വെള്ളറട: കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ കൊല്ലയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കൊല്ലയില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി നടന്ന ഉദ്ഘാടനത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷയായി. പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍, കൊല്ലയില്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം വൈകിട്ട് 6 വരെ ആക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും നിയമിക്കുകയും ചെയ്തിട്ടുണ്ട്.
നിത്യേനയുള്ള ജീവിതശൈലി രോഗക്ലിനിക്കുകള്‍, സ്വകാര്യതയുള്ള പരിശോധനാമുറികള്‍, മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സകള്‍, ഡോക്ടര്‍മാരെ കാണുന്നതിനു മുമ്പ് നഴ്‌സുമാര്‍ വഴി പ്രീചെക്കപ്പിനുള്ള സൗകര്യം, രോഗി സൗഹൃദവും ജനസൗഹാര്‍ദ്ദവുമായ അന്തരീക്ഷം എന്നിവയാണ് ആര്‍ദ്രം മിഷന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
കൂടാതെ ആസ്ത്മാ, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ശ്വാസ് ക്ലിനിക്ക്, മാനസികാരോഗ്യ പരിചരണത്തിന് ആശ്വാസം ക്ലിനിക്ക്, ഫീല്‍ഡ് തലത്തില്‍ സമ്പൂര്‍ണ മാനസികാരോഗ്യ പരിപാടി, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ക്ലിനിക്കുകള്‍ എന്നിവയാണ് പ്രാഥമികഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: