പത്മഭൂഷണ്‍ ഇ.ടി. നാരായണന്‍ മൂസ് വിടവാങ്ങുമ്പോള്‍ ചരിത്രമാകുന്നത് ആയുര്‍വേദത്തെ ജനകീയമാക്കിയ ഏഴുപതിറ്റാണ്ടിന്റെ ചികിത്സാ പാരമ്പര്യം. 1954 ല്‍, തന്റെ ഇരുപത്തൊന്നാം വയസിലാണ് നാരായണന്‍ മൂസ്, ഒല്ലൂര്‍ വൈദ്യരത്‌നം ഔഷധശാലയുടെ സാരഥ്യം ഏറ്റടുക്കുന്നത്. കടല്‍ കടന്ന് ലോകത്തിന്റെ അതിരോളം വ്യാപിച്ച കൈപ്പുണ്യത്തിന്റെ ചികിത്സാ കാലമായിരുന്നു പിന്നീടുള്ള ഏഴുപതിറ്റാണ്ട്. രാഷ്‌ട്രം പത്മഭൂഷണ്‍ നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്.
ആയുര്‍വേദ ചികിത്സയുടെ മഹത്വം ലോകത്തെ ബോധ്യപ്പെടുത്തിയതില്‍ ഒല്ലൂര്‍ എളേടത്ത് തൈക്കാട്ട് മൂസുമാരുടെ സംഭാവന നിസ്സാരമല്ല. അച്ഛന്‍ നീലകണ്ഠന്‍ മൂസും മുത്തച്ഛന്‍ നാരായണന്‍ മൂസും ആയുര്‍വേദ ചികിത്സയുടെ അവസാന വാക്കുകളായിരുന്നു. 1924 ലാണ് ബ്രിട്ടീഷ് വൈസ്രോയി, മുത്തച്ഛനായിരുന്ന നാരായണന്‍ മൂസിന് വൈദ്യരത്‌നം ബഹുമതി സമ്മാനിക്കുന്നത്. തീര്‍ത്തും ഗുരുകുല പഠന സമ്പ്രദായമായിരുന്നു തൈക്കാട്ട് വൈദ്യകുടുംബത്തിലേത്. 1941 ല്‍ നീലകണ്ഠന്‍ മൂസ് ആരംഭിച്ചതാണ് ഇന്നത്തെ വൈദ്യരത്‌നം ആയുര്‍വേദ കേന്ദ്രം. 55 ല്‍ ഇവിടെ കിടത്തി ചികിത്സ തുടങ്ങി.
ആയുര്‍വേദ ചികിത്സയുടെ പാരമ്പര്യ രീതികളില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത നിഷ്ഠയാണ് ചികിത്സയില്‍ നാരായണന്‍ മൂസ് പിന്തുടര്‍ന്നത്. തീര്‍ത്തും വ്യത്യസ്തമായിരുന്നു ചികിത്സാ രീതി. പണമല്ല പ്രധാനം, രോഗിയുടെ വിശ്വാസമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പലരും അര്‍ധ വിശ്വാസവുമായാണ് ചികിത്സയ്‌ക്ക് വരുന്നത്. ചികിത്സിക്കുന്നയാളിലും മരുന്നിലും പഥ്യത്തിലും രോഗിക്ക് പൂര്‍ണ വിശ്വാസമുണ്ടാകണം. എങ്കിലേ ചികിത്സ പൂര്‍ണമായും ഫലിക്കൂ. പണം നേടലല്ല ചികിത്സയുടെ ലക്ഷ്യം. അസുഖം ഭേദമാക്കലാണ്. ബാക്കിയെല്ലാം അനുബന്ധ കാര്യങ്ങള്‍ മാത്രം. ഇതായിരുന്നു നാരായണന്‍ മൂസിന്റെ ചികിത്സാ തത്വം. പണത്തിനു വേണ്ടിയാകരുത് ചികിത്സ എന്ന് പഠിപ്പിച്ച മുത്തച്ഛന്‍ തന്നെയാണ് ആദ്യ ഗുരു. പിന്നെ അച്ഛനില്‍ നിന്നും ചികിത്സാ പാഠങ്ങള്‍ ഹൃദിസ്ഥമാക്കി. ഇരുവര്‍ക്കുമൊപ്പമിരുന്ന് കുറിപ്പടികളെഴുതിയും ക്രമേണ രോഗികളെ നോക്കിയും യൗവനാരംഭത്തില്‍ തന്നെ നാരായണന്‍ മൂസ് ചികിത്സ പഠിച്ചു.
രോഗത്തെയല്ല രോഗിയെയാണ് ചികിത്സിക്കുന്നതെന്ന പക്ഷക്കാരന്‍. ഒരേ അസുഖവുമായി എത്തുന്ന രണ്ട് രോഗികള്‍ക്ക് ഒരേ അളവിലും തരത്തിലുമാകില്ല മരുന്ന് നല്‍കുക. രോഗിയുടെ ശരീര പ്രകൃതി, സ്വഭാവം പോലും രോഗത്തെയും ചികിത്സയെയും നിര്‍ണയിക്കുന്നതില്‍ അതിപ്രധാനമെന്ന് പഠിച്ചയാളാണ് നാരായണന്‍ മൂസ്.
ആയുര്‍വേദചികിത്സ എന്നത് മരുന്ന് സേവ മാത്രമല്ല. രോഗിയുടെ ബോധത്തെക്കൂടിയാണ് ചികിത്സിക്കുന്നത്. ആ ചികിത്സാ രീതികള്‍ ആയുര്‍വേദ രംഗത്ത് പുതിയ തലമുറയ്‌ക്ക് വിലപ്പെട്ട പാഠങ്ങളാണ്. ഇരുപത്തൊന്നാം വയസില്‍ തുടങ്ങിയ ചികിത്സ അവസാന കാലം വരെയും അദ്ദേഹം തുടര്‍ന്നു. രാവിലെ ആറരക്ക് ഉണരും. പ്രഭാതകൃത്യങ്ങള്‍ക്കും പ്രാതലിനും പ്രാര്‍ത്ഥനക്കും ശേഷം പത്തുമണിയോടെ ചികിത്സ ആരംഭിക്കും. രോഗികളെ പരിശോധിക്കലും മരുന്ന് നിര്‍ണയവും കുറിപ്പടി പറഞ്ഞുകൊടുക്കലുമായി മിക്കവാറും അത് നാലുമണിവരെയൊക്കെ നീളുമായിരുന്നു. അതിനു ശേഷമാണ് ഔഷധ ശാലയുടെ കാര്യങ്ങള്‍, കത്തുകള്‍ക്കുള്ള മറുപടി തയ്യാറാക്കല്‍, വായന തുടങ്ങിയവയൊക്കെ.
ആയുര്‍വേദത്തിന്റെ ഭാവി സാധ്യതകള്‍ കൂടി മുന്‍കൂട്ടിക്കണ്ടിരുന്ന ദീര്‍ഘ ദര്‍ശിയായിരുന്നു അദ്ദേഹം. ഭാവിയില്‍ ഔഷധ നിര്‍മ്മാണത്തിന് ആവശ്യമായ പച്ചമരുന്നുകള്‍ക്കും സസ്യങ്ങള്‍ക്കും ക്ഷാമം ഉണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ടു. അപൂര്‍വ്വങ്ങളായ മരുന്നിനങ്ങള്‍ ഉള്‍പ്പെടെ നട്ടുപിടിപ്പിച്ച് വളര്‍ത്താന്‍ ശ്രദ്ധ നല്‍കി. ഇന്ന് വലിയ ഒരു ഔഷധത്തോട്ടം തന്നെ തൈക്കാട്ടുശ്ശേരിയിലെ ഔഷധശാലയോടനുബന്ധിച്ചുണ്ട്.
ആദ്യകാലത്ത് ഇല്ലത്തെ ഊട്ടുപുരയില്‍ത്തന്നെയാണ് മരുന്നുകള്‍ ഉണ്ടാക്കിയിരുന്നത്. പിന്നീട് ചികിത്സയുടെ വ്യാപ്തിയും രോഗികളുടെ എണ്ണവും വര്‍ധിച്ചതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമായി വന്നു. അഷ്ടാംഗ ഹൃദയത്തില്‍ പരാമര്‍ശിക്കുന്ന അമ്പതിലേറെ മരുന്നുകള്‍ സ്വന്തമായി നിര്‍മ്മിച്ച് ആയുര്‍വേദ ചികിത്സാ രംഗത്ത് സംഭാവന ചെയ്തത് ഇ.ടി.നാരായണന്‍ മൂസാണ്.
മുത്തച്ഛന്റെ ചികിത്സാ പാരമ്പര്യത്തെ ഔഷധശാലയുടെ രൂപത്തില്‍ വിപുലമാക്കിയത് അച്ഛന്‍ നീലകണഠന്‍ മൂസ്സായിരുന്നു. നാരായണന്‍ മൂസിന്റെ കാലമായപ്പോഴേക്ക് കേരളത്തിന് പുറത്ത് എന്നല്ല വിദേശത്ത് നിന്നുപോലും ആളുകള്‍ ചികിത്സ തേടി എത്തുന്ന നിലയിലേക്ക് ഔഷധശാല ഉയര്‍ന്നു. പിന്നീടാണ് 1966 ല്‍ ഔഷധ നിര്‍മ്മാണ ശാല ആരംഭിക്കുന്നത്. 1976 ല്‍ വൈദ്യരത്‌നം ആയുര്‍വേദ കോളേജും ആരംഭിച്ചു.
അതിപ്രശസ്തര്‍ മുതല്‍ സര്‍വ്വ സാധാരണക്കാര്‍ വരെയുള്ള പതിനായിരങ്ങള്‍ക്കാണ് അദ്ദേഹം തന്റെ ചികിത്സ കൊണ്ട് സൗഖ്യം നല്‍കിയത്. മുന്നിലെത്തുന്നയാളുടെ പ്രശസ്തിയോ പെരുമയോ, ഇല്ലായ്മയോ ചികിത്സയെ ഒരു തരത്തിലും ബാധിക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയും മൂസ്സിനുണ്ടായിരുന്നു.
ദരിദ്രരായ ഒട്ടേറെ രോഗികള്‍ക്ക് ആ കാരുണ്യ ഹസ്തം തുണയായിട്ടുണ്ട്. അതൊന്നും പുറംലോകം അറിയരുതെന്ന നിര്‍ബന്ധ ബുദ്ധിയും നാരായണന്‍ മൂസിനുണ്ടായിരുന്നു. അഷ്ടവൈദ്യ പാരമ്പര്യത്തിലെ സുപ്രധാന കണ്ണികളിലൊന്നാണ് നാരായണന്‍ മൂസിന്റെ നിര്യാണത്തിലൂടെ കേരളത്തിനും ലോകത്തിനും നഷ്ടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: