറ്റൊരു തരത്തില്‍ തോന്നുന്നതാണ്.
ബ്രഹ്മത്തില്‍ നിന്ന് വേറിട്ട് ജഗത്തിന് സ്വതന്ത്രമായ നിലനില്‍പ്പില്ല. ബ്രഹ്മത്തില്‍ നിന്ന് ഭിന്നമായി ജഗത്തിനെ കാണുന്നുവെങ്കില്‍ അത് സത്യമല്ല. വസ്തുവില്‍ നിന്ന് വേറിട്ട് ഗുണത്തെ കാണും പോലെ മിഥ്യയാകും അത്.
ആരോപിത വസ്തുവിന് അതിന്റെ അധിഷ്ഠാനത്തെ വിട്ട് ഉണ്മയുണ്ടാകില്ല. ഭ്രാന്തി മൂലമാണ് മറിച്ച് തോന്നുന്നത്. ആകാശത്തിലെ നീലിമയും കുറ്റിയിലെ പ്രേതവുമൊക്കെ വാസ്തവമല്ലാത്തവയാണ് ഈ ജഗത്ത് ഉണ്ടെന്ന് തോന്നാന്‍ കാരണം മനോബുദ്ധികളുടെ മിഥ്യാ കല്പന മൂലമാണ്. അധിഷ്ഠാനമായ ബ്രഹ്മത്തെ വിട്ട് ആരോപിതമായ ജഗത്തിന് ഉണ്മയില്ല. പലതായി തോന്നുന്നത് മനസ്സിന്റെ വിഭ്രമം മൂലമാണ്.
ശ്ലോകം 236
ഭ്രാന്തസ്യ യദ്യത് ഭ്രമതഃ പ്രതീതം
ബ്രഹ്മൈവ തത്തത് രജതം ഹി ശുക്തിഃ
ഇദം തയാബ്രഹ്മ സദൈവ രൂപ്യതേ-
ത്വാരോപിതം ബ്രഹ്മണി നാമമാത്രം
ഭ്രാന്തിയുള്ളവന് ഭ്രമം മൂലം പലതും കണ്ടേക്കും. എന്നാല്‍ അതെല്ലാം ബ്രഹ്മം തന്നെയാണ്. വെള്ളിയാണ് എന്ന് തോന്നിയത് മുത്തുച്ചിപ്പിയാണ്. ഈ ജഗത്ത് എന്നതായി സദാ നിലനില്‍ക്കുന്നത് ബ്രഹ്മം തന്നെയാണ്. ബ്രഹ്മത്തില്‍ ആരോപിതമായ ജഗത്ത് ഒരു പേര് മാത്രമാണ്. ബുദ്ധി വേണ്ട വിധത്തില്‍ പ്രവര്ത്തിക്കാത്തവനാണ് ഭ്രാന്തന്. യഥാര്‍ത്ഥത്തിലുള്ള ബ്രഹ്മത്തെ കാണാതെ ജഗത്തിനെ കാണുന്നയാള്‍ ഭ്രാന്തനാവും. ഇത്.. ഇത് എന്ന് പ്രതിഭാസിക്കുന്നതൊക്കെയും ബ്രഹ്മം തന്നെയാണ്. ബ്രഹ്മം ഇന്ദ്രിയ മനോബുദ്ധികള്‍ക്ക് വിഷയമാകുമ്പോഴാണ് ജഗത്തായിത്തീരുന്നത്. നാമരൂപങ്ങളെല്ലാം ബ്രഹ്മത്തില്‍ ആരോപിക്കപ്പെട്ടതാണ്. കടല്ക്കരയില് തിളങ്ങുന്ന മുത്തുച്ചിപ്പി, വെള്ളിയാണെന്ന് കരുതുംപോലെയാണിത്. നാമരൂപങ്ങളോടെ കാണപ്പെടുന്നതെല്ലാം ബ്രഹ്മം മാത്രമാണ്.
വസ്തുക്കളില്‍ നിന്ന് അതിന്റെ രൂപവും നാമവും നീക്കിയാല്‍ അവശേഷിക്കുന്നതാണ് ബ്രഹ്മം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: