കുന്നത്തൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പടിഞ്ഞാറെ കല്ലട കൃഷിഭവനില്‍ പച്ചക്കറി വിത്ത് വിതരണം. വിത്ത് വാങ്ങാന്‍ എത്തിയത് നൂറുകണക്കിനാളുകള്‍. ഒടുവില്‍ സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരെ ലാത്തിവീശി വിരട്ടി ഓടിച്ചു. അധികൃതരുടെ പിടിപ്പുകേടില്‍ നടന്ന വിത്ത് വിതരണത്തില്‍ തല്ലുകൊണ്ടത് വൃദ്ധരടക്കമുള്ളവര്‍ക്ക്.
രണ്ടുദിവസം മുമ്പ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പടിഞ്ഞാറെ കല്ലടയില്‍ കഴിഞ്ഞദിവസമാണ് ജനം തടിച്ചുകൂടിയത്. കരമടച്ച രസീതുമായി എത്തുന്നവര്‍ക്ക് സൗജന്യമായി പച്ചക്കറി വിത്ത് നല്‍കുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്നാണ് സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ എത്തിയത്. പഞ്ചായത്തധികൃതരും കൃഷിഓഫീസ് ജീവനക്കാരും വാട്സാപ്പ് കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ വഴി അറിയിപ്പ് നല്‍കിയാണ് ജനങ്ങളെ വരുത്തിയത്.
കോവിഡ് സമൂഹ വ്യാപന കാലത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് സര്‍ക്കാര്‍ സംവിധാനം തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്.
പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ 14 വാര്‍ഡുകളിലെയും കര്‍ഷകര്‍ കരമടച്ച രസീതമായി എത്തിയിരുന്നു. വിവരം അറിഞ്ഞെത്തിയ ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്നാണ് പരാതി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച അമിത അധികാരം ഉപയോഗപ്പെടുത്തിയാണ് ഈ നടപടിയെന്ന ആക്ഷേപവുമായി ഭരണമുന്നണിയിലെ സിപിഐയുടെ കര്‍ഷകസംഘടനയായ കിസാന്‍ സഭ രംഗത്തു വന്നു.
കുറ്റക്കാരായ ശാസ്താംകോട്ട സിഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കെ തൈ വിതരണത്തിന് യാതൊരു ക്രമീകരണവും ഉണ്ടാക്കാതെ കര്‍ഷകരെ ഒന്നടങ്കം വിളിച്ചുകൂട്ടിയ കൃഷിഓഫീസര്‍ ഗുരുതരമായ കൃത്യവിലോപമാണ് കാട്ടിയത്. പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ പദ്ധതി നിര്‍വഹണത്തിലും ആനുകൂല്യ വിതരണത്തിലും വന്‍ ക്രമക്കേടാണ് നടക്കുന്നതെന്നും പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേട് കാട്ടിയ കൃഷി ഓഫീസര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും കൃഷിഭവന് ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: