ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സുമിത് നഗാലിന് യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ മത്സരിക്കാന്‍ നേരിട്ട് യോഗ്യത ലഭിച്ചു. കൊറോണ മഹാമാരിയെ തുടര്‍ന്ന് മുന്‍നിര താരങ്ങള്‍ പിന്മാറിയ സാഹചര്യത്തിലാണ് 127-ാം റാങ്കുകാരനായ സുമിത്തിന് സിംഗിള്‍സില്‍ മത്സരിക്കാന്‍ നേരിട്ട് യോഗ്യത ലഭിച്ചത്.
മെയിന്‍ ഡ്രോയിലെ ഏക ഇന്ത്യന്‍ താരമാണ് സുമിത്. പോയവര്‍ഷം യുഎസ് ഓപ്പണില്‍, അഞ്ചുതവണ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ക്കെതിരെ ആദ്യ റൗണ്ടില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് സുമിത് മടങ്ങിയത്. ഫെഡറര്‍ക്കെതിരെ ആദ്യ സെറ്റ് നേടിയ സുമിത്തിന് പക്ഷെ അവസാന സെറ്റുകളില്‍ മികവ് ആവര്‍ത്തിക്കാനായില്ല. 6-4, 1-6, 2-6, 4-6 എന്ന സ്കോറിന് തോറ്റു. ലോക നാലാം നമ്പറായ റോജര്‍ ഫെഡറര്‍ ഈ വര്‍ഷത്തെ യുഎസ് ഓപ്പണില്‍ നിന്ന്് പിന്മാറി. പരിക്കിനെ തുടര്‍ന്നാണ് ഫെഡറര്‍ ഈ വര്‍ഷത്തെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളില്‍ നിന്നും പിന്മാറിയത്. റാഫേല്‍ നദാലും യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി. ഈ മാസം മുപ്പത്തിയൊന്ന് മുതല്‍ സെപ്തംബര്‍ പതിമൂന്ന് വരെയാണ് യുഎസ് ഓപ്പണ്‍ അരങ്ങേറുക. ലോക ഒന്നാം നമ്പറായ നൊവാക് ദ്യോക്കോവിച്ച്, ഡൊമിനിക് തീം, ഡാനിയല്‍ മെഡ്വദേവ്, സ്റ്റെഫാനോ ടിസ്പിയാസ് തുടങ്ങിയവര്‍ ഈ വര്‍ഷം മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: