ന്യുദല്‍ഹി: 2019ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. ആദ്യ 100 റാങ്കുകളില്‍ 11 മലയാളികള്‍ ഇടം നേടി. സി.എസ്. ജയദേവാണ് അഞ്ചാം റാങ്ക് സ്വന്തമാക്കി കേരളത്തില്‍ നിന്ന് ഒന്നാമതെത്തിയത്.
പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ്മ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. കേരളത്തില്‍ നിന്ന് റാങ്ക് പട്ടികയിലെ ആദ്യ 100ല്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ ആര്‍. ശരണ്യ (36), അശ്വതി ശ്രീനിവാസ് (40), ഷഫ്‌ന നസറുദ്ദീന്‍ (45), ആര്‍. ഐശ്വര്യ (47), അരുണ്‍ എസ്. നായര്‍ (55), എസ്. പ്രിയങ്ക (68), ബി. യശസ്വിനി (71), നിതിന്‍ കെ. ബിജു (89), എ.വി. ദേവിനന്ദന (92), പി.പി. അര്‍ച്ചന (99) എന്നിവരാണ്. എസ് ചൈത്ര തെരേസ ജോണിന്റെ സഹോദരന്‍ ഡോ. ജോര്‍ജ് അലന്‍ ജോണിന് 156-ാം റാങ്കുണ്ട്. കൊല്ലം പത്തനാപുരത്തെ ഫയര്‍മാന്‍ ആശിഷ് ദാസ് 291-ാം റാങ്ക് നേടി. കാഴ്ചയില്ലെന്ന പരിമിതികളെ അതിജീവിച്ച് 804-ാം റാങ്ക് സ്വന്തമാക്കിയ തിരുവനന്തപുരം കാട്ടാക്കട വീരണകാവ് സ്വദേശി ഗോകുലിന്റെ നേട്ടത്തിന് ഒന്നാം റാങ്കിനേക്കാള്‍ തിളക്കം.
രാജ്യത്താകെ 829 പേരാണ് നിയമനത്തിന് അര്‍ഹത നേടിയത്. 182 പേരെ റിസര്‍വ് പട്ടികയിലും ഉള്‍പ്പെടുത്തി. റാങ്ക് പട്ടികയില്‍ ഇടം പിടിച്ചവരില്‍ 60 പേര്‍ മലയാളികള്‍. ജനറല്‍ വിഭാഗത്തില്‍നിന്ന് 304, ഇഡബ്ല്യുഎസ് 78, ഒബിസി വിഭാഗത്തിലെ 251, എസ്‌സി വിഭാഗത്തിലെ 129, എസ്ടി വിഭാഗത്തിലെ 67 പേരും ലിസ്റ്റില്‍ ഇടംനേടി. ഐഎഎസ് (180), ഐഎഫ്എസ് (24), ഐപിഎസ് (150), ഗ്രൂപ്പ് എ വിഭാഗം (438), ഗ്രൂപ്പ് ബി വിഭാഗം (135) ഉള്‍പ്പെടെ മൊത്തം 927 ഒഴിവുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: