വാഷിങ്ടണ്‍: കൊറോണ വൈറസ് ലോകരാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കിയത് ചൈന മുതലെടുക്കുകയാണെന്ന് യുഎസ്. കൊറോണയുടെ മറവില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ചൈന നിയമ ലംഘനങ്ങള്‍ അഴിച്ചു വിടുകയാണ്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെറാണ് ഇത്തരത്തില്‍ ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏഷ്യന്‍ മേഖലയിലെ പ്രതിരോധം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ വ്യാപനം മുതലെടുത്താണ് ഇന്ത്യയുടെ അതിര്‍ത്തി ലംഘനത്തിന് ചൈന പദ്ധതി തയ്യാറാക്കിയത്. കഴിഞ്ഞ ഏഴ് മാസങ്ങളായി ചൈന വളരെ വേഗത്തിലും തീവ്രതയിലുമാണ് മറ്റ് രാജ്യങ്ങളുമായുള്ള വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പെട്ടെന്നുനടത്തിയ കടന്നുകയറ്റംശ്രമം, ഹോങ്കോംഗിലെ കൈകടത്തല്‍ എന്നിവ വ്യക്തമാണെന്നും എസ്പര് ചൂണ്ടിക്കാട്ടി.
ദക്ഷിണ ചൈനാ കടലിലും ചൈന കയ്യേറ്റം ആവര്‍ത്തിക്കുകയായിരുന്നു. വിയറ്റ്നാം, തായ്വാന്, ഇന്തോനേഷ്യ എന്നീ ദ്വീപുരാജ്യങ്ങളെ കയ്യടക്കാനാണ് അവര്‍ ഇതിലൂടെ ലക്ഷ്യമിട്ടത്. ചൈനാക്കടലിലെ പത്തുലക്ഷം ചതുരശ്ര മൈലാണ് ബീജിംഗ് അനധികൃതമായി വളഞ്ഞുപിടിച്ചിരിക്കുന്നത്. ബ്രൂണേയ്, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്വാന്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന കൃത്രിമദ്വീപുകളില് ചൈന സൈനികത്താവളം ഒരുക്കിയെന്നും യുഎസ് വിമര്‍ശിച്ചു.
ലോകത്തെ തന്നെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണ്. എന്നിട്ടും വൈറസ് വ്യാപനം അവസരമായി കണക്കാക്കി ചൈന അവരുടെ പ്രചാരണം ശക്തമാക്കുകയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ പോലും അവര്‍ പലപ്പോഴും ലംഘിക്കുകയാണെന്നും എസ്പര് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: