കണ്ണൂര്‍: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന ചുമതല ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് തിരികെ നല്‍കണമെന്ന് കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി. രാപ്പകല്‍ ഭേദമന്യേ രോഗാരംഭം മുതല്‍ മികച്ച പ്രതിരോധ നടപടികളാണ് ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങള്‍ക്കിടയില്‍ നടത്തുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന ചുമതല ഇല്ലാതായത് ആരോഗ്യ വകുപ്പിലെ മുകളിലോട്ടുള്ള ദൈനംദിന റിപ്പോര്‍ട്ടുകള്‍ക്കും മറ്റും സാങ്കേതിക തടസ്സം ഉണ്ടാക്കാനിടയുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചുള്ള പ്രതിരോധ ജോലികള്‍ക്കിടയില്‍ ജൂനിയര്‍ എച്ച്ഐമാര്ക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും ആശാപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേല്‍ക്കുകയും ജീവനക്കാര്‍ക്ക് കോവിഡ് രോഗബാധ ഉണ്ടാകുകയും ചെയ്ത സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും ആശാപ്രവര്‍ത്തകരെയും മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടികളാണ് അന്ന് സര്‍ക്കാരും പോലീസും സ്വീകരിച്ചത്. എന്നാല്‍ ഇതൊക്ക അതിജീവിച്ച് സ്ത്രീകളുള്‍പ്പെടയുള്ള എല്ലാ ആരോഗ്യ വകുപ്പ് ജീവനക്കാരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നതിനിടെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രധാന ചുമതല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരില്‍ നിന്നും പോലീസിന് കൈമാറിയത്.
ജനങ്ങള്‍ക്കിടയില്‍ ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിഭാഗത്തിന്റെ മനോവീര്യം ഇല്ലാതാക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആശ്രാമം പി.ആര്.ബാലഗോപാല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: