ആര്‍ക്കും കീഴടക്കാനാവാത്തതെന്നാണ് അയോധ്യ എന്ന വാക്കിന്റെ അര്‍ത്ഥം. ഭഗവാന്‍ ശ്രീരാമ ചന്ദ്രന്റെ ജനനം കൊണ്ട് പവിത്രമായ അയോധ്യയില്‍, അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഉയര്‍ന്ന ക്ഷേത്രം തകര്‍ക്കപ്പെട്ടപ്പോള്‍ ഉടഞ്ഞുപോയത് ഭാരത്തിലെ ഹൈന്ദവ ജനതയുടെ മനസ്സാണ്. ആ വികാരം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട്, 1990 സപ്തംബര്‍ 25ന് ലാല്‍കൃഷ്ണ അദ്വാനി ഗുജറാത്തിലെ സോമനാഥില്‍ നിന്നും അയോധ്യയിലേക്ക് നടത്തിയ രാമരഥയാത്രയാണ് അയോധ്യ പ്രക്ഷോഭത്തില്‍ പ്രധാന വഴിത്തിരിവായത്. അന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു അദ്വാനി.
1984-85ല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങാനുള്ള തീരുമാനത്തിലെത്തി. പ്രയാഗ് രാജിലെ അശോക് സിംഘാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ആ തീരുമാനം ഉയര്‍ന്നത്. രജ്ജു ഭയ്യ, ഡോ. മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, സുബ്രഹ്മണ്യ സ്വാമി, ഉമാഭാരതി, സാധ്വി ഋതംബര, വിനയ് കത്യാര്‍ തുടങ്ങി പ്രമുഖ നേതാക്കളും സംന്യാസിമാരും ആ യോഗത്തില്‍ പങ്കെടുത്തു.
അദ്വാനിയുടെ രഥയാത്രയ്‌ക്ക് അശോക് സിംഗാള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. ഹിന്ദു ദേശീയവാദികള്‍ രഥയാത്രയ്‌ക്കൊപ്പം അണിനിരന്നു. അയോധ്യയില്‍ രാമക്ഷേത്രം ഉയരുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. നിരവധി കര്‍സേവകരും രാമഭക്തരും അദ്വാനിയുടെ രഥയാത്രയെ അനുഗമിച്ചു. ഒരു ദിവസം ഏകദേശം 300 കിലോമീറ്ററുകള്‍ താണ്ടി. ആറ് പൊതുറാലികളെ അദ്ദേഹം അഭിസംബോധന ചെയ്തു. നൂറ് കണക്കിന് ഗ്രാമങ്ങളും നഗരങ്ങളും പിന്നിട്ട യാത്രയിലൂടെ ഹിന്ദുവിന്റെയുള്ളില്‍ അയോധ്യയ്‌ക്ക് അനുകൂലമായി ഒരു പൊതുവികാരം ഉണര്‍ത്താന്‍ സാധിച്ചു. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബഹുജന പ്രക്ഷോഭമായി അത് മാറി.
രഥയാത്രയെന്ന ആശയം അദ്വാനി വിപുലപ്പെടുത്തിയെടുത്തത് അന്നത്തെ ഊര്‍ജ്ജസ്വല നേതാവും ബിജെപി ജന.സെക്രട്ടറിയുമായിരുന്ന പ്രമോദ് മഹാജനുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷമാണ്. ജനസംഘം സ്ഥാപക നേതാക്കളിലൊരാളായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ സപ്തംബര്‍ 25ന് രഥയാത്ര ആരംഭിക്കാന്‍ തീരുമാനിച്ചു. അദ്വാനിയുടെ മനസ്സറിഞ്ഞ പ്രമോദ് മഹാജനാണ് രഥയാത്ര എന്നത് രാമരഥയാത്രയായി പരിവര്‍ത്തനം ചെയ്തത്. 1990 സപ്തംബര്‍ 12ന് അദ്വാനി മാധ്യമങ്ങളെ കണ്ടു. രഥയാത്രയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
പ്രമോദ് മഹാജന്‍, ഉമാഭാരതി, വിനയ് കത്യാര്‍, കല്യാണ്‍ സിങ്, ഡോ. മുരളി മനോഹര്‍ ജോഷി, നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങി പ്രമുഖരുടെ നിരതന്നെ അദ്വാനിയെ അനുഗമിച്ചു. ഗുജറാത്ത്, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കടന്ന് യാത്ര ബീഹാറിലെത്തി. വന്‍ വിജയം കണ്ട യാത്ര, ഒക്ടോബര്‍ 23ന് ബീഹാറിലെ സമസ്തിപൂരില്‍ വച്ച് തടഞ്ഞു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്ത് ബിജെപിക്ക് ശക്തമായ അടിത്തറ പടുത്തുയര്‍ത്താന്‍ അന്നത്തെ അദ്വാനിയുടെ രഥയാത്രയ്‌ക്ക് സാധിച്ചു. രാമജന്മഭൂമി പ്രക്ഷോഭത്തിന് പുതിയൊരു ദിശാബോധം നല്‍കിയതില്‍ പ്രധാനപങ്ക് വഹിച്ചതും ഈ രഥയാത്രയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദം നിറഞ്ഞ കാലമെന്നാണ് അദ്വാനി ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹം അന്ന് അനുഭവിച്ച ആനന്ദമാണ് ഇന്ന് അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടക്കുമ്പോഴും ഭാരതത്തിലെ കോടിക്കണക്കിന് ഹിന്ദുക്കള്‍ അനുഭവിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: