തൃശൂര്‍: തൃപ്രയാര്‍ തളിക്കുളം തമ്പാന് കടവില്‍ അതിശക്തമായി കടലേറ്റം തുടരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ 100 മീറ്റര്‍ ആണ് കടല്‍ കയറിയത്. ജനപ്രതിനിധികളുടെ വാഗ്ദാനങ്ങള്‍ പാഴ്വാക്കായി മാറുന്ന നേര്‍ക്കാഴ്ച്ചയാണ് കടല്‍പ്പുറത്ത് നമ്മള്‍ക്ക് കാണാന്‍ സാധിക്കുന്നത്. കടപ്പുറത്തെ കടലേറ്റം അതിരൂക്ഷമായ ഭാഗങ്ങളില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി.
പഞ്ചായത്തില്‍ തന്നെ താമസിക്കുന്ന എംപി ഉണ്ടായിട്ടുപോലും തളിക്കുളം കടപ്പുറത്ത് കടല്‍ക്ഷോഭം തടയുവാന്‍ താല്‍ക്കാലിക തടയണ പോലും നിര്‍മ്മിക്കുവാന്‍ സാധിക്കാത്തതിനാല്‍ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. 500ഓളം കുടുംബങ്ങളുടെ ജീവന് വെച്ച് അധികൃതര്‍ പന്താടുകയാണ്. കടല്‍ക്ഷോഭം രൂക്ഷമാകുന്ന സമയത്ത് വാഗ്ദാനങ്ങളുടെ പെരുമഴ ചെയ്യുന്നത് അല്ലാതെ തീരദേശ മഹത്തായ കാര്യമായി പരിഗണിക്കാത്ത അവസ്ഥയാണ് ഇന്ന് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍സ് നാഡിപ്പാറയില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നിരവധി വൃക്ഷങ്ങള്‍ കടപുഴകുകയും ശിഖരങ്ങള്‍ ഒടിഞ്ഞുവീഴുകയുമുണ്ടായി. കൈമാപ്പറമ്പില്‍ സുനില്‍കുമാറിന്റെ വീടിനു മുകളിലെ 2000 ചതുരശ്രഅടിയിലെ ട്രസ്സ് തകര്‍ന്നുവീണു. വൃക്ഷങ്ങള്‍ വീണ് വീടിനും കാര്യമായ നാശ നഷ്ങ്ങളുണ്ടായിട്ടുണ്ട്.ഇദ്ദേഹത്തിന്റെ ഇരുപതോളം റബ്ബര്‍, 3 തേക്കുകള്‍ ഒരു മഹാഗണി തുടങ്ങി നിരവധി മരങ്ങള്‍ നശിച്ചിട്ടുണ്ട്. ആളൂരുത്താന്‍ വീട്ടില്‍ ശങ്കരന്റെ റബ്ബര്‍ തോട്ടത്തിലെ പത്തോളം റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞു പോയി.
ചിറ്റത്താട്ടില് തങ്കപ്പന്റെ വീടിനു മുകളിലേക്ക് തേക്ക് മരം കടപുഴകി വീണു. ചുക്കിരി കൃഷ്ണന്, പയ്യാക്ക കാളി, എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്കും വൃക്ഷങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ട്. പ്രദേശത്ത് നിരവധി വാഴകളും നശിച്ചിട്ടുണ്ട്.ഞാറ്റുവെട്ടി വേലായുധന്റെയും അണലിപ്പറമ്പില്‍ രാജന്റെയും 5 വീതം ജാതി മരങ്ങളൂം കടപുഴകി വീണു.വാര്‍ഡ് മെമ്പര്‍ സുബിത, മറ്റ് ജനപ്രതിനിധികളായ ആശ ഉണ്ണികൃഷ്ണന്, പി.എസ്.പ്രശാന്ത്, ശ്രീധരന് കളരിക്കല്‍, സി.വി.ഗിനീഷ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥലത്തെത്തി.മറ്റത്തൂര്‍ വില്ലേജ് ഓഫീസര്‍ മധുവിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.
തൃശൂര്‍: കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ വെളളപ്പൊക്ക സാധ്യത മുന്നില്‍ക്കണ്ട് ഒന്നാം വാര്‍ഡിലെ പാപ്പിരുത്തി പ്രദേശത്തുനിന്ന് രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. മഴ കനത്താല്‍ ആദ്യം വെള്ളം കയറുന്ന വീടുകളാണിവ. കാട്ടകാമ്പാല്‍ ഇ.എം.എല്‍.പി. സ്കൂള്‍, പെങ്ങാമുക്ക് ഹൈസ്കൂള്‍, പഴഞ്ഞി എം.ഡി. കോളേജ് തുടങ്ങിയവയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സദാനന്ദന് അറിയിച്ചു. പഞ്ചായത്ത് അധികൃതര്‍ വെളളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പാപ്പിരുത്തി, സ്രായില്‍, അരുവായി ദേവി നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: