പ്രകൃതിയെയും സസ്യജന്തുജാലങ്ങളെയും അടുത്തറിയുകയും, അവയെ സ്നേഹിക്കുകയും ചെയ്യലാണ് തന്റെ ആദ്ധ്യാത്മികതയെന്ന് പ്രവൃത്തികളിലൂടെ തെളിയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അത്യപൂര്‍വ്വമായ വ്യക്തിത്വത്തിനുടമ. മനുഷ്യ സ്നേഹിയും ഒപ്പം പ്രകൃതി ഉപാസകനുമായ തളിപ്പറമ്പ് സ്വദേശി വിജയ് നീലകണ്ഠന്. കൂട്ടുകാര്‍ക്ക് വിജയ്, നാട്ടുകാര്‍ക്ക് സ്വാമിയും അന്യദേശക്കാര്‍ക്ക് ഗുരുജിയുമായ അദ്ദേഹം കഴിഞ്ഞ കുറേകാലങ്ങളായി മണ്ണിനെയും മനുഷ്യരെയും സ്നേഹിക്കുന്നതോടൊപ്പം പ്രകൃതിയുടെ നേരറിവുകള്‍ തേടിയുള്ള ജീവിത യാത്രയിലാണ്.
ഒമ്പതാം വയസ്സില്‍ നടത്തിയ ആദ്യ വനയാത്ര മുതല്‍ ഇങ്ങോട്ട് മൂന്നു പതിറ്റാണ്ടുകളിലേറെയായി രാജ്യത്താകമാനമുള്ള ദേശീയ വന്യമൃഗ സങ്കേതങ്ങളും ഉദ്യാനങ്ങളും സന്ദര്‍ശിച്ച് കാടിന്റെയും കാട്ടുമൃഗങ്ങളുടെയും ആവാസവ്യവസ്ഥകളില്‍ സ്വയം മുഴുകി ജീവിക്കുകയാണ് ഈ ചെറുപ്പക്കാരന്. വിവിധ വര്‍ഗത്തില്‍പ്പെട്ട വന്യജീവികള്‍ പ്രകൃതിയുടെ സവിശേഷ സന്തുലനത്തിന് നല്കുന്ന സംഭാവനകളെക്കുറിച്ചുള്ള പഠനം അഭിനിവേശനമായി കാണുകയാണിയാള്‍. വംശനാശം നേരിടുന്ന ജീവികളുടെ പ്രസക്തിയെ പുതുതലമുറയ്ക്ക് ബോധ്യപ്പെടുത്താന്‍ ഈ യാത്രകള്‍ അദ്ദേഹം ഉപയോഗപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളില്‍ ഭാരതത്തിലെ എല്ലാവിധ നാഷണല്‍ പാര്‍ക്കുകളും നിബിഡ വനങ്ങളും സന്ദര്‍ശിച്ച വിജയ് നീലകണ്ഠന് ലോകത്തിലെ മൂന്നാമത്തെ വന്യജീവി സങ്കേതം ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കിനരികില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തിട്ടുണ്ട്. കാട്ടാനകളും വന്യമൃഗങ്ങളും പാമ്പുകളും സാഹോദര്യത്തിന്റെ സന്ദേശവാഹകരാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ്. മാത്രമല്ല പാമ്പുകളുമായി മുപ്പത് വര്‍ഷക്കാലമായി വളരയെടുത്ത് ഇടപഴകുന്ന ഇദ്ദേഹം അറിയപ്പെടുന്ന പാമ്പ് സ്നേഹികളില്‍ ഒരാളാണ്.
പാമ്പുകള്‍ ഒരിക്കലും ശത്രുക്കളല്ലെന്നും അവ ആവാസവ്യവസ്ഥയുടെ ഭാഗമാണെന്നും അവയെ ഒരുതരത്തിലും ഉപദ്രവിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു. പ്രകൃതിയുടേയും വന്യമൃഗങ്ങളുടേയും പരിരക്ഷണത്തിനായി ജില്ലയ്ക്കകത്തും പുറത്തുമുളള ജനങ്ങളേയും വിനോദസഞ്ചാരികളെയും സ്കൂള്‍ കുട്ടികളെയും വര്‍ഷങ്ങളായി വിജയ് നീലകണ്ഠന് ക്ലാസുകളിലൂടെ ബോധവല്‍ക്കരിച്ചു വരികയാണ്.
കണ്ണൂര്‍ കൊട്ടിയൂരില്‍ രാജവെമ്പാലയെ കണ്ട് നാട്ടുകാര്‍ ഫോറസ്റ്റുകാരെ വിവരമറിയിച്ചപ്പോള്‍ അവിടെയെത്തിയ നീലകണ്ഠന് അത് ഇലക്കൂമ്പാരങ്ങളില്‍ മുട്ടയിടാന്‍ വന്ന പെണ് രാജവെമ്പാലയാണെന്ന് മനസ്സിലാക്കുകയും പാമ്പിന്റെ നിരവധി മുട്ടകള്‍ ഇലക്കൂമ്പാരങ്ങള്ക്കുള്ളില് കണ്ടെത്തുകയും ചെയ്തു. മുട്ടയ്ക്കടയിരിക്കുന്ന പെണ്‍പാമ്പിനെ കൊണ്ടു പോകുന്നത് തടയുകയും ചെയ്തു. മുട്ടകള്‍ വിരിയുന്നതുവരെ മൂന്നു മാസങ്ങളോളം പാമ്പിന് കൂട്ടിരിക്കുകയും പിന്നീട് അതിനെ വനപാലകര്‍ക്ക് കൈമാറുകയും ചെയ്ത സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വിദേശ ചാനലുകളടക്കം സംഭവം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷത്തില്‍ നല്ലൊരുഭാഗം വിജയ് നീലകണ്ഠന് വനങ്ങളുമായി ബന്ധപ്പെട്ട സഞ്ചാരത്തിലാണ്. അന്തരാഷ്ട്ര സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ഉപരിപഠനം ചെയ്ത വിജയ് മാനേജ്മെന്റ് വിദഗ്ധനാണ്. തന്റെ സാമൂഹ്യ പ്രതിബദ്ധത വിജയ് നീലകണ്ഠന് നാടിന്റെ നിരവധി പരിസ്ഥിതി പ്രശ്നങ്ങളില്‍ ഇടപെട്ട് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മന്ത്രി കടകമ്പള്ളി സുരേന്ദ്രനില്‍ നിന്ന് തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ഹരിത രത്നം പുരസ്കാരം ഏറ്റുവാങ്ങുകയുണ്ടായി.
തളിപ്പറമ്പിന്റെ പൂര്‍വ്വ നാമമെന്ന് വിശ്വസിക്കുന്ന പെരുഞ്ചെല്ലൂരിലെ നിരവധി വ്യവസായങ്ങളുടേയും കമ്പനികളുടേയും ഉടമയായിരുന്ന കമ്പനി സ്വാമിയെന്ന പി. നീലകണ്ഠ അയ്യരുടെ ചെറുമകനാണ് വിജയ്. ശുദ്ധ സംഗീതോപാസകനായ വിജയ് രൂപകല്പന ചെയ്ത തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്തുള്ള പിതാമഹന്റെ സ്മൃതി മണ്ഡപത്തില്‍ മുടങ്ങാതെ എല്ലാ മാസങ്ങളിലും പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ നേതൃത്വത്തില്‍ ഗാനാര്‍ച്ചനയും സംഗീത കച്ചേരിയും നടത്താറുണ്ട്. സമൂഹത്തിലെ ഒന്നാംനിര കലാകാരന്മാരുടെ സംഗീത സദസ്സുകള്‍ തളിപ്പറമ്പിലെ സാധാരണക്കാര്‍ക്കും ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം രൂപം നല്‍കിയതാണ് പെരുംചെല്ലൂര് സംഗീത സഭ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രമുഖ സംഗീതോപാസകര്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവിനുളളില്‍ സംഗീത സദസ്സില്‍ സംബന്ധിക്കുകയുണ്ടായി. പരേതനായ പി. നീലകണ്ഠന്-ഭുവനേശ്വരി ദമ്പതികളുടെ മകനാണ് അവിവാഹിതനായ നീലകണ്ഠന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: