ന്യൂദല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റില്‍ പ്രഖ്യാപിച്ച കിസാന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. കിസാന്‍ റെയില്‍ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആയി കിസാന്‍ സ്പെഷല്‍ പാഴ്സല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.
പാല്, മാംസം, മല്‍സ്യം പച്ചക്കറി എന്നിവ അടക്കമുള്ള പെട്ടെന്ന് കേടുവരുന്ന ഭക്ഷ്യവസ്തുക്കളുടെയും ധാന്യങ്ങളുടെയും ചരക്കുനീക്കം മെച്ചപ്പെടുത്താനായാണ് ഈ പദ്ധതി. മഹാരാഷ്ട്രയിലെ ദേവ്ലാലിയില്‍ നിന്ന് ബിഹാറിലെ ദാനാപൂര്‍ വരെയാണ് പ്രതിവാര ‘പാര്‍സല്‍ ട്രെയിനിന്റെ സര്‍വീസ് . കേന്ദ്ര കൃഷിവകുപ്പു മന്ത്രി നരേന്ദ്ര സിങ് തോമര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ട്രെയിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്.
യഥാസമയത്ത് ചരക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ പുതിയ സേവനം സഹായിക്കും. ചരക്കുകള്‍ കൃത്യസമയത്ത് എത്തിക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍. പഴം-പച്ചക്കറി പോലെ വേഗത്തില്‍ കേടാകുന്ന ഉല്‍പ്പന്നങ്ങള്‍ വൈകാതെ വിപണിയിലെത്തിച്ച് കര്‍ഷകരുടെ നഷ്ടം കുറയ്ക്കാനാണു കിസാന്‍ റെയില്‍ ലക്ഷ്യമിടുന്നത്
ഇന്ന് രാവിലെ 11-ന് പുറപ്പെട്ട ട്രെയിന്‍ 1,519 കിലോമീറ്റര്‍ പിന്നിട്ട് നാളെ വൈകുന്നേരം 6.45-ന് ദാനാപുരിലെത്തും. ദാനാപുരില്‍നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ ദേവ്ലാലിയില്‍ തിങ്കളാഴ്ച രാവിലെ 7.45-ന് എത്തിച്ചേരും. ട്രെയിന്‍ കുറഞ്ഞത് 14 സ്റ്റോപ്പുകളുണ്ടാകും.സ്പെഷല്‍ പാഴ്സല്‍ ട്രെയിനുകള്‍ക്ക് പത്തു കോച്ചുകളാണുണ്ടാവുക. കര്‍ഷകര്‍ക്ക് പ്രദേശത്തെ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് പാഴ്സല്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ളവയാണ് ട്രെയിനില്‍ കൊണ്ടുപോവുക. കൊറോണയില്‍ കാലത്ത് ഉല്പന്നങ്ങള് വിറ്റഴിക്കാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് കിസാന്‍ റെയില്‍ സര്‍വീസുകള്‍ സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: