നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അയോദ്ധ്യ രാമജന്മ ഭൂമി പ്രശ്‌നത്തിന് പരിഹാരമായത് 2019 നവംബര്‍ 9 ന് സുപ്രീം കോടതി പുറപ്പെടുവിച്ച അന്തിമ വിധിയോടെയാണ്. എല്ലാവിധ നിയമ വശങ്ങളും ഉന്നയിച്ച് വാദിക്കാന്‍ ഇരുവിഭാഗങ്ങള്‍ക്കും അവസരം കിട്ടിയ അന്തിമ വിചാരണ ഏതാണ്ട് നാല്‍പ്പത് ദിവസങ്ങളോളം നീണ്ടു നിന്നു. ഒടുവില്‍ പൂര്‍ണ്ണമായും തെളിവുകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയെ ബഹുഭൂരിപക്ഷം ജനങ്ങളും ചരിത്രപരം എന്നാണ് വിശേഷിപ്പിച്ചത്. അത് നമ്മുടെ രാജ്യത്ത് കൊണ്ടു വന്നത് വലിയ ആശ്വാസത്തിന്റെ അന്തരീക്ഷമായിരുന്നു. സമ്പൂര്‍ണ്ണമായും ഭരണഘടനയുടെയും ഇന്ത്യന്‍ നിയമ വ്യവസ്ഥയുടേയും തത്വങ്ങളില്‍ ഊന്നി നിന്നുകൊണ്ട് നടത്തിയ ഈ വിധിയെ ‘ഭൂരിപക്ഷ വിധി’ എന്ന് ആരോപിച്ച് ജനങ്ങളില്‍ അവിശ്വാസത്തിന്റെ വിത്തു പാകാന്‍ ശ്രമങ്ങള്‍ നടക്കുന്നു. 1045 പേജുകള്‍ വരുന്ന ഈ വിധിയുടെ എല്ലാവശങ്ങളും സാധാരണക്കാര്‍ക്ക് വായിച്ച് മനസ്സിലാക്കാന്‍ സാധിക്കില്ല. എങ്കിലും ഇത്രയും പ്രാധാന്യമുള്ളതായ വിധിയിലേക്ക് സുപ്രീം കോടതിയെ നയിച്ച പ്രധാന കണ്ടെത്തലുകള്‍ ജനങ്ങള്‍ അറിയണം. ചെന്നൈ ആര്‍ആര്‍ സഭാ ഹാളില്‍ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ വെങ്കട്ടരാമന്‍ ‘അയോദ്ധ്യ വിധിയും ദേശീയ ഐക്യവും’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണം അയോധ്യവിധിയെ സമഗ്രതയില്‍ അറിയാനാകും.
(വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസംഗത്തെ ആറ് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു)
സുപ്രീം കോടതിയുടെ ശ്ലാഘനീയമായ പരിശ്രമം,
സമൂഹത്തിലെ പ്രമുഖരോടുള്ള നന്ദിപ്രകാശനം
രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ സീതായാ: പതയേ നമ:
മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം, ശ്രീരാമ ദൂതം ശിരസാ നമാമി
അയോധ്യ വിധിയോട് യുവജനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞത് നൂറു പേരോടെങ്കിലും സംസാരിച്ചിരുന്നു. കാരണം ഈ വിഷയത്തില്‍ നമ്മള്‍ എന്തൊക്കെയാണോ സംസാരിക്കാന്‍ പോകുന്നത് അത് ഭാരതത്തിന്റെ ഭാവിതലമുറയിലേക്ക് എത്തുകയും അവര്‍ക്ക് പ്രയോജനം ചെയ്യുകയും വേണം. ഈ വിധി നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടേയും സുപ്രീം കോടതിയുടെയും ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷം ആയിരുന്നു. ഈ വിഷയം സുപ്രീംകോടതി കൈകാര്യം ചെയ്തതിലെ വൈദഗ്‌ദ്ധ്യം അതിശയകരമാണ്. പലര്‍ക്കും ഒരുപക്ഷേ സംശയം ഉണ്ടായേക്കാം. എന്താണ് ഇതില്‍ ഈ വാക്കിന് ഇത്ര പ്രാധാന്യം ? ഇത്തരം വിഷയങ്ങളില്‍ തീരുമാനം എടുക്കാനാണ് സുപ്രീം കോടതി. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു വിശേഷണം ? ആര്‍ക്കും ഈ സംശയം ഉണ്ടാവാം. വളരെ വളരെ വര്‍ഷങ്ങള്‍, നൂറ്റാണ്ടുകള്‍ തന്നെ ഇന്ത്യയിലെ രാഷ്‌ട്രീയ ഭരണകൂടങ്ങള്‍ കൈവയ്‌ക്കാതെ മാറിനിന്ന ഒരു വിവാദ വിഷയം. പരിഹരിക്കാന്‍ തയ്യാറാവാതെ ഇന്ത്യയിലെ ഉദ്യോഗസ്ഥ ഭരണ സംവിധാനവും മാറ്റി വച്ച ഒരു വിഷയം. ഒടുവില്‍ വേറെ വഴിയില്ലാതെ സുപ്രീം കോടതിയുടെ മുന്നിലേക്ക് തള്ളിവിടപ്പെട്ട വിഷയം. വേറെയാര്‍ക്കും അത് പരിഹരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഇത് വളരെ വൈകാരികമായ ഒരു വിഷയമായിരുന്നു. വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു. രണ്ട് പ്രധാന സമുദായങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഉള്‍പ്പെട്ടിരുന്ന വിഷയമായിരുന്നു. പരിഹാരം കാണാന്‍ വിഷമകരമായ ആ വഴിയിലൂടെ കടന്നു പോയി ഒരു വിധി പ്രസ്താവിക്കേണ്ടി ഇരുന്നു. പ്രത്യേകിച്ചും മറ്റു രണ്ട് ഭരണഘടനാ സ്ഥാപനങ്ങളും ഇതില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുകയും അങ്ങനെ ചെയ്യുകയും ചെയ്ത ഒരു സാഹചര്യത്തില്‍. അതുകൊണ്ടാണ് നമ്മള്‍ പറയുന്നത് കോടതി ആ ഉത്തരവാദിത്വം ഏറ്റെടുക്കുക മാത്രമല്ല, ഈ വിധിയിലൂടെ ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയും, ഒരു മതേതര നിയമസംവിധാനം എന്ന നിലയില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും ലോകത്തിനു മുമ്പില്‍ സ്വന്തം മഹത്വം വെളിപ്പെടുത്തി കൊടുക്കുകയാണ് ചെയ്തത്.
മൂന്നു നൂറ്റാണ്ടുകള്‍ കണ്ട ഒരു നിയമ നടപടി. ഇത് 1857 ല്‍ ആരംഭിച്ചു. അതായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയും, ഇരുപതാം നൂറ്റാണ്ട് മുഴുവനും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ഇരുപതു വര്‍ഷങ്ങളും എടുത്ത ഒരു നിയമ നടപടി. ഏറ്റവും കൂടുതല്‍ കാലം നീണ്ടു നിന്ന ഒന്ന്. ഈ പ്രശ്‌നത്തിന്റെ ചരിത്രം ചികഞ്ഞു പോയാല്‍, ഒരുപക്ഷേ ഏഴു നൂറ്റാണ്ട് പഴക്കമുള്ളതാണ്. എന്നാല്‍ ഇതിന്റെ നിയമ നടപടികള്‍ മാത്രമായി എടുത്താല്‍ മൂന്നു നൂറ്റാണ്ടുകളില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന ഒന്നാണ്. സുപ്രീം കോടതി ഇതിന് പരിഹാരം ഉണ്ടാക്കാം എന്ന് തീരുമാനിച്ചു. വളരെ അസാധാരണവും, അതീവ ശ്രദ്ധ അര്‍ഹിക്കുന്നതുമായ ജോലി ഏറ്റെടുത്ത് ചെയ്തതു കൊണ്ടാണ് സുപ്രീം കോടതിയുടെ വൈദഗ്ദ്യത്തെ കുറിച്ച് എടുത്തു പറഞ്ഞ് ബോദ്ധ്യപ്പെടുത്തുവാന്‍ ശ്രമിക്കുന്നത്.
വിഷയത്തിലേക്ക് ശരിക്കും കടക്കും മുമ്പ്, ഒരു രാഷ്‌ട്രമെന്ന നിലയ്‌ക്ക് ഇനി പറയാന്‍ പോകുന്ന വ്യക്തികള്‍ക്ക് നന്ദി രേഖപ്പെടുത്തേണ്ട കടമ നമുക്കുണ്ട്. ഇവരാണ് ആത്യന്തികമായി ഇങ്ങനെയൊരു ലക്ഷ്യത്തിലേക്ക് ഈ തീരുമാനം എത്തിച്ചത്. തീര്‍ച്ചയായും അന്നത്തെ സുപ്രീം കോടതി ബെഞ്ചിനാണ് ആദ്യമായി നന്ദി പറയേണ്ടത്. അതിലെ അംഗങ്ങളായ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ, സീനിയര്‍ ജഡ്ജിമാരായ ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നാസര്‍. ഇവര്‍ക്ക് ഈ തീരുമാനത്തിലേക്ക് എത്തുന്നതിന് സഹായിച്ച അലഹബാദ് ഹൈക്കോര്‍ട്ട് ഫുള്‍ ബെഞ്ചിലെ മൂന്ന് ന്യായാധിപന്മാര്‍ക്കും നമ്മള്‍ നന്ദി പ്രകാശിപ്പിക്കണം. ജസ്റ്റിസ് എസ് യു ഖാന്‍, ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റിസ് ധരം വീര്‍ ശര്‍മ എന്നിവരാണവര്‍. മൂന്നാമതായി നന്ദി പറയേണ്ടത് മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത പാനലിലെ ജസ്റ്റിസ് ഇബ്രാഹിം കാലിഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, ശ്രീരാം പഞ്ചു എന്നിവര്‍ക്കാണ്. കാരണം സുപ്രീം കോടതി അതിന്റെ വിധിന്യായത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ടു സമുദായങ്ങളെയും മുന്നോട്ടു വരാനും, സ്വന്തം നിലപാടുകളും വീക്ഷണങ്ങളും മുന്നോട്ടു വച്ച് ചര്‍ച്ച ചെയ്യാനും ഉള്ള ഒരവസരം ഒരുക്കുന്നതില്‍ ഈ പാനല്‍ സഹായിച്ചു. യഥാര്‍ത്ഥത്തില്‍ ഈ വിധിപ്രസ്താവം നിയമപരമായ ഒരു നിലപാട് എടുക്കുന്നതോടൊപ്പം മദ്ധ്യസ്ഥതയുടെ പാതയിലും സഞ്ചരിക്കുന്നുണ്ട്. അക്കാര്യത്തില്‍ ഈ മൂന്നു വ്യക്തികളും വളരെ സഹായിച്ചിട്ടുണ്ട്. അത് സുപ്രീം കോടതി തന്നെ രേഖപ്പെടുത്തുന്നു. നാലാമതായി നമ്മുടെ ഇന്ത്യന്‍ ബാറിലെ ഭീക്ഷ്മപിതാമഹന്‍ കെ പരാശരന്‍. തൊണ്ണൂറ്റി മൂന്നാം വയസ്സിലും മൂന്നു നൂറ്റാണ്ടു കാലം നീണ്ട ഒരു നിയമ പ്രശ്‌നത്തിനു വേണ്ടി ഒരു ഭരണഘടനാ ബെഞ്ചിനു മുന്നില്‍ വാദിച്ചു നില്‍ക്കാനുള്ള ശക്തിയും സ്ഥൈര്യവും പ്രകടിപ്പിച്ച അദ്ദേഹം അവിടെ ഒരു തേരോട്ടം തന്നെയാണ് നടത്തിയത്. അങ്ങനെയാണ് ആ നാല്പത് ദിവസങ്ങളെ കുറിച്ച് ആളുകള്‍ പറഞ്ഞത്. ഹിന്ദുക്കളുടെ ഭാഗം വാദിക്കാനായി അദ്ദേഹത്തെ സഹായിക്കാന്‍ എത്തിയ സീനിയര്‍ അഡ്വക്കേറ്റ് സി എസ് വൈദ്യനാഥന്‍, അതുപോലെ മുസ്ലീങ്ങളുടെ ഭാഗത്തു നിന്ന് വളരെ വളരെ ശക്തമായി പോരാടിയ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍, സീനിയര്‍ അഡ്വക്കേറ്റ് സഫര്യാബ് ജിലാനി, അവരുടെ സംഘാംഗങ്ങള്‍.
ഒരു നിയമ വിദ്യാര്‍ഥിയെ സംബന്ധിച്ച് സിവില്‍ നിയമങ്ങള്‍, തെളിവുകള്‍, ഭരണഘടന എന്നിവയില്‍ എന്തൊക്കെ അറിയണമെങ്കിലും നിങ്ങള്‍ വായിച്ചിരിക്കേണ്ട വിധിന്യായമാണ് ഇത്. അക്കാര്യത്തില്‍ ഒന്നും ബാക്കി വയ്‌ക്കാതെ വളരെ സമഗ്രമായി തയ്യാറാക്കിയ ഒന്നാണിത്. അഞ്ചാമതായി നന്ദി പറയേണ്ടത് വിധിപ്രഖ്യാപനത്തിന് ശേഷം വളരെ പക്വതയോടെ വിഷയത്തെ സമീപിച്ച രണ്ടു സമുദായങ്ങളിലേയും സാമൂഹ്യ മത നേതാക്കളോടാണ്. അതുപോലെ അവസരത്തിനൊത്തുയര്‍ന്ന നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍. അവസാനമായി ശാന്തിയും സമാധാനവും നിലനിര്‍ത്തിയ രണ്ടു സമുദായങ്ങളിലേയും സാധാരണ ജനങ്ങള്‍ക്കും നന്ദി പറയേണ്ടിയിരിക്കുന്നു. കാരണം ഇത് അത്രയ്‌ക്കും ദീര്‍ഘമായൊരു യാത്രയായിരുന്നു. ഈ യാത്ര അവസാനിച്ചു എന്നറിയുമ്പോള്‍ ആശ്വാസം. ചിലര്‍ പുന:പരിശോധനയെ പറ്റിയൊക്കെ സംസാരിക്കുന്നുണ്ട്. റിവ്യൂ നിയമപരമായ അവകാശമാണ്. ശരിയാണ്. അത് അവര്‍ക്ക് ശ്രമിച്ചു നോക്കാം. പുന:പരിശോധനക്കുള്ള സാദ്ധ്യത വളരെ വളരെ പരിമിതമാണ്. അതായത് നമ്മള്‍ യാത്രയുടെ അവസാനത്തിലെത്തി എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.
ഇന്ത്യ തീര്‍ച്ചയായും വളര്‍ന്നു കൊണ്ടിരിക്കുന്ന മഹത്തായ ഒരു ജനാധിപത്യ രാജ്യമാണ് എന്നാണ് ഇതെല്ലാംകൂടി ചേര്‍ന്ന് ലോകത്തിന് കാണിച്ചു കൊടുത്തത്. നമ്മുടെ ചരിത്രത്തെ നിര്‍വ്വചിച്ച മുഹൂര്‍ത്തങ്ങളില്‍ ഒന്നാണിത്.
ഇതെല്ലാം എങ്ങനെ സംഭവിച്ചു ? പടിപടിയായി നമുക്ക് പരിശോധിക്കാം.
അലഹബാദ് ഹൈക്കോടതി ഈ കേസ് പരിഗണിച്ചപ്പോള്‍, 533 ജാപ്തകള്‍ (Exhibits) അവര്‍ക്ക് പരിശോധിക്കേണ്ടി വന്നു. 87 മൊഴികള്‍, 13990 പേജുകള്‍. മാസങ്ങളോളം നീണ്ടുനിന്ന വിചാരണ. സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്, തുര്‍ക്കി, ലാറ്റിന്‍, ഫ്രെഞ്ച് ഭാഷകളിലായി സംസ്‌ക്കാരം, മതം, ചരിത്രം, പുരാവസ്തുശാസ്ത്രം എന്നീ വിഷയങ്ങള്‍ സ്പര്‍ശിക്കുന്ന ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍. ഇത്രയും വലിയൊരു പശ്ചാത്തലത്തില്‍ നിന്നാണ് ഈ വിധിന്യായം രൂപീകരിക്കപ്പെട്ടത്. മൂന്നു മണിക്കൂറിനുള്ളില്‍ ഈ വിധിയെ കുറിച്ച് നമ്മള്‍ ഒരു പേജ് ലേഖനം (മാദ്ധ്യമങ്ങളില്‍) കാണുന്നു. 1045 പേജുകളുള്ള ഒരു വിധി. നമുക്കെല്ലാം അറിയാം ഇത് ഒരു ഏകകണ്ഠമായ വിധിയായിരുന്നു. എന്നാല്‍ ഈ വിധിയുടെ ഏറ്റവും വലിയ മഹത്വം ഇത് കേവലം ഒരു ഐക്യകണ്‌ഠേനയുള്ള വിധിയല്ല, മറിച്ച് എല്ലാ ജഡ്ജിമാരും യോജിച്ച ഒരൊറ്റ വിധിയാണ് എന്നതാണ്. അതുകൊണ്ട് ഇത് ചരിത്രപരമാണ്. നിങ്ങള്‍ക്ക് ഏകകണ്ഠമായ ഒരു വിധി പ്രഖ്യാപിക്കാം. എന്നാലും അഞ്ചു ജഡ്ജിമാര്‍ക്കും പ്രത്യേകം പ്രത്യേകം വിധികള്‍ എഴുതുകയും ചെയ്യാം. ഇപ്പോള്‍ അത് പതിവാണ്. എന്നാല്‍ ഇവിടെ ഒരൊറ്റ വിധി മാത്രമേ ഉള്ളൂ. അതുകൊണ്ട് മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. നിങ്ങള്‍ ഒന്നിലധികം ജഡ്ജിമാരുടെ ഒന്നിലധികം വിധികള്‍ വായിക്കുമ്പോള്‍, അവിടെ ഭൂരിപക്ഷം ഉണ്ടെങ്കിലും പലപ്പോഴും അതില്‍ ഏതൊക്കെ ജഡ്ജിമാരാണ് ഒരു വിഷയത്തില്‍ ഒരേ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കണ്ടെത്താന്‍ നമ്മള്‍ വിഷമിക്കാറുണ്ട്. അതുകൊണ്ട് നമ്മള്‍ വീണ്ടും വീണ്ടും പരിശോധിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഇവിടെ ആ പ്രശ്‌നമേ ഇല്ല. യാതൊരു അവ്യക്തതയുമില്ല. കാരണം ഇത് എല്ലാ ജഡ്ജിമാരും ചേര്‍ന്ന് തയ്യാറാക്കി അംഗീകരിച്ച ഒരൊറ്റ വിധിയാണ്. അതുകൊണ്ട് ഭാരത പൗരന്മാര്‍ എന്ന നിലയ്‌ക്ക് നമ്മള്‍ അയോദ്ധ്യാ വിധി മനസ്സിലാക്കുമ്പോള്‍, ഈ വിധി ഈ കടമ്പകളെല്ലാം കടന്നാണ് ഈ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് എന്ന കാര്യം കൂടി മനസ്സിലാക്കാനുള്ള ധാര്‍മ്മിക ബാദ്ധ്യത നമുക്കുണ്ട്. അതൊരു എളുപ്പമുള്ള ദൗത്യമായിരുന്നില്ല.
തര്‍ക്ക മന്ദിരം പൊളിക്കല്‍, കോടതി നടപടികളില്‍,
ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെട്ട അവകാശങ്ങള്‍
ഇനി നമുക്ക് ഈ വിധി എങ്ങനെയാണ് പുറപ്പെട്ടത് എന്നു പരിശോധിക്കാം.
സുപ്രീം കോടതിയ്‌ക്ക് മുന്നില്‍ യഥാര്‍ത്ഥത്തില്‍ രണ്ട് വഴികള്‍ ഉണ്ടായിരുന്നു. ഒന്ന് ശുദ്ധമായ ഭരണഘടനാ തത്വങ്ങളുടെയും വ്യവസ്ഥകളുടേയും അടിസ്ഥാനത്തില്‍ വിധി നിര്‍ണ്ണയിക്കുക. അതൊരു വഴി. രണ്ടാമത്തേത് തെളിവുകളും, മൊഴികളും, ഗ്രന്ഥങ്ങളും തലനാരിഴ കീറി വീണ്ടും വീണ്ടും പരിശോധിക്കുക, എന്നിട്ട് ഒരു അന്തിമ വിധി പുറപ്പെടുവിക്കുക. ആദ്യമായി നമ്മളെല്ലാവരും പ്രത്യേകിച്ചും ഹിന്ദുക്കള്‍ ഒരുകാര്യം മനസ്സിലാക്കണം. ഈ വിധി അതിന്റെ പൂര്‍ണ്ണതയില്‍ എടുത്താല്‍ നമ്മള്‍ എല്ലാവരും കരുതുന്നതുപോലെ പോലെ ഹിന്ദുക്കള്‍ക്ക് ഗുണം ചെയ്ത ഒന്നല്ല. അവിടത്തെ ഭൂമി ആത്യന്തികമായി ഹിന്ദുക്കള്‍ക്ക് നല്‍കപ്പെട്ടു എന്നതിന് സംശയമില്ല. എന്നാല്‍ നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിശ്വാസ സംരക്ഷണത്തിന്റെഅടിസ്ഥാനത്തില്‍ തന്നെ വാദിച്ച് നമുക്ക് അവിടെ എത്താമായിരുന്നു. എന്നാല്‍ ആ വഴി സ്വീകരിക്കാന്‍ കഴിയില്ല എന്ന് കോടതി തീരുമാനിച്ചു. എന്തുകൊണ്ട് ? അവിടെ സുപ്രീം കോടതിയുടെ പക്വത തലയുയര്‍ത്തി നില്‍ക്കുന്നത് നമ്മള്‍ കാണുന്നു.
ഈ കേസില്‍ സംഭവിച്ചത് ഇതാണ്. കേസിലെ തെളിവുകള്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ തുടങ്ങി 1949 വരെ ഏഴു നൂറ്റാണ്ടുകളിലായി ചിതറിക്കിടക്കുമ്പോള്‍, കോടതി പറഞ്ഞു ഈ കാലഘട്ടത്തെ നമ്മള്‍ നാലായി തരം തിരിക്കും. ആദ്യത്തേത് പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ 1528 വരെയുള്ള ബാബര്‍ ഇന്ത്യയിലേക്ക് വരുന്നതിനു മുമ്പുള്ള വിക്രമാദിത്യ കാലം. രണ്ടാമത്തേത് 1528 മുതല്‍ 1856 വരെയുള്ള മുഗള്‍ കാലഘട്ടം. 1857 മുതല്‍ 1947 വരെയുള്ള ബ്രിട്ടീഷ് കോളനി വാഴ്ചയുടെ തൊണ്ണൂറു വര്‍ഷത്തെ മൂന്നാം ഘട്ടം. അവസാനത്തേത് 1947 ആഗസ്ത് 15 മുതലുള്ള സ്വതന്ത്യ്രാനന്തര കാലഘട്ടം. രണ്ടു കാര്യങ്ങള്‍ സുപ്രീം കോടതി വളരെ വ്യക്തമായി തന്നെ പറഞ്ഞു. നമ്മള്‍ ചരിത്രം വായിക്കുന്നു. ചരിത്രത്തിന്റെ തലങ്ങള്‍ നമ്മള്‍ തീരുമാനിക്കണം. ഈ വഴിയില്‍ ഉറച്ചു നില്‍ക്കാന്‍ നമ്മള്‍ പ്രതിബദ്ധരാണ്. ഭരണഘടനാ അധികാരങ്ങള്‍ക്ക് സഞ്ചരിച്ച് എത്താന്‍ കഴിയാത്ത കാലത്തെ ചരിത്രത്തിലെ തെറ്റുകളെ, ചരിത്രപരമായ തെറ്റുകളായി തന്നെ കണ്ടു കൊണ്ട് നമ്മള്‍ അവഗണിക്കും. നോക്കൂ ഈ വിധിയുടെ പശ്ചാത്തലം. ഇതിന്റെഅവസാനത്തെ വരി മാത്രം വായിച്ചാല്‍ പോര. കോടതി പറഞ്ഞു, ചരിത്രത്തിലെ തെറ്റുകളെ ഞങ്ങള്‍ കൈകാര്യം ചെയ്യില്ല. അതോടെ വിക്രമാദിത്യ കാലത്തും, മുഗള്‍ കാലത്തും നടന്ന കാര്യങ്ങളെല്ലാം പുറന്തള്ളപ്പെട്ടു. മുഖവിലയ്‌ക്ക് എടുക്കാവുന്ന ചില തെളിവുകള്‍ അല്ലാതെയുള്ള ബാക്കിയെല്ലാം കോടതിയുടെ പരിഗണനയില്‍ നിന്ന് എടുത്തുമാറ്റപ്പെട്ടു. അതിലേക്ക് പിന്നീട് വരാം.
1857 മുതലുള്ള വര്‍ഷങ്ങള്‍ മാത്രം പരിഗണനാ വിഷയമായി ഉറപ്പിച്ചു. ഇങ്ങനെ നിശ്ചയിച്ചതിന് ലളിതമായ ഒരു കാരണം ഉണ്ടായിരുന്നു. ഭരണഘടന നിലവില്‍ വന്നത് 1950 ലാണ്. അതിനുമുമ്പ് കൊളോണിയല്‍ കാലഘട്ടത്തിലുള്ള പ്രവൃത്തികളേയും ചട്ടങ്ങളേയും അവകാശപ്പെടാന്‍ അത് നമ്മെ അനുവദിക്കുന്നുണ്ട്. എന്നാല്‍ അതിനും പിന്നിലേക്ക് ഈ അവകാശം ഇല്ല. അതുകൊണ്ട് നമുക്ക് കാലത്തില്‍ അതിലും പുറകിലേക്ക് പോയി ചരിത്രത്തിലെ തെറ്റുകളെ തിരുത്താന്‍ കഴിയില്ല. അത് വളരെ കൃത്യമായ ഒരു നിലപാടായിരുന്നു താനും. ഇത് പറഞ്ഞതിനു ശേഷം കോടതി 1992 ഡിസംബര്‍ 6 ന് നടന്ന സംഭവത്തെ പറ്റി വളരെ വളരെ ശക്തമായ ഒരു അഭിപ്രായ പ്രകടനം നടത്തുന്നു. ഭരണഘടനയുടെ ദൃഷ്ടിയില്‍ അത് (ഡിസംബര്‍ 6) വളരെ ഹീനമായ ഒരു പ്രവൃത്തിയായിരുന്നു. അത് വളരെ മോശപ്പെട്ട ഒരു പ്രവൃത്തിയായിരുന്നു. നമ്മുടെ മതേതര സംവിധാനത്തിന് കീഴില്‍ ഇങ്ങനെ ഒരു തകര്‍ക്കല്‍ നടക്കാന്‍ പാടില്ലായിരുന്നു. ഇതും ചരിത്രപരമായ ഒരു തെറ്റാണെങ്കിലും കോടതിക്ക് ഇതിനെ അപലപിക്കാന്‍ കഴിഞ്ഞു, കാരണം ഇത് ഭരണഘടനയുടെ സംവിധാനത്തിനുള്ളില്‍ വരുന്നതായതു കൊണ്ടാണ്. ഡിസംബര്‍ ആറിനെ കുറിച്ചുള്ള ഈ നിലപാട് പറയുമ്പോള്‍ രണ്ടു ചോദ്യങ്ങള്‍ സാധാരണ ഉയര്‍ന്നു കേള്‍ക്കാറുണ്ട്.
1. സുപ്രീം കോടതി അതിലെ (ഡിസംബര്‍ 6) കുറ്റക്കാരെ എല്ലാവരേയും ഈ വിധിയില്‍ ശിക്ഷിക്കണമായിരുന്നു. എന്നാല്‍ അങ്ങനെ ഉണ്ടായില്ല.
2. ഈയൊരൊറ്റ പ്രവൃത്തി (ഡിസംബര്‍ 6) കൊണ്ടു തന്നെ, സുപ്രീം കോടതി ഈ കേസില്‍ ഹിന്ദുക്കളുടെ ഭാഗം കേള്‍ക്കാനേ പാടില്ലായിരുന്നു.
ഈ രണ്ടു വാദങ്ങള്‍ക്കുമുള്ള ഉത്തരം വളരെ വ്യക്തമാണ്. നിങ്ങള്‍ വസ്തു സംബന്ധമായ ഒരു സിവില്‍ കേസ് വിചാരണ നടത്തുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ക്രിമിനല്‍ കുറ്റത്തിന്റെവിചാരണ കൂടി ആ കേസില്‍ നടത്താന്‍ കഴിയില്ല. നിയമപരമായി അത് സാദ്ധ്യമല്ല. മാത്രവുമല്ല ആ (പഴയ) കേസുകളെല്ലാം ക്ലോസ് ചെയ്തു കൊണ്ട് അവരെയെല്ലാം സുപ്രീം കോടതി വെറുതേ വിടുകയുമുണ്ടായിട്ടില്ല. എന്തൊക്കെയാണോ ബാക്കി നില്‍ക്കുന്നത്, അത് നിയമത്തിന്റെദൃഷ്ടിയില്‍ മുന്നോട്ടു പോകുക തന്നെ ചെയ്യും. ഈ കേസിന്റെവിധിയ്‌ക്കു ശേഷം നടക്കുന്നത് എന്തൊക്കെയാണോ, ഈ വിധിയുടെ പ്രയോജനം എന്തൊക്കെയാണോ അതെല്ലാം ആ കേസിനെ എതിര്‍ക്കാനോ അനുകൂലിക്കാനോ ഉപയോഗിക്കപ്പെടും. ആ സാദ്ധ്യതയെ സുപ്രീം കോടതി അടച്ചു കളഞ്ഞിട്ടില്ല.
പിന്നെ ഈ സംഭവം (ഡിസംബര്‍ 6) കാരണം ഒരു സമൂഹത്തെ മുഴുവനും കേള്‍ക്കാന്‍ പാടില്ല എന്ന് പറയുന്നത് അസാദ്ധ്യമാണ്. രണ്ടു കുടുംബങ്ങള്‍ തമ്മിലോ, രണ്ടു സമുദായങ്ങള്‍ തമ്മിലോ ഉള്ള സ്വത്തു തര്‍ക്കം നടക്കുമ്പോള്‍ ഒരു ഭാഗത്തിനെ അതില്‍ കേള്‍ക്കാതിരിക്കാനോ, അല്ലെങ്കില്‍ ഇന്ത്യയിലാര്‍ക്കും ഇതില്‍ വാദിക്കാന്‍ ഇനി അവകാശമില്ല എന്ന് പറയാനോ കഴിയില്ല. ഇതായിരുന്നു ഈ വിധിക്കെതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ രണ്ട് വാദങ്ങള്‍. ഇതു രണ്ടും നിയമപരമായോ ധാര്‍മ്മികമായോ നിലനില്‍ക്കത്തക്കതല്ല.
എന്നാല്‍ സുപ്രീം കോടതി അവിടെ വച്ച് നിര്‍ത്തിയില്ല. അത് പ്രധാനമാണ്. കോടതി പറഞ്ഞു ഇത് രാമന്റെജന്മസ്ഥാനമാണ് എന്ന് തെളിയിക്കാന്‍ ശ്രീരാമന്റെ ആരാധനയിലുള്ള വിശ്വാസമെന്ന ഭരണഘടനാപരമായ മാര്‍ഗ്ഗം ഉപയോഗിക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിയില്ല. ഈ ഭരണഘടനപരമായ വാദം കോടതി ഈ വിഷയത്തില്‍ പരിഗണിക്കുകയില്ല. ആ സംഭവത്തെ (ഡിസംബര്‍ 6) സംബന്ധിച്ച് അതാണ് കോടതി ചെയ്തത്. ആരും ഇക്കാര്യം പറയുന്നില്ല. ഈയൊരൊറ്റ പ്രവൃത്തിയുടെ പേരില്‍ ഹിന്ദുക്കള്‍ക്ക് കോടതിയുടെ മുമ്പില്‍ അവതരിപ്പിക്കാവുന്ന അവരുടെ വിലപിടിച്ച ഒരു ഭരണഘടനാ അവകാശമാണ് നഷ്ടപ്പെട്ടത്. കോടതി പറഞ്ഞു, നിങ്ങള്‍ക്ക് അത് ചെയ്യാനാവില്ല. അത് ശരിക്കും രാമന്റെ ജന്മസ്ഥലം തന്നെയാണ് എന്നതിന് എന്തുതരം തെളിവുകള്‍ ആണ് നമുക്ക് ഉണ്ടായിരുന്നതെന്ന് അവസാന ഭാഗത്ത് ഞാന്‍ ചൂണ്ടിക്കാണിക്കാം.
കോടതികള്‍ അനേകം വിധികളിലൂടെ അംഗീകരിച്ചിട്ടുള്ളതാണ് വിഗ്രഹങ്ങളുടെ നിയമപരമായ വ്യക്തിത്വം. അങ്ങനെയായിരിക്കെ അത്തരം ഒരു നിയമവ്യക്തിത്വത്തിന്റെ എല്ലാ ഘടകങ്ങളും ചേര്‍ന്നതാണ് ഈ പുണ്യഭൂമി എന്ന് കാണിച്ചു തരാന്‍ കഴിയും. പരാശരന്‍ സാറും, വൈദ്യനാഥന്‍ സാറും ഈയൊരു വാദം തലനാരിഴ കീറി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ രണ്ടു അവകാശവാദങ്ങളും നിഷേധിക്കപ്പെട്ടു. അതായത് ഈ കേസില്‍ ഭരണഘടനാപരമായ സ്വന്തം അവകാശം ഉയര്‍ത്തിപ്പിടിച്ച് വാദിക്കാന്‍ അവസരമുണ്ടായിരുന്ന ഒരു സമൂഹത്തെ, രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിലെ കേവലം ഒരു കക്ഷി മാത്രമെന്ന നിലയിലേക്ക് ചുരുക്കുകയാണ് ഉണ്ടായത്. ഇതാണ് അയോദ്ധ്യ തര്‍ക്ക മന്ദിരം പൊളിക്കലിനു ശേഷം ഉണ്ടായത്. സുപ്രീം കോടതി വളരെ സ്പഷ്ടമായി പറയുന്നു, രാമനിലുള്ള നിങ്ങളുടെ വിശ്വാസത്തെ ഉയര്‍ത്തിപ്പിടിച്ചുള്ള വാദങ്ങള്‍ അനുവദിച്ചാല്‍ ഈ കേസില്‍ നിന്ന് ഒരു സമുദായത്തെ പൂര്‍ണ്ണമായും പുറന്തള്ളുകയായിരിക്കും ചെയ്യുക. അത് ഒരു മതേതര രാജ്യത്ത് നടക്കാന്‍ പാടില്ല. നിങ്ങളുടെ ഈ സമീപനത്തെ പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ട് ഇതിനെ ഒരു സ്വത്ത് തര്‍ക്കമെന്ന നിലയില്‍ മാത്രം പരിഗണിച്ച് വാദിക്കുക. എന്നിട്ടും എങ്ങനെയാണ് ഇതിനെ ഒരു ‘ഭൂരിപക്ഷാനുകൂല’ വിധി എന്ന് പറയാന്‍ ആളുകള്‍ക്ക് കഴിയുന്നത് ?
ഒരു കോടതി കേസില്‍ ആളുകള്‍ക്ക് ഇപ്പോള്‍ മൂന്ന് സാദ്ധ്യതകളേ ഉള്ളൂ. കേസ് നിങ്ങളുടെ വഴിയില്‍ തീരുമാനമായാല്‍, ഏറ്റവും നല്ലത്. ഒരു കമാന്റും ഇല്ല. ഒരു കേസ് കൂടുതല്‍ ആളുകളും കുറച്ച് ആളുകളും തമ്മിലുള്ളതാണെങ്കില്‍, കുറച്ച് ആളുകളുടെ പക്ഷത്തിന് എതിരെ ആണ് കേസ് വിധിക്കുന്നതെങ്കില്‍ അതിനെ മതേതര വിരുദ്ധം എന്ന് ഉടനെ മുദ്ര കുത്തും. ഇനി കേസ് കൂടുതല്‍ ആളുകളുള്ള പക്ഷത്തിന് അനുകൂലമായിട്ടാണ് വിധിക്കുന്നതെങ്കില്‍ അതിനെ ‘ഭൂരിപക്ഷാനുകൂല’ വിധി എന്ന് വിളിക്കും. അപ്പോള്‍ ഏത് വഴിക്ക് തിരിഞ്ഞാലും ഈ കമന്റ് എപ്പോഴും ഉണ്ടാകും. ഏത് വിധിയുടേയും അവസ്ഥ ഇതാണ്.
ചുരുക്കിപ്പറഞ്ഞാല്‍
1. ഈ പ്രവൃത്തിയുടെ ഫലമായി ഭരണഘടനാ പരിരക്ഷണയില്‍ നിന്നുകൊണ്ട് വാദിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ അത് അവിടേയും നിന്നില്ല.
2. ഇതിന്റെ പേരിലാണ് അവര്‍ 1991 ലെ ആരാധനാലയ നിയമം കൊണ്ടു വന്നത്. അതിലൂടെ അന്നുമുതല്‍ ഒരു ആരാധനാലയവും, അത് പള്ളിയോ, ഗുരുദ്വാരയോ, മോസ്‌ക്കോ, ക്ഷേത്രമോ എന്തുമാവട്ടെ, മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയമാക്കി മാറ്റാന്‍ പറ്റില്ല എന്ന് ഉറപ്പു വരുത്തി.
ഈ നിയമം രാജ്യത്തിനു മുഴുവന്‍ ബാധകമാണ്. കാരണം ഈ വിധിക്ക് തൊട്ടു പുറകേ കാശിക്ക് എന്തു പറ്റും, മഥുരയ്‌ക്ക് എന്തു പറ്റും, എന്നൊക്കെ ആളുകള്‍ ചോദിക്കാന്‍ തുടങ്ങും. ഈ ആരാധനാലയ നിയമം രാജ്യത്ത് ഒരേയൊരു സ്ഥലത്തെ മാത്രമേ അതില്‍ നിന്ന് ഒഴിവാക്കിയിരുന്നുള്ളൂ (സെക്ഷന്‍ 5), അത് രാമജന്മഭൂമിയാണ്. ബാക്കിയെല്ലാ ആരാധനാലയങ്ങളും അതിന്റെ പരിധിയില്‍ വരും. അതായത് ഈ പ്രവൃത്തി (ഡിസംബര്‍ 6) 1991 ലെ ആരാധനാലയ നിയമം നിലവില്‍ വരുന്നതിന് കാരണമായി.
3. 2003 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ, ഒരു റിപ്പോര്‍ട്ട് കൊടുത്തിരുന്നു.
കോടതി പറഞ്ഞു, നമുക്ക് ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നിര്‍ണ്ണയിക്കാന്‍ സാദ്ധ്യമല്ല. കാരണം ഈ റിപ്പോര്‍ട്ട് ശാസ്ത്രീയം തന്നെയാണ് എന്നാല്‍ അതേസമയം അനുമാനവുമാണ്. അതുകൊണ്ട് നമുക്ക് അത് ഒരു തെളിവ് എന്ന നിലയ്‌ക്ക് ആവശ്യമാണ്. എന്നാല്‍ അതിനെ അടിസ്ഥാനമാക്കി അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിയില്ല. കോടതിയുടെ നിലപാട് തീര്‍ത്തും ശരിയാണ്. എന്നാല്‍ ഇതു പറഞ്ഞിട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ പറഞ്ഞതിനെ അടിസ്ഥാനമാക്കി കോടതി അതിന്റെ വിധിയില്‍ നാല് കാര്യങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.
കോടതി കണ്ടെത്തിയ കാര്യങ്ങള്‍
1. മോസ്‌ക്ക് നിര്‍മ്മിച്ചത് ഒരു ഒഴിഞ്ഞ ഭൂമിയില്‍ ആയിരുന്നില്ല.
2. ഭൂമിക്കടിയില്‍ നിന്ന് കണ്ടെത്തിയ നിര്‍മ്മിതി ഇസ്ലാമികമല്ല.
3. അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്ന സ്തംഭങ്ങള്‍ ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളുടെ തൂണുകളോട് സാദൃശ്യം പുലര്‍ത്തുന്നു.
4. കൃത്യമായും ഇതേ ക്ഷേത്ര സ്തംഭങ്ങള്‍ക്കു മുകളിലാണ് മോസ്‌ക്ക് അതിന്റെ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
ഈ നാല് കണ്ടെത്തലുകളും എഎസ്ഐയുടേതാണ്. സുപ്രീം കോടതി ഇവയെ തെളിവുകളുടെ കൂട്ടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു പറഞ്ഞിട്ട് കോടതി പറയുന്നു നമ്മള്‍ ഇപ്പോഴും ആ ക്ഷേത്രം തകര്‍ക്കപ്പെട്ടതാണോ അല്ലയോ എന്ന് തീര്‍പ്പു കല്‍പ്പിക്കാവുന്ന അവസ്ഥയിലല്ല, കാരണം എഎസ്ഐ അതേക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞിട്ടില്ല.
ഇതായിരുന്നു ആ പ്രവൃത്തിയുടെ മൂന്നാമത്തെ ഫലം. ഇത് വളരെ ലളിതമാണ്. ക്രമപ്രകാരം കൃത്യമായി പൊളിക്കാതെ നിങ്ങള്‍ക്ക് ഭൂമിക്കടിയിലെ ഒരു നിര്‍മ്മിതി ഉപയോഗപ്പെടുത്താന്‍ കഴിയുമോ ? ഏത് എഞ്ചിനീയറും അതേ പറ്റി പറഞ്ഞു തരും. അതിന് റോക്കറ്റ് സയന്‍സ് ഒന്നും ആവശ്യമില്ല. എന്നാല്‍ കോടതി പറഞ്ഞു നമുക്ക് ആ നിഗമനത്തില്‍ എത്താന്‍ കഴിയില്ല കാരണം എഎസ്ഐ അങ്ങനെ പറഞ്ഞിട്ടില്ല. തര്‍ക്ക മന്ദിരം പൊളിച്ചതു വഴി (കേസില്‍) ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെട്ട മൂന്നാമത്തെ വശമാണിത്.
നാലാമത്തേതും കൂടുതല്‍ പ്രധാനവുമായ കാര്യം. വിശ്വാസം എന്ന ഭരണഘടനാ സംരക്ഷിത അവകാശത്തിന്റെ കാര്യത്തില്‍ ഹിന്ദുക്കളെ അത്തരം വാദം ഉയര്‍ത്തുന്നതില്‍ നിന്ന് കോടതി വിലക്കി, എന്നാല്‍ മുസ്ലീങ്ങളുടെ താല്‍പ്പര്യം സംരക്ഷിച്ചു. എങ്ങനെയാണെന്ന് വ്യക്തമാക്കാം. ഹിന്ദുക്കളുടെ വശത്തു നിന്ന് ഉയര്‍ത്തിയ ഒരു വാദം, ഒരു മോസ്‌ക്ക് എന്നാല്‍ തുടര്‍ച്ചയായി അവിടെ നമാസ് നടക്കുന്ന ഇടം ആയിരിക്കണം. 1949 മുതല്‍ നമാസ് നടക്കുന്നതായി കാണിക്കുന്ന തെളിവുകള്‍ ഒന്നും തന്നെയില്ല. അതുകൊണ്ട് അതിപ്പോള്‍ ഒരു മോസ്‌ക്ക് അല്ല. അതിന് ബഹുമാനപ്പെട്ട സുപ്രീം കോടതി പറഞ്ഞത് മതപരമായ നിര്‍വ്വചനങ്ങളുടെ അടിസ്ഥാനത്തില്‍ പോകാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. ഒരു വിശ്വാസിയുടെ വിശ്വാസത്തെ അംഗീകരിക്കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. മുസ്ലീങ്ങള്‍ ഇപ്പോഴും ഇത് തങ്ങളുടെ മോസ്‌ക്ക് ആണെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് അവരുടെ വിശ്വാസം സംരക്ഷിക്കപ്പെടണം. അതുകൊണ്ട് ഒരേ ന്യായവിധി ഒരേ ശ്വാസത്തില്‍ പറയുന്നു ഒരു മോസ്‌ക്കിനെ നിര്‍വ്വചിക്കേണ്ട വിഷയം വന്നപ്പോള്‍ നിങ്ങളുടെ ഭരണഘടനാ അവകാശം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത് രാമന്റെ ജന്മസ്ഥാനമാണ് എന്ന വിശ്വാസത്തിന്റെ കാര്യം വരുമ്പോള്‍ കോടതി പറയുന്നു ഞങ്ങള്‍ അംഗീകരിക്കുന്നില്ല. കാരണം അപ്പോള്‍ ഇത് ഒരു ഏകപക്ഷീയ മത്സരം ആയിപ്പോകും. അതുകൊണ്ട് നിങ്ങള്‍ വാദിച്ചു ജയിക്കൂ എന്ന്.
ഞാനിതെല്ലാം പറയുന്നത് വിധിന്യായത്തിലെ കുറ്റങ്ങള്‍ ഒന്ന് രണ്ട് മൂന്ന് നാല് എന്നിങ്ങനെ അക്കമിട്ട് നിരത്താനല്ല. തീര്‍ച്ചയായും അതല്ല എന്റെ ദൗത്യം. ദയവായി മനസ്സിലാക്കൂ. പലരും കരുതുന്നതു പോലെ ഇത് ഒരു ഭൂരിപക്ഷാനുകൂല വിധിയല്ല എന്ന് കാണിച്ചു തരാനാണ് ഞാന്‍ ശ്രമിക്കുന്നത്. പലരും അങ്ങനെ എഴുതുന്നു. പ്രസംഗിക്കുന്നു. കേസില്‍ ജയിക്കാനായാലും തോല്‍ക്കാനായാലും വാദം തുടങ്ങുന്നതിനു മുമ്പു തന്നെ ഹിന്ദുക്കള്‍ക്ക് വളരെയധികം മൈലേജ് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. വെറുമൊരു വസ്തുതര്‍ക്കം എന്ന ഒരൊറ്റ വിഷയത്തിലാണ് കേസ് എത്തിച്ചേര്‍ന്നത്. സുപ്രീം കോടതി പക്വതയില്ലാതെ പെരുമാറി എന്നാണോ ? കോടതി പറഞ്ഞു, നമ്മള്‍ ഇതിനെ ഒരു മതേതര വിഷയമായി കൈകാര്യം ചെയ്യും. രണ്ടു വശവും തുല്യമാവട്ടെ. നിങ്ങള്‍ തെളിവുകള്‍ കൊണ്ടു വരൂ. വാദമുഖങ്ങള്‍ നിരത്തൂ.
നിങ്ങള്‍ക്ക് ചോദിക്കാം. കോടതി എങ്ങനെ അത് ചെയ്തു ? എന്താണ് ഇങ്ങനെ ചെയ്യാനുള്ള കോടതിയുടെ നിയമപരമായ അധികാരം ? നിയമപരമായ അധികാരം ഉണ്ട്. നീതി, ദൃഡവിശ്വാസം, മനസ്സാക്ഷി ഈ തത്വങ്ങളില്‍ അധിഷ്ഠിതമാണ് ഈ തീരുമാനം. നിയമപരമായ ഈ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി നിങ്ങള്‍ക്ക് ഒരു നിയമം ഉണ്ടാക്കാം. രണ്ടു വശത്തു നിന്നും മനോഹരമായ മുന്‍ വിധിന്യായങ്ങളെ ഉദ്ധരിച്ചിരുന്നു. ശൂന്യതയില്‍ സഞ്ചരിക്കാന്‍ നിങ്ങള്‍ക്ക് നിയമങ്ങളുടെ ആവശ്യമുണ്ട്. എന്നാല്‍ നിയമങ്ങള്‍ കൊണ്ടു മാത്രം നിങ്ങളെ താങ്ങി നിര്‍ത്താനാകില്ല. വിശ്വാസം, നീതി, തുല്യത, മന:സ്സാക്ഷി തുടങ്ങിയ തത്വങ്ങളെ കൊണ്ട് നിങ്ങള്‍ അവിടവിടെ നിറയ്‌ക്കേണ്ടതുണ്ട്. കോടതി പറഞ്ഞു ഞങ്ങള്‍ ഈ മാര്‍ഗ്ഗം ആണ് പിന്തുടരാന്‍ പോകുന്നത്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നീക്കം ചെയ്തിരിക്കുന്നു. വാദിച്ച് ജയിച്ചു കൊള്ളൂ. ഇതിനേക്കാള്‍ കൂടുതലായി എന്താണ് ഒരു സുപ്രീം കോടതിക്ക് ചെയ്യാന്‍ കഴിയുമായിരുന്നത് ? ‘ചരിത്രപരമായ തെറ്റുകളെ ഞങ്ങള്‍ സ്പര്‍ശിക്കില്ല. എന്നാല്‍ 1991 ല്‍ നടന്നത് ഒരു ഭരണഘടനാപരമായ തെറ്റാണ്. അത് നമ്മള്‍ കൈകാര്യം ചെയ്യുക തന്നെ ചെയ്യും. ഇതൊക്കെയാണ് അതിന്റെ അനന്തര ഫലങ്ങള്‍. ഇനി നമുക്ക് വിചാരണ ആരംഭിക്കാം. നിങ്ങളുടെ വാദം തുടങ്ങിക്കോളൂ’.
മുസ്ലീങ്ങളുടെ ഭാഗത്തുനിന്ന് മുന്നോട്ടു വച്ച വാദങ്ങള്‍,
തെളിവുകള്‍, അവയിലെ പ്രശ്‌നങ്ങള്‍
ഇങ്ങനെ നിലപാടെടുത്തു കൊണ്ട് കോടതി ആദ്യമേ തന്നെ കളിസ്ഥലം നിരപ്പുള്ളതാക്കി. ഈ വിഷയം കൈകാര്യം ചെയ്യും മുമ്പ് ഇങ്ങനെയാണ് കോടതി കേസിന്റെപശ്ചാത്തലം സംവിധാനിച്ചത്. അതുകൊണ്ട് ഇത് മതേതര വിരുദ്ധമാണ് അല്ലെങ്കില്‍ ഭൂരിപക്ഷ വിധിയാണ് എന്നൊക്കെ വാദിക്കുന്നവര്‍ ആദ്യം ഈ പരിധി കടന്നിട്ടാണ് ആ നിഗമനത്തില്‍ എത്തേണ്ടത്.
ഇനി രണ്ടാമത്തെ വിഭജനം വളരെ ലളിതമാണ്. കാരണം അത് തെളിവുകളുടെ വിഷയമാണ്. അവിടെ കൈകാര്യം ചെയ്യാന്‍ മൂന്നു ലംബമാനങ്ങള്‍ മാത്രമേ ഉള്ളൂ. അത് തങ്ങളുടെ ഭൂമിയാണ് എന്നതിന് എന്തു തെളിവാണ് മുസ്ലീങ്ങള്‍ മുന്നോട്ടു വച്ചത് ? ഇതേ കാര്യത്തിന് എന്തു തെളിവുകളാണ് ഹിന്ദുക്കള്‍ മുന്നോട്ടു വച്ചത് ? ഇതില്‍ നിന്ന് എങ്ങനെയാണ് ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് ഇത് എന്ന് കോടതി തീരുമാനിച്ചത്.
നമുക്ക് ആദ്യം മുസ്ലീങ്ങളുടെ ഭാഗം നോക്കാം. അവര്‍ താഴെപ്പറയുന്ന തെളിവുകള്‍ കൊടുത്തു. ഇവയെല്ലാം തെളിവായി കോടതിയില്‍ മുന്നോട്ടു വച്ച ഡോക്കുമെന്റുകളാണ്.
ഞാന്‍ ഒരു കാര്യം ഉറപ്പുതരാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്തൊക്കെ പറയുന്നുണ്ടോ, ചൂണ്ടിക്കാണിക്കുന്നുണ്ടോ അതൊന്നും ഏതെങ്കിലും പുസ്തകത്തില്‍ നിന്നോ, ലേഖനത്തില്‍ നിന്നോ, ഇന്റര്‍ നെറ്റില്‍ നിന്നോ എടുത്തിട്ടുള്ളതല്ല. ഇവിടെ പറയുന്നതു മുഴുവന്‍ വിധിന്യായത്തില്‍ നിന്നുള്ളതാണ്. ഇതെല്ലാം തന്നെ അവയുടെ ആധികാരികതയെ കുറിച്ചുള്ള കോടതിയുടെ എല്ലാവിധ പരിശോധനകളും കഴിഞ്ഞ് ഉറപ്പു വരുത്തപ്പെട്ട മൊഴികളോ, തെളിവുകളോ, ഗ്രന്ഥഭാഗങ്ങളോ ആണ്. ഇവിടെ പറയുന്ന കാര്യങ്ങളുടെ ആധികാരികത ഞാന്‍ ഉറപ്പു തരുന്നു. വിധിയുടെ ഭാഗമല്ലാത്ത ഒരൊറ്റ രേഖകളും ഇവിടെ പറയുന്നില്ല. അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു.
ആദ്യത്തെ രേഖ 1858 നവംബര്‍ 13 ന് ബാബറി മസ്ജിദിന്റെ അന്നത്തെ മുസൈന്‍ ആയിരുന്ന ഒരു സയ്യദ് മുഹമ്മദ് ഖതീബ് ഫയല്‍ ചെയ്ത പരാതിയാണ്. ആ പരാതിയില്‍ അദ്ദേഹം പറയുന്നു, ഈ സ്ഥലത്ത് ഹിന്ദുക്കള്‍ നൂറ്റാണ്ടുകളായി ആരാധന നടത്തി കൊണ്ടിരിക്കുന്നു. ഇത് ഭഗവാന്‍ രാമന്റെ ജന്മസ്ഥാനമാണ്. അദ്ദേഹത്തിന്റെ സ്വന്തം പരാതിയാണ്. ഈ പരാതി വിവര്‍ത്തനം ചെയ്യുകയുണ്ടായി. വിവര്‍ത്തനം ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു, അങ്ങനെയല്ല, അത് അങ്ങനെ വായിക്കാന്‍ പാടില്ല. മറിച്ച് ‘നൂറ്റാണ്ടുകളായി ആരാധിക്കപ്പെട്ടു വരുന്ന ശ്രീരാമന്റെ ജന്മസ്ഥാനമാണ് എന്ന ഹിന്ദുക്കളുടെ അവകാശവാദത്തിന് വിപരീതമായി ഇത് മുസ്ലീങ്ങളുടെ ആരാധനയ്‌ക്കുള്ള മോസ്‌ക്കാണ്’ എന്നാണ് വായിക്കേണ്ടത്. എന്നാല്‍ അലഹബാദ് ഹൈക്കോടതിയും, സുപ്രീം കോടതിയും ഈ വാദം തള്ളിക്കളഞ്ഞു. ആ പരാതിയുടെയും കത്തിന്റെയും കാലാവധിക്കും ആത്മാവിനും എതിരാണ് ഈ വാദം എന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്.
ആകെ മൂന്നു കാര്യങ്ങള്‍ അവര്‍ കാണിച്ചു. ‘അവര്‍ നിര്‍ണ്ണായകമായ ഒരു തെളിവ് കാണാതെ പോയി. ബാബര്‍ ഈ സ്ഥലത്തിന്റെ അവകാശം മുസ്ലീങ്ങള്‍ക്ക് കൊടുത്തിരുന്നു. ആ രേഖ കോടതി പരിഗണിച്ചതേയില്ല’ എന്നാണ്.ചിലര്‍ പയുന്നത്. അതു ശരിയല്ല. കോടതി ഇത് പരിഗണിച്ചിരുന്നു കോടതി പറഞ്ഞു അത് ഒരു കീറിയ രേഖയാണ്. അത് വായിക്കാന്‍ കഴിയാത്ത രേഖയാണ്. 350 വര്‍ഷങ്ങള്‍ക്കു ശേഷം അന്ന് ഭൂമി ഇങ്ങനെയാണ് കൈമാറ്റം ചെയ്തത് എന്ന് കണ്ടെത്താന്‍ ഒരു രീതിയിലും സഹായിക്കാത്ത രേഖയാണ്. ഇത് കോടതി വ്യക്തമായി പരിശോധിച്ചശേഷമാണ് തീരുമാനത്തില്‍ എത്തിയത്. എങ്ങനെയാണ് ആര്‍ക്കെങ്കിലും ടെലിവിഷനില്‍ വന്നിട്ട് സുപ്രീം കോടതി ഇതൊക്കെ കാണാതെ പോയി എന്ന് പറയാന്‍ കഴിയുന്നത് ? നമ്മളെല്ലാം ഇതെല്ലാം കേട്ടാല്‍ അത് വിശ്വസിക്കും
രണ്ടാമത്തേത്. രാജാ ബാലി, മൊഹമ്മദ് അസ്ഗര്‍ എന്നീ രണ്ടു വ്യക്തികള്‍ മുന്നോട്ടു വന്ന് അവകാശപ്പെട്ടു. ഞങ്ങള്‍ മിര്‍ ബക്കിയുടെ നാലാം തലമുറയില്‍ ഉള്ളവരാണ്. മിര്‍ ബക്കിയായിരുന്നു ബാബറുടെ നിര്‍ദ്ദേശ പ്രകാരം അവിടെ മോസ്‌ക്ക് പണിതത്. അവര്‍ തങ്ങളുടെ പൂര്‍വ്വികരുടെ പേരുകള്‍ കാണിച്ചു, പറഞ്ഞത്, ഈ ഭൂമി തങ്ങള്‍ക്ക് ഇഷ്ടദാനമായി നല്‍കപ്പെട്ടതാണ്, അതുകൊണ്ട് തങ്ങള്‍ക്ക് ഈ ഭൂമിയുടെ മേല്‍ അവകാശമുണ്ട് എന്നാണ്. അതും കോടതി തള്ളിക്കളഞ്ഞു. കാരണം അവര്‍ക്ക് തങ്ങളുടെ മുമ്പുള്ള മൂന്നു തലമുറകളെ പറ്റി തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ആരാണ് ആ സമയത്ത് ഈ അവകാശം കൈവശം വച്ചിരുന്നത്, എങ്ങനെയാണ് തലമുറകളിലേക്ക് അത് കൈമാറിയത്, അതിനായി ഈ 350 വര്‍ഷങ്ങള്‍ പിന്തുടര്‍ന്നിരുന്ന സംവിധാനം എന്തായിരുന്നു ? ആര്‍ക്കും ഒരു തെളിവും കൊണ്ടു വരാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് കോടതി പറഞ്ഞു, അതിനെ ഒരു തെളിവെന്ന നിലയ്‌ക്ക് ആശ്രയിക്കാന്‍ കഴിയില്ല.
ഇനി അവസാനത്തെ തെളിവ്. 1885 മുതല്‍ 1888 ഒരു കോടതി വ്യവഹാരം നടന്നു വരികയായിരുന്നു. അത് ആദ്യം സബ് ജഡ്ജിയുടെ മുന്നിലെത്തി. പിന്നെ ഡിസ്ട്രിക്ട് ജഡ്ജി, ഒടുവില്‍ അത് ഔദ്ധ് ലെ ജുഡീഷ്യല്‍ കമ്മീഷണറുടെ മുന്നിലെത്തി. അദ്ദേഹം രേഖപ്പെടുത്തുന്നു. ‘ഇത് രാമന്റെ ജന്മസ്ഥാനമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ ഒരു മോസ്‌ക്ക് ഉണ്ടാക്കിയത് ബാബറിന്റെ വര്‍ഗ്ഗീയ സ്വേച്ഛാധിപത്യത്തിലാണ്.
എന്നാലും 350 നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം നമുക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹമില്ല.’ ഇതായിരുന്നു ഈ ഭൂമി മുസ്ലീങ്ങളുടേതാണ് എന്ന് അവകാശപ്പെടാന്‍ വേണ്ടി കോടതിയുടെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ടതും പരിശോധിക്കപ്പെട്ടതുമായ നാല് തെളിവുകള്‍.
ഒപ്പം നാല് ലിഖിതങ്ങളും സമര്‍പ്പിക്കപ്പെട്ടു. ഒരു ശ്രീമാന്‍ ഫെഹര്‍ ആണ് അവയില്‍ ഒന്നിന്റെ കര്‍ത്താവ്. അത് പെട്ടെന്നു തന്നെ നിരാകരിക്കപ്പെട്ടു. കാരണം അദ്ദേഹത്തിന്റെ ലിഖിതം പറയുന്നത് 1523 ല്‍ മോസ്‌ക്ക് നിര്‍മ്മിക്കപ്പെട്ടു എന്നാണ്. എന്നാല്‍ ബാബര്‍ ഇന്ത്യയില്‍ വന്നത് 1528 ല്‍ മാത്രമാണ്.
അടുത്തത് എ എസ് ബെവെറിഡ്ജ് ന്റെ എഴുത്താണ്. എന്നാല്‍ അവര്‍ ആ ലിഖിതങ്ങള്‍ നേരിട്ട് കാണുകയോ, വിവര്‍ത്തനം ചെയ്യുകയോ ചെയ്തിട്ടില്ല. അവര്‍ അത് മറ്റൊരിടത്തു നിന്നും പുനര്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. അതിനാല്‍ അത് രണ്ടാം നിരയിലുള്ള സ്രോതസ്സ് ആയി മാത്രമേ കാണാന്‍ കഴിയൂ. അതിന് തെളിവ് എന്ന നിലക്കുള്ള പ്രാധാന്യമില്ല.
മൂന്നാമത്തെത്, ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. എഎസ്ഐ യുടെ ഒരു പുസ്തകം. നാല് ചരിത്രകരന്മാര്‍ ചേര്‍ന്ന് തയ്യാറാക്കിയ ആ പുസ്തകത്തില്‍ പറയുന്നത് സ്‌കന്ദ പുരാണം പത്തൊമ്പതാം നൂറ്റാണ്ടിലേതാണ് എന്നാണ്. ഭഗവാന്‍ വേദവ്യാസന്‍ എങ്ങനെയാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ വന്നത് ? നമുക്കറിഞ്ഞു കൂടാ. ഏതായാലും അദ്ദേഹം ഇനി ജനിക്കാനിരിക്കുന്നതേയുള്ളൂ എന്ന് അവര്‍ പറയാത്തതിന് ദൈവത്തിന് നന്ദി. സുപ്രീം കോടതിയിലെ അഞ്ചു ജഡ്ജിമാരും, അലഹബാദ് ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാരും ചോദിച്ചത് എങ്ങനെ ഇത്തരം ചരിത്രകാരന്മാര്‍ എഎസ്ഐ യുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെടുന്നു എന്നാണ്. ഇതാണ് ശരിക്കും അവര്‍ പറഞ്ഞത്. അത് അത്രയ്‌ക്കും അസത്യമാണ്. വാസ്തവ വിരുദ്ധമാണ്.
അവസാനത്തേത് ബാബര്‍നാമ എന്ന പുസ്തകം ആയിരുന്നു. ബാബര്‍ വന്നത് 1528 മാര്‍ച്ച് 28 നായിരുന്നു. അദ്ദേഹം അയോദ്ധ്യയില്‍ ഉണ്ടായിരുന്നത് 1528 സെപ്തംബര്‍ വരെയായിരുന്നു. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ കാണാനില്ല. അതിനു മുമ്പും അതിനു ശേഷവും ഉള്ള ഭാഗങ്ങള്‍ ഉണ്ട്. ഇവയായിരുന്നു ആ വസ്തു തങ്ങള്‍ക്ക് തരണം എന്ന അവകാശവാദത്തിന് പിന്‍ബലമായി അവര്‍ (മുസ്ലീങ്ങള്‍) സമര്‍പ്പിച്ച നാല് ലിഖിതങ്ങള്‍.
കോടതി ചോദിച്ചു ഇവയുടെ അടിസ്ഥാനത്തില്‍ നമുക്ക് എങ്ങനെ നിങ്ങള്‍ക്ക് ഉടസ്ഥാവകാശം തരാന്‍ കഴിയും ? ഈ തെളിവുകള്‍ ദുര്‍ബലമാണ്. അപ്പോള്‍ ഭൂമി തങ്ങള്‍ക്ക് തരണം എന്നഭ്യര്‍ഥിച്ചു കൊണ്ട് അവര്‍ രണ്ട് നിയമപരമായ അവകാശങ്ങള്‍ കൂടി സമര്‍പ്പിച്ചു. ഈ ഭൂമിയെ വഖഫ് സ്വത്തായി പ്രഖ്യാപിക്കുക എന്നായിരുന്നു ഒന്ന്. വഖഫ് എന്നാല്‍ ചാരിറ്റി പ്രസ്ഥാനങ്ങള്‍ പോലെയുള്ളതാണ്. രേഖയുടെ അഭാവത്തിലും, നിങ്ങള്‍ക്ക് തുടര്‍ച്ചയായ തടസ്സമില്ലാത്ത ഉപയോഗം കാണിക്കാന്‍ കഴിയുമെങ്കില്‍ ആ വസ്തുവിന്റെ ഉടമസ്ഥാവകാശം നിങ്ങള്‍ക്ക് കൈവശം വയ്‌ക്കാം. എന്നാല്‍ എവിടെയാണ് തടസ്സമില്ലാത്ത ഉപയോഗം നടന്നിരിക്കുന്നത് ? ഓരോ രണ്ടു വര്‍ഷത്തിലും രണ്ടു സമുദായങ്ങളും തമ്മില്‍ ഒരേ ഭൂമിക്കു വേണ്ടി വഴക്കിടുകയായിരുന്നു. അപ്പോള്‍ വഖഫ് ആയി മാറ്റാന്‍ ഭൂമിയുടെ തടസ്സമില്ലാത്ത ഉപയോഗം കാണിക്കാന്‍ കഴിയണം. അതെങ്ങനെ കാണിക്കാന്‍ കഴിയും എന്നാണ് പിന്നീട് ബഹുമാനപ്പെട്ട സുപ്രീം കോടതി ചോദിച്ചത്. രാജീവ് ധവാന്‍ ഒരു സമര്‍ത്ഥനായ സീനിയര്‍ അഭിഭാഷകനാണ്. കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച ഒരു അഡ്വക്കേറ്റിനെ തന്നെയാണ് അവര്‍ക്ക് കിട്ടിയത്. അതിന് അവരെ അഭിനന്ദിക്കണം. അവസാനം അദ്ദേഹം ലോസ്റ്റ ഗ്രാന്റിനുപോലും അപേക്ഷിച്ചു. നിയമ വിദ്യാര്‍ഥികള്‍ ഇതിലെ ഓരോ വരിയും വായിച്ചു പഠിക്കേണ്ടതാണ്. നിങ്ങള്‍ ഇതിനായി കുറച്ചു സമയം കണ്ടെത്തൂ. ൗയൊരൊറ്റ വിധി മാത്രം വായിച്ച് നിങ്ങള്‍ക്ക് ഇന്ത്യന്‍ സിവില്‍ നിയമത്തിലെ 30-40 ശതമാനം പഠിക്കാന്‍ പറ്റും. അവര്‍ പറഞ്ഞു നമുക്ക് ഗ്രാന്റ ലോസ്റ്റ് ഗ്രാന്റ് അനുസരിച്ചുള്ള പരിഗണന തരണം. എന്താണ് ലോസ്റ്റ് ഗ്രാന്റ് എന്നു വച്ചാല്‍ ? വസ്തുവിന്റെ അവകാശം തരാന്‍ അധികാരമുള്ള ആരോ ഉണ്ടായിരുന്നു. അങ്ങനെ അവകാശം സ്വീകരിച്ച ആരോ ഉണ്ടായിരുന്നു. എന്നാല്‍ ആ കൈമാറ്റത്തെ കാണിക്കാന്‍ ഉള്ള യാതൊരു രേഖയും കൈവശമില്ല. എന്നാല്‍ പ്രയോഗിക തലത്തില്‍ ഇത് കൈമാറി കൈമാറി വരികയായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. നിയമത്തില്‍ ഇതിനെ അടിസ്ഥാനപ്പെടുത്തി അവകാശം സ്ഥാപിച്ചു കൊടുക്കാറുണ്ട്. എങ്ങനെയാണ് അവകാശം സ്ഥാപിക്കപ്പെടുന്നത് എന്ന് നോക്കൂ. പ്ലാന്‍ എ ഇല്ലെങ്കില്‍ പ്ലാന്‍ ബി, അതില്ലെങ്കില്‍ പ്ലാന്‍ സി അതുമില്ലെങ്കില്‍ പ്ലാന്‍ എക്‌സ്. ഈ വഴികളെല്ലാം അവര്‍ അവിടെ ശ്രമിച്ചു നോക്കി. ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ലോസ്റ്റ് ഗ്രാന്റി നു വേണ്ടിയുള്ള അപേക്ഷ തള്ളിക്കളഞ്ഞത് രണ്ടു കാരണങ്ങളാലാണ്. ലോസ്റ്റ് ഗ്രാന്റിനുള്ള ആദ്യത്തെ നിബന്ധന തന്നെ ബാഹ്യ ഇടപെടലുകള്‍ ഇല്ലാത്ത കൈവശാനുഭവം ആണ്. നിങ്ങള്‍ക്ക് ഈ ഭൂമിയുടെ അത്തരം കൈവശാനുഭവം ഉണ്ടായിരുന്നു എന്ന് തെളിയിക്കണം. രണ്ടാമതായി അവകാശം തന്ന ആളും, സ്വീകരിച്ച ആളും ഉണ്ടായിരുന്നു എന്നും തെളിയിക്കണം, പക്ഷേ അവകാശ രേഖകള്‍ ഇപ്പോള്‍ കൈവശം ഇല്ല. ഇതില്‍ രണ്ടിലും അവര്‍ പരാജയപ്പെട്ടു. ചുരുക്കത്തില്‍ ഇതൊക്കെയായിരുന്നു മുസ്ലീങ്ങളുടെ ഭാഗത്തു നിന്നുള്ള വാദങ്ങള്‍. ഇവയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് ഉടമസ്ഥാവകാശം തരണം എന്നവര്‍ അപേക്ഷിച്ചു.
ഏറ്റവും അവസാനമായി സുപ്രീം കോടതി ഒരു ചോദ്യം ഉന്നയിച്ചു. ഇതുകൊണ്ടാണ് നമ്മള്‍ ധവാനെ സമ്മതിക്കേണ്ടത്.
നിങ്ങള്‍ നിങ്ങളുടെ എല്ലാ വാദമുഖങ്ങളും അവതരിപ്പിച്ചു കഴിഞ്ഞു.
1857 നു മുമ്പത്തെ ഒരു ശീര്‍ഷകമായിട്ടോ, രേഖയായിട്ടോ, കൈവശാനുഭവമായിട്ടോ തെളിവിന്റെ എന്തെങ്കിലും ഒരു അംശം നിങ്ങളുടെ കൈവശം ഇല്ല എന്നകാര്യം നിങ്ങള്‍ സമ്മതിക്കുന്നോ ?
സമ്മതിക്കുന്നു, നമ്മുടെ കൈയ്യില്‍ അങ്ങനെ ഒരു തെളിവുമില്ല.
കോടതി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. പത്രക്കാരാരും ഇത് എഴുതിയിട്ടില്ല.
ഒരു കോടതി എന്താണോ ചെയ്യാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അത് കോടതി ചെയ്തു. തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം അവര്‍ മുന്നോട്ടു പോയി. രണ്ടാമത് ഒരു സമ്മതവും കൂടി കോടതി ആവശ്യപ്പെട്ടു.
1857 നു മുമ്പ് നമാസ് നടന്നിരുന്നു എന്ന് കാണിക്കാന്‍ എന്തെങ്കിലും തെളിവ് താങ്കളുടെ കൈവശം ഉണ്ടോ ?
അവര്‍ പറഞ്ഞു, നമ്മുടെ പക്കല്‍ തെളിവുകള്‍ ഇല്ല.
കോടതി ഈ രണ്ടു സമ്മതങ്ങളും രേഖപ്പെടുത്തി. എന്നിട്ട് പറയുന്നു
‘നിങ്ങള്‍ക്ക് ഭൂമിയുടെ അവകാശ രേഖ കാണിക്കാന്‍ കഴിയുന്നില്ല, ഉപയോഗത്തിന്റെ തെളിവുകള്‍ കാണിക്കാന്‍ കഴിയുന്നില്ല, ബാഹ്യ ഇടപെടലുകള്‍ ഇല്ലാത്ത കൈവശാനുഭവം കാണിക്കാന്‍ പറ്റുന്നില്ല, തടസ്സം ഇല്ലാത്ത തുടര്‍ച്ചയായ ഉടമസ്ഥാവകാശം കാണിക്കാന്‍ പറ്റുന്നില്ല. നിങ്ങളുടെ പ്രവേശനം അവകാശപ്പെടുന്ന കാലയളവില്‍ വൈരുദ്ധ്യവുമുണ്ട്. അപ്പോള്‍ ഇതിന്റെ അവകാശം ഞങ്ങള്‍ നിങ്ങള്‍ക്ക് തരണം എന്ന് എങ്ങനെ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയും ?
ഹിന്ദുക്കളുടെ വാദങ്ങള്‍,
മുന്നോട്ടു വച്ച തെളിവുകള്‍
ഇനി നമുക്ക് ഹിന്ദുക്കളുടെ വശം നോക്കാം.
എന്തൊക്കെയാണ് കോടതി പരിശോധിച്ചത് ? രാമജന്മഭൂമി ഒരൊറ്റ ഭൂമിയാണ്. അത് അവിടവിടെ ബന്ധമില്ലാതെ കിടക്കുന്ന ഭൂമിയല്ല. ഒരൊറ്റ വസ്തു. 1857 നു ശേഷം അതില്‍ പുറത്തളം എന്നും അകത്തളം എന്നുമുള്ള ഒരു വിഭജനം നിലവില്‍ വന്നു. ബ്രിട്ടീഷുകാര്‍ ആ ഒരൊറ്റ വസ്തുവിനെ രണ്ടായി തരം തിരിച്ചു. 1856 – 57 കാലഘട്ടത്തില്‍ നടന്ന ഒരു വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് അവര്‍ ആദ്യമായി ഒരു ഇരുമ്പഴി നിര്‍മ്മിച്ചു. അവര്‍ ഇരുമ്പഴി കൊണ്ട് ഒരു വലയം ഉണ്ടാക്കി. എന്നിട്ട് അകത്തളം മുസ്ലീങ്ങളും പുറത്തളം ഹിന്ദുക്കളും ഉപയോഗിക്കട്ടെ എന്ന് തീരുമാനിച്ചു. അത്തരം ഒരു ധാരണയില്‍ ആണ് അന്ന് എത്തിച്ചേര്‍ന്നത്. ഇതുപോലുള്ള തെളിവുകള്‍ കൊണ്ടുവരാന്‍ കോടതി അനുവദിക്കുകയും രണ്ടു വശത്തോടും ചോദ്യങ്ങള്‍ ചോദിച്ച് തീരുമാനങ്ങളിലേക്ക് വരികയുമായിരുന്നു.
കോടതി ചോദിച്ചു. മുസ്ലീങ്ങള്‍ പുറത്തളത്തില്‍ തടസ്സമില്ലാതെ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നോ ? അതായിരുന്നു ആദ്യത്തെ ചോദ്യം.
‘ഇല്ല, ഞങ്ങള്‍ക്ക് പുറത്തളത്തില്‍ യാതൊരു പ്രവര്‍ത്തനവും ഉണ്ടായിരുന്നില്ല. അത് നമ്മുടെ പരിഗണനാ വിഷയവുമായിരുന്നില്ല’
കോടതിയുടെ രേഖകളില്‍ അവര്‍ സമ്മതിച്ചിട്ടുണ്ട്. ഇത് മൂന്നാമത്തെ സമ്മതമാണ്.
അതായത് പുറത്തളം അവരുടെ താല്‍പ്പര്യത്തില്‍ ഉള്ള വിഷയമായിരുന്നില്ല. അടുത്ത ചോദ്യം.
നിങ്ങള്‍ പറയുന്നു, നിങ്ങളുടെ ബന്ധം അകത്തളവുമായിട്ടാണ്. ശരി. ആ അകത്തളത്തിലേക്ക് ഉള്ള വഴി കാണിച്ചു തരൂ. നിങ്ങള്‍ പറഞ്ഞു, പുറത്തളത്തില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല എന്ന്. അപ്പോള്‍ അകത്തേക്കുള്ള വഴി കാണിച്ചു തരൂ.
അവര്‍ പറഞ്ഞു ‘ഞങ്ങള്‍ക്ക് അകത്തേക്ക് വഴിയില്ല’. കാരണം 1857 ല്‍ ഇരുമ്പഴികള്‍ സ്ഥാപിക്കുന്നതു വരെ, അതിനെ അങ്ങനെ രണ്ടായി വിഭജിച്ചിരുന്നില്ല. ഇരുമ്പഴി വച്ച സമയത്ത്, ആദ്യം അവര്‍ കിഴക്കു വശത്ത് ഒരു ഗേറ്റ് തുറന്ന് അവരുടെ പ്രാര്‍ഥനകള്‍ ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. അവിടേക്ക് പ്രവേശനം കിട്ടാന്‍ 1877 ല്‍ അവര്‍ വടക്ക് ദിക്കില്‍ വേറൊരു ഗേറ്റ് കൂടി തുറന്നു. കാരണം ഹിന്ദുക്കള്‍ മുസ്ലീങ്ങളുടെ സൗമനസ്യത്തിനായി പ്രതീക്ഷിക്കേണ്ട സാഹചര്യം വന്നു. അവര്‍ പറഞ്ഞു, അവരുടെ പ്രവേശന വഴി എന്തായാലും പുറത്തളത്തില്‍ കൂടിയായിരുന്നു. അത്തരം പ്രവേശനം ആദ്യമായി ഉണ്ടാക്കിയതും ഈ ഇരുമ്പഴികളും ഗേറ്റുകളും ഉപയോഗിച്ചായിരുന്നു.
അപ്പോള്‍ അതിനു മുമ്പ് നിങ്ങള്‍ക്ക് അകത്തളത്തിലേക്ക് എങ്ങനെ പ്രവേശനം കിട്ടി ? അതായിരുന്നു കോടതിയുടെ രണ്ടാമത്തെ ചോദ്യം.
ഈ വിധിന്യായത്തെ കുറിച്ച് ഒരു കാര്യം പറഞ്ഞോട്ടെ, കേസില്‍ വാദിച്ച ഒരു അഡ്വക്കേറ്റും, അഥവാ, ഇതിനെപ്പറ്റി എഴുതുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്യുന്നവരും ഈ തെളിവുകളെയൊന്നും ഒരിടത്തും ചോദ്യം ചെയ്തിട്ടില്ല. ഇതിലെ കണ്ടെത്തലുകള്‍ മുഴുവനും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉള്ളതാണ്. പലരും ഈ വിധിയെ മതേതര വിരുദ്ധം, ഭൂരിപക്ഷ വിധി എന്നൊക്കെ ആരോപിക്കുന്നുണ്ടെങ്കിലും, ഈ കണ്ടെത്തലുകളുടെ കാര്യത്തില്‍ യാതൊരു സംശയവും അവശേഷിച്ചിട്ടില്ല. അപ്പോള്‍ അവര്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതാണ്. മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന അകത്തളം എന്ന ഈ വസ്തു പൂര്‍ണ്ണമായും തങ്ങളുടേതല്ലാത്ത ഭൂമിയാല്‍ ചുറ്റപ്പെട്ടതാണ്. ഇതാണ് കോടതിയുടെ കണ്ടെത്തല്‍. ലാന്‍ഡ് ലോക്ക്ഡ് എന്ന വാക്കാണ് അവിടെ കോടതി ഉപയോഗിച്ചിട്ടുള്ളത്. ഒരു ഭൂമി വഴിയില്ലാത്തതാണെങ്കില്‍ എല്ലായ്‌പ്പോഴും അവിടെ പറന്നിറങ്ങാന്‍ കഴിയില്ലല്ലോ ?
അപ്പോള്‍ 1. ഇത് ലാന്‍ഡ് ലോക്ക്ഡ് ആണ് 2. ഇരുമ്പഴി സ്ഥാപിച്ചത് 1857 ല്‍ മാത്രമാണ്. 3. നിങ്ങള്‍ എന്തായാലും പുറത്തളത്തിനു മേല്‍ ഒരിയ്‌ക്കലും അവകാശവാദം ഉന്നയിച്ചിരുന്നുമില്ല.
വേറെയും രണ്ട് തെളിവുകള്‍ കൂടി അനുവദിക്കപ്പെട്ടു, അതും അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു.
എന്താണവ ? 1857 ല്‍, ആ ഇരുമ്പഴി സ്ഥാപിച്ച ആ നിമിഷം തന്നെ ഹിന്ദുക്കള്‍, ആ അഴിയുടെ ചുവട്ടില്‍ ഒരു ചെറിയ ആരാധനാ സ്ഥലം സ്ഥാപിച്ചിരുന്നു. കാരണം നടുത്തളത്തിലുള്ള തങ്ങളുടെ അവകാശങ്ങളെ വിട്ടുകൊടുക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ഇതും തെളിവായി അടയാളപ്പെടുത്തിയ ഒന്നാണ്. അതിലും ആര്‍ക്കും തര്‍ക്കമുണ്ടായില്ല. അതായത് അപ്പോള്‍ തന്നെ അവര്‍ തങ്ങളുടെ ആരാധന അവിടെ തുടങ്ങിയിരുന്നു. ഇതിലും പ്രധാനമായതാണ് അഞ്ചാമത്തെ തെളിവ്. ഇരുമ്പഴിയുടെ പുറത്തു നിന്ന് ആരാധന തുടങ്ങിയ സമയത്ത് അവരത് ചെയ്തിരുന്നത്, നടുത്തളത്തെ നോക്കിക്കൊണ്ട്, അത് ഗര്‍ഭഗൃഹം ആയി കണക്കാക്കി കൊണ്ടായിരുന്നു. ഇതും സുപ്രീംകോടതി രേഖപ്പെടുത്തിയ തെളിവുകളുടെ കൂട്ടത്തില്‍ ഉള്ളതാണ്. അകത്തളം അവരെ സംബന്ധിച്ച് ഭഗവാന്‍ ശ്രീരാമന്റെ ഗര്‍ഭഗൃഹം തന്നെ ആയിരുന്നു.
ഈ അഞ്ചു കാര്യങ്ങളിലും രണ്ടു കൂട്ടരും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ഉത്തരങ്ങള്‍ തേടുകയും ചെയ്തു. എല്ലാം കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് കോടതി വിട്ടുകൊടുക്കുന്നതിനു മുമ്പ് ആദ്യം മുസ്ലീങ്ങളുടെ വശം വിശകലനം ചെയ്തു.
1. ഈ ഭൂമി നിങ്ങളുടേതാണ് എന്ന് കാണിക്കാനുള്ള യാതൊരു രേഖയോ തെളിവോ കാണിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല.
2. നിങ്ങള്‍ നമാസ് നടത്തിയിരുന്നു എന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല.
3. നിങ്ങള്‍ പറഞ്ഞു, പുറത്തളത്തില്‍ നിങ്ങള്‍ക്ക് യാതൊരു പ്രവര്‍ത്തനവും ഉണ്ടായിരുന്നില്ല.
4. അത് ലാന്‍ഡ് ലോക്ക്ഡ് ആണ്.
5. അകത്തേയ്‌ക്കുള്ള പ്രവേശനമാകട്ടെ പുറത്തളത്തില്‍ കൂടി മാത്രമേ ഉള്ളൂ താനും.
6. പുറത്തളത്തില്‍ നിന്ന് ഹിന്ദുക്കള്‍ അകത്തേക്ക് നോക്കി അത് ഗര്‍ഭഗൃഹമാണെന്ന് ഉറപ്പിച്ച് ആരാധന നടത്തിയിരുന്നു.
അതുകൊണ്ട് കോടതി ഒരു സിദ്ധാന്തത്തില്‍ എത്തി. ഈ വസ്തു, ഒരൊറ്റ വസ്തുവാണ്. അത് രണ്ട് വസ്തുക്കള്‍ ആയിരുന്നില്ല. അതുകൊണ്ട് ഇത് ഒരു കക്ഷിക്ക് മാത്രമേ കൊടുക്കാന്‍ കഴിയൂ. രണ്ട് കക്ഷികള്‍ ഒരു കാര്യത്തിനായി മല്‍സരിക്കുമ്പോള്‍ ഉള്ളിലേക്കുള്ള പ്രവേശന വഴിയൊന്നും ഇപ്പോള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. അതുകൊണ്ട്, ഇത് മൊത്തമായി അവകാശപ്പെടാന്‍ ആര്‍ക്കാണ് അര്‍ഹതയുള്ളത് ? ഹിന്ദുക്കളോ ? മുസ്ലീങ്ങളോ ? മുസ്ലീങ്ങള്‍ പറഞ്ഞു, ഞങ്ങള്‍ ഒരിയ്‌ക്കലും പുറത്തളം ഉപയോഗിച്ചിട്ടില്ല, പുറത്തളം ഹിന്ദുക്കള്‍ ഉപയോഗിക്കുന്നതിനെ നമ്മള്‍ എതിര്‍ത്തിട്ടില്ല. കോടതി നടപടികളില്‍ എവിടെയൊക്കെയാണോ ന്യായമായ നിലപാട് വേണ്ടത്, അവിടെയൊക്കെ അവര്‍ അങ്ങനെ തന്നെയായിരുന്നു. കോടതി ഇതെല്ലാം അവരുടെ സമ്മതമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വസ്തുതകള്‍ എല്ലാം പരിഗണിക്കുമ്പോള്‍, ഒരൊറ്റ വസ്തുവായി കിടക്കുന്ന ഇത് ഹിന്ദുക്കള്‍ക്ക് മാത്രമേ കൊടുക്കാന്‍ കഴിയൂ. 87 ജാപ്തകളും, 533 മൊഴികളും, 13990 പേജ് സാഹിത്യവും ഒക്കെ പരിശോധിച്ച് കോടതി എത്തിച്ചേര്‍ന്ന തീരുമാനമായിരുന്നു അത്.
അങ്ങനെ വസ്തുവിന്റെ ഉടമസ്ഥാവകാശ തര്‍ക്കം പരിഹരിക്കപ്പെട്ടു
അറിയാം അയോധ്യ വിധിയെ സമഗ്രതയില്‍ Part- 02; രാമന്റെ ജനന സ്ഥലം ആണെന്നതിനുള്ള തെളിവുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: