തിരുവനന്തപുരം:എതിര് പക്ഷത്തുള്ളവരുടെ ആര്‍എസ്എസ് ബന്ധം ചികയുകയും പുല ബന്ധം പോലുമില്ലന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ആണ് കോണ്‍ഗ്രസ് , സിപിഎം നേതാക്കള്‍. ശാഖയില്‍ വരുന്നവര്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നോ പ്രവര്‍ത്തിക്കരുതെന്നോ സംഘം പറയാറില്ല. ശാഖയിലെത്തുന്നവരുടെ പൂര്‍വാശ്രമം നോക്കാറില്ല. എത്തിയ വ്യക്തികളുടെ പേരില്‍ ഊറ്റം കൊള്ളുയോ വിഷമിക്കുകയോ ചെയ്യാറില്ല.
ആര്‍എസ്എസിനെ അറിഞ്ഞ് അതിലേക്ക് എത്തിയവരുടെ നിര നീണ്ടതാണ്. അതില്‍ ഒരാളാണ് നടന് സുകുമാരന്‍.
കോളേജ് അധ്യാപകനായിരിക്കെ സിനിമയില്‍ വന്ന് നായക പദവിയിലേക്കുയര്‍ന്ന സുകുമാരന്‍ ആര്‍എസ്എസ് ആയിരുന്നില്ല. പക്ഷേ പൂജപ്പുരയില്‍ വീടിനടുത്തുള്ള ആര്‍എസ്എസ് ശാഖയിലേക്ക് സുകുമാരന്‍, മക്കളെ നിര്‍ബന്ധപൂര്‍വം പറഞ്ഞു വിട്ടിരുന്നത് സംഘത്തെ അടുത്തറിഞ്ഞതിനാലാണ്.
കെ കരുണാകരന് മുഖ്യമന്ത്രി ആയിരുന്നപ്പോല് ലഭിച്ച ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് പദവി ആര്‍എസ്എസ് ബന്ധത്തിന് അദ്ദേഹത്തിന് തടസ്സമായിരുന്നില്ല.ആര്‍എസ്എസ് പരിശീലന ശിബിരം ഉദ്ഘാടനം ചെയ്യാന്‍ സുകുമാരന്‍ തയ്യാറായത് ആര്‍എസ്എസിനെ അടുത്തറിഞ്ഞിട്ടു തന്നെ. ആര്‍എസ് എസ് കരമന ശിബിരം ഉദ്ഘാടനം ചെയതത് അദ്ദേഹമാണ്.
മക്കള്‍ ഇന്ദ്രജിത്തും പൃഥ്വിരാജും പൂജപ്പുര ശാഖയിലാണ് മുടങ്ങാത്ത വന്നിരുന്നത്.ശാഖാ കാര്യക്രമങ്ങളില്‍ രണ്ടുപേരും സജീവമായിരുന്നുവെന്ന് അന്ന മണ്ഡല് കാര്യവാഹ് ആയിരുന്ന തിരുമല വേണു ജന്മഭൂമിയോട് പറഞ്ഞു. സുകുമാരന്‍ മക്കളെ കാറില്‍ കൊണ്ടുവന്ന് ശാഖയില്‍ വിട്ട സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടര്ന്ന് ഇരുവരും സിനിമയില്‍ എത്തി.
മറ്റ് ചിന്താഗതിയില്‍ നിന്ന് ആര്‍എസ്എസിലേക്ക് എത്തിയവരെകുറിച്ച് ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍ എഴുതിയ ലേഖനത്തിലാണ് നടന്മരായ സുകുമാരന്റേയും മക്കളുടേയും ആര്‍എസ്എസ് ബന്ധം പറയുന്നത്
ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം
ആര്‍എസ്എസ് ആയവരില്‍ ദേശാഭിമാനി , വീക്ഷണം
മുഖ്യ പത്രാധിപര്‍മാരും
സി പി രാമസ്വാമി അയ്യര്‍ രാജ്യം സ്വാതന്ത്യത്തിലേയക്ക് നീങ്ങുന്നു. സ്വതന്ത്ര തിരുവിതാംകൂര്‍ നയം നടപ്പാക്കാന്‍ സി പി രാമസ്വാമി അയ്യര്‍ ശ്രമിക്കുന്നതിന്റെ അവസാനഘട്ടം. എന്‍എസ്എസ് അധ്യക്ഷന്‍ മന്നത്തു പത്മനാഭന് അതിനെതിരെ പരസ്യമായി രംഗത്തുവന്നു. സര് സി.പിക്കെതിരെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനും സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും മന്നം എന്‍.എസ്.എസില്‍ നിന്നും രാജി വെയ്ക്കാന്‍ തീരുമാനിച്ചു. പകരം ആര് പ്രസിഡന്റ് എന്നത് പ്രശ്നമായി. സി പിയെ പേടിച്ച് പലരും പ്രസിഡന്റാകാന്‍ മടിച്ചു. കോണ്‍ഗ്രസ് കോട്ടയം ജില്ല അധ്യക്ഷനായിരുന്ന എന്‍ ഗോവിന്ദമോനാന്‍ ധൈര്യത്തോടെ മുന്നോട്ടുവന്നു. 1947 മെയില്‍ മന്നത്തിനു പകരം ഗോവിന്ദ മേനോന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു.
മോനോനെ ഭീഷണിപ്പെടുത്തി സ്വതന്ത്ര തിരുവിതാംകൂറിനെ അനുകൂലിച്ച് പ്രമേയം അവതരിപ്പിച്ചു പാസാക്കാന്‍ ദിവാന് പല മാര്‍ഗ്ഗങ്ങളും നോക്കി.പക്ഷേ, പ്രമേയം അവതരിപ്പിക്കാന്‍ പോലും അനുവദിക്കാതെ റൂള്‍ ഔട്ട് ചെയ്ത് കളയൂക ആണ് ഗോവിന്ദ മേനോന് ചെയ്തത്. പദവിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പതിമൂന്നാമത് പ്രസിഡന്റ് ആയി 1952 വരെ തുടര്‍ന്നു. എന്‍എസ്എസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷം ഗോവിന്ദ മോനോന് ഏറ്റെടുത്ത ഒരു ചുമതലയുണ്ട്. ആര്‍എസ്എസ് സംസ്ഥാന അധ്യക്ഷ പദവി. ആര്‍എസ്എസ് ഭാഷയില്‍ പറഞ്ഞാല്‍ പ്രാന്തീയ സംഘചാലക്. അതെ, കേരളത്തിലെ ആദ്യത്തെ ആര്‍എസ്എസ് സംഘചാലക്, കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍എസ്എസ് മുന്‍ അധ്യക്ഷന്‍. സംഘചാലക് സ്ഥാനത്തിരിക്കവെ ഗോവിന്ദ മോനോന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വാഴൂര്‍ മണ്ഡലത്തില്‍് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. മത്സരിക്കാനായി സംഘചാലക് പദവി ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ആദ്ദേഹം ഗുരുജി ഗോള്വള്ക്കര്ക്ക് കത്തെഴുതി. പദവിയില്‍ ഇരുന്നുകൊണ്ടുതന്നെ മത്സരിക്കാനായിയിരുന്നു മറുപടി
ഗോവിന്ദ മോനോനു ശേഷം ആര്‍എസ്എസ് പ്രാന്ത സംഘചാലക് ആയത് ഗോപാലന് അടിയോടി. കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷനായിരുന്ന അടിയോടി സംഘചാലക് പദവി ഏറ്റെടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ജില്ലാ റിട്ടേണിംഗ് ഓഫീസറായിരുന്നു.
എന്‍എസ്എസിന്റേയും കെപിസിസിയുടേയും അധ്യക്ഷ സ്ഥാനത്തിരുന്ന കെ കേളപ്പന് മലയാളികള്‍ക്ക് കേരള ഗാന്ധിയായിരുന്നു. ഉപ്പു സത്യാഗ്രഹത്തിനും വൈക്കം സത്യാഗ്രഹത്തിനും ഗുരുവായൂര്‍ സത്യാഗ്രഹത്തിനും നേതൃത്വം നല്കിയ കേളപ്പന് അവസാനകാലത്ത് ആര്‍എസ്എസിനൊപ്പം ആയിരുന്നു. ആര്‍എസ്എസ് നേതൃത്വം നല്കിയ മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരത്തിനും തളിക്ഷേത്ര പ്രക്ഷോഭത്തിനും മുന്നില്‍ നിന്നത് കേളപ്പനായിരുന്നു. ആര്‍എസ്എസ് പ്രചാരകന് പി മാധവ്ജിക്കൊപ്പം കേരള ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിക്കുന്നതിന് നേതൃത്വം നല്കിയതും കേളപ്പജിയാണ്.
സര്‍വോദയ നേതാവും കേരള മദ്യനിരോധന സമിതി പ്രസിഡന്റും എന്‍എസ്എസ് രജിസ്ട്രാറുമായിരുന്ന എം.പി. മന്മഥന്, ആര്‍എസ്എസ് ആരംഭിച്ച പത്രത്തിന്റെ മുഖ്യപത്രാധിപര്‍ ചുമതല ഏറ്റെടുക്കാന്‍ മടിയൊന്നും ഉണ്ടായില്ല. ജന്മഭൂമിയുടെ പ്രഥമ ചീഫ് എഡിറ്റര്‍ ആയ എം പി മന്മഥന്, അടിയന്തരാവസ്ഥക്കെതിരെ കേരളത്തില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ക്ക് ഒപ്പം ചേരുകയും ഏഴുമാസം ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തു. ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന വി എം കൊറാത്തും ആര്‍എസ്എസ് ആയിരുന്നില്ല എന്നു മാത്രമല്ല കടുത്ത ആര്‍എസ്എസ് വിരോധിയും ആയിരുന്നു. ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു കൊറാത്ത് , പിന്നീട് ജന്മഭൂമിയിലും തപസ്യയിലും ചുമതല ഏറ്റെടുത്തത് ആര്‍എസ്എസിനെ അടുത്തറിഞ്ഞപ്പോള്‍ ആണ്. ജന്മഭൂമിയിടെ മറ്റൊരു ചീഫ് എഡിറ്ററായിരുന്നു ലീലാമോനോന്‍. കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരില്‍ പ്രഥമ സ്ഥാനം വഹിച്ച ലീലാ മേനോനും ആര്‍എസ്എസ് ആശയത്തോട് ഇഴുകി ചേരാന്‍ മടിയുണ്ടായില്ല.
ആര്‍എസ്എസിനെ പരസ്യമായി അംഗീകരിച്ച മറ്റൊരു പത്രാധിപരാണ് വി ടി ഇന്ദുചൂഡന്. ദേശാഭിമാനിയുടെ മുഖ്യപത്രാധിപര്‍. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്ന ഇന്ദുചൂഡനെ ഇഎംഎസിന്റെ നിര്‍ദ്ദേശപ്രകാരം കെപിആര്‍ ഗോപാലന്റെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് ദേശാഭിമാനിയില്‍ നിന്ന് പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു. കാക്കി ടൗസറിട്ട് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് മടിയുണ്ടായില്ല. ആലുവയില്‍ സര്‍സംഘചാലക് ദേവറസ് പങ്കെടുത്ത പരിപാടിയുടെ അധ്യക്ഷന്‍ ഇന്ദുചൂഡന് ആയിരുന്നു.മാര്‍ക്സസ്റ്റ് അക്രമവുരുദ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനവും വഹിച്ചു.
കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖ്യപത്രാധിപരായിരുന്ന സി പി ശ്രീധരന് കറകളഞ്ഞ കോണ്‍ഗ്രസുകാരനായിരുന്നു. പക്ഷേ അനുഭവം അദ്ദേഹത്തേയും ആര്‍എസ് എസ് അനുഭാവിയാക്കി. കോട്ടയത്ത് അദ്ദേഹത്തിന്റെ വീട് ആര്‍എസ് എസ് ബൈഠക്കുകള്‍ക്ക് വേദിയായി. ഭാര്യ നളിനി മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റുമായി. ബസോലിയോസ് കോളേജിലെ ചരിത്രാധ്യാപകനായ പ്രൊഫ ഒ എം മാത്യുവും സിഎംഎസ് കോളേജിലെ ചരിത്രാധ്യാപകനായ പ്രൊഫ. സി ഐ ഐസക്കും കോട്ടയം നഗരത്തിലൂടെ കാക്കി ട്രൗസറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും വെച്ച് ആര്‍എസ്എസ് റൂട്ടുമാര്‍ച്ചിന്റെ മുന്‍ നിരയില്‍ അടിവെച്ചു നീങ്ങിയത് ആ സംഘടനയുടെ ചരിത്രം ശരിക്കറിഞ്ഞുതന്നെയാണ്. ആര്‍എസ്എസില്‍ ചേര്‍ന്നില്ലങ്കിലും ശക്തനായ ആര്‍എസ്എസ് വക്താവായ മറ്റൊരു കോട്ടയം കാരനാണ് ജസ്റ്റീസ് കെ ടി തോമസ്. ഭരണഘടനയും ജുഡീഷറിയും സൈന്യവും കഴിഞ്ഞാല്‍ രാജ്യത്തിന്റെ സുരക്ഷിതത്വം നിലനിര്‍ത്തുന്ന നാലാമത്തെ ഘടകം ആര്‍എസ്എസ് എന്ന് പരസ്യമായി പറയാന്‍ സുപ്രീം കോടതി ജഡ്ജി ആയിരുന്ന കെ ടി തോമസിന് മടിയുണ്ടായില്ല. ആര്‍എസ്എസിനെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചതിനു കാരണം കൊച്ചിയില്‍ സര്‍സംഘചാലക് മോഹന്‍ഭാഗവത് പങ്കെടുത്ത പരിപാടിയില്‍ കെ ടി തോമസ് വിശദീകരിച്ചിരുന്നു. ‘ജീവിതത്തില്‍ വഴികാട്ടിയായിരുന്ന ഗുരുസ്ഥാനിയനായ ജസ്റ്റീസ് എ ആര് ശ്രീനിവാസനാണ് കാരണം. അദ്ദേഹം പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ഗാന്ധിജിയെ വധിക്കുമെന്ന് വിശ്വസിക്കാനായില്ല. ഗാന്ധിവധക്കേസ് ആഴത്തില്‍ പഠിച്ചു. എതിരാളികള്‍ പറഞ്ഞു പരത്തുന്നതല്ല യഥാര്‍ത്ഥ ആര്‍എസ് എസ് എന്ന് മനസ്സിലായി’ എന്നാണ് തോമസ് പറഞ്ഞത്.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ജസ്റ്റീസ് എ ആര് ശ്രീനിവാസനും ആര്‍എസ്എസിനെ അടുത്തറിഞ്ഞ് അതിലേയ്ക്ക് വന്ന പ്രമുഖനാണ്. ശ്രീനാരായണ ഗുരുവിനെുറിച്ച് ‘ ആദി മഹസ്’ എന്ന ഉജ്ജ്വല ഗ്രന്ഥം എഴുതിയ ശ്രീനിവാസനായിരുന്നു 1982 ല്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിശാല ഹിന്ദു മഹാ സമ്മേളനത്തിന്റെ സംഘാടക സമിതി അധ്യക്ഷന്‍.ഹൈന്ദവ ഐക്യത്തിന്റെ ഗംഗാപ്രവാഹം പോലെ എറണാകുളത്ത് നടന്ന വിശാല ഹിന്ദുസമ്മേളനം കേരളചരിത്രത്തിലെ നാഴികകല്ലാണ്. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്‍ത്ഥയും ഡോ. കരണ്സിങ്ങും ആര്‍എസ്എസ് സര്‍സംഘചാലക് ബാലാസാഹേബ് ദേവറസും പങ്കെടുത്ത സമ്മേളനത്തില്‍ ‘ഹിന്ദുക്കള്‍ നാമൊന്നാണേ’ എന്ന ഈരടികളുമായി ലക്ഷങ്ങളാണ് അണിചേര്‍ന്നത്. എ ആര് ശ്രീനിവാസന് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധ്യക്ഷ പദവും വഹിച്ചു.
ഒറ്റ പ്രസംഗം കേട്ട് ആര്‍എസ് എസ് അനുഭാവിയായ പ്രമുഖനാണ് പ്രൊഫ.വി എ കേശവന് നമ്പൂതിരി. സര്‍വോദയ നേതാവും ഹിന്ദി കവിയും ദേവഗിരി കോളേജിലെ അധ്യാപകനുമായ കേശവന് നമ്പൂതിരിയെ ദീനദയാല്‍ ഉപാധ്യായ എഴുതിയ ‘ സ്വാതന്ത്യത്തിന്റെ സാഫല്യം’ എന്ന പുസ്തത്തിന്റെ പ്രകാശനത്തിന് ക്ഷണിച്ചു. ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിക്കാനാണ് കിട്ടിയ അവസരം അദ്ദേഹം ഉപയോഗിച്ചത്. ഗാന്ധിജിയുടെ ഗ്രാമസ്വരാജും ദീനദയാലിന്റെ ഏകാത്മാ മാനവവാദവും ഒരുപോലെയെന്ന് പറയുന്നത് ഭോഷ്ക്കാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചു. ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹത്തിനു ശേഷം പ്രസംഗിച്ച പി പരമേശ്വരന് അടുക്കും ചിട്ടയില്‍ ചുട്ട മറുപടി നല്കി. പരമേശ്വരന്റെ പ്രസംഗം എന്നെ മാറ്റി ചിന്തിപ്പിച്ചു എന്ന് പറഞ്ഞ് കേശവന് നമ്പൂതിരി ആര്‍എസ്എസ് സഹയാത്രികനായി. പന്നീട്,അടല്‍ ബിഹാരി വാജ്പേയിയുടെ കവിതകള്‍ മലയാളത്തിലേ്ക്ക് വിവര്‍ത്തനം ചെയ്ത് പുസ്തകരൂപത്തിലാക്കിയത് ഇദ്ദേഹമാണ്.
നവോത്ഥാന നായകനായി ഏവരും ഉയര്‍ത്തിക്കാട്ടുന്ന വി ടി ഭട്ടതിരിപ്പാട് 80-ാം വയസ്സില്‍ ആര്‍എസ്എസ് പാലക്കാട് ശിബിരത്തില്‍ വന്നു പറഞ്ഞത് ’20-30 വര്‍ഷം മുന്‍പ് ഞാന്‍ ആര്‍എസ്എസിനെ അഞ്ഞിരുന്നെങ്കില് യൂണിഫോം ധരിച്ച് നിങ്ങളില്‍ ഒരാളായി നിങ്ങളോടൊപ്പം ഇരിന്നേനെ’ എന്നാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാലക്കാട്ടെ ആദ്യകാല നേതാക്കളില്‍ പ്രമുഖരായിരുന്നു സഹോദരങ്ങളായ എം.വി വാസുവും എം വി സുകുമാരനും. ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താക്കളായി ജനം അംഗീകരിച്ചവര്‍. വാസു പറളി മണ്ഡലത്തില്‍നിന്ന് 1962 ല്‍ നിയമസഭയിലേയക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സുകുമാരന്‍ പഞ്ചായത്ത് പ്രസിഡന്റായി. ജനസംഘത്തിന്റെ ദേശീയ സമ്മേളനം കോഴിക്കോട് നടന്നതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യം സുകുമാരനെ എത്തിച്ചത് ആര്എസ്എസിലാണ്. വിവിധ ചുമതലകള്‍ വഹിച്ച് ആര്‍എസ്എസില്‍ സജീവമാവുകയും ചെയ്തു. ബിജെപി നേതൃത്വത്തിലേക്ക് പയ്യന്നൂരില്‍ നിന്നു വന്ന പി പി കരുണാകരന് മാസ്റ്ററും കമടിക്കൈ കമാരനും സികെ പത്മനാഭനും കമ്മ്യുണിസം ഉപേക്ഷിച്ചാണ് ദേശീയതയെ പുല്കിയത്. ആര് എസ് പിയുടെ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറായിരുന്ന എം എസ് കുമാര്‍, പി്ന്നീട് ഹിന്ദുമുന്നണിയുടെ കൗണ്‍സിലറായതും ബിജെപിയുടെ നേതൃനിരയിലെത്തിയതും ഇടതു രാഷ്ട്രീയം മടുത്താണ്.
മഹിളാ കോണ്‍ഗ്രസിന്റെ പൊന്നാനി താലുക്കിലെ മുതിര്‍ന്ന പ്രവര്‍ത്തകയായിരുന്ന വിനോദിനിയമ്മ ആര്‍എസ്എസ് മഹിളാ വിഭാഗം രാഷ്ട്ര സേവികാ സമിതിയുടെ സംസ്ഥാന അധ്യക്ഷയായി. നിലക്കല്‍ പ്രക്ഷോഭ സമയത്ത് ഗുരുവായുര്‍ ക്ഷേത്ര നടയില്‍ എത്തിയ കെ കരുണാകരനെ തടയാന്‍ മുന്നില്‍ നില്ക്കാന് വിനോദിനിയമ്മയ്ക്ക് ധൈര്യം നല്‍കിയക് ആര്‍എസ്്എസ് തന്നെയാണ് .
തപസ്യയുടേയും ബാലഗോകുലത്തിന്റേയും പരിപാടികളില്‍ അതിഥികളായി എത്തിയ സാംസ്ക്കാരിക നായകരെ ആര്‍എസ്എസ് ആക്കേണ്ട. തപസ്യ അധ്യക്ഷന്മാരായിരുന്ന മഹാകവി അക്കിത്തവും കവി പി നാരായണക്കുറുപ്പം ഇടതുപക്ഷ രാഷ്ട്രീയം വെടിഞ്ഞാണ് ആര്‍എസ്എസ് പരിവാര്‍ സംഘടനയെ നയിച്ചത് എന്നത് മറക്കരുത്.
കോളേജ് അധ്യാപകനായിരിക്കെ സിനിമയില്‍ വന്ന് നായക പദവിയിലേക്കുയര്‍ന്ന സുകുമാരന്‍ ആര്‍എസ്എസ് ആയിരുന്നില്ല. പക്ഷേ പൂജപ്പുരയില്‍ വീടിനടുത്തുള്ള ആര്‍എസ്എസ് ശാഖയിലേക്ക് സുകുമാരന്‍ മക്കളെ ( ഇന്ദ്രജിത്ത്, പൃഥ്വിരാജ്) നിര്‍ബന്ധപൂര്‍വം പറഞ്ഞു വിട്ടിരുന്നത് സംഘത്തെ അടുത്തറിഞ്ഞതിനാലാണ്. കെ കരുണാകരന് നല്കിയ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് പദവിയിലിരിക്കുമ്പോഴും ആര്‍എസ്എസ് പരിശീലന ശിബിരം ഉദ്ഘാടനം ചെയ്യാന്‍ സുകുമാരന്‍ തയ്യാറായതും ആ അറിവു വെച്ചാണ്.
എതിര് പക്ഷത്തുള്ളവരുടെ ആര്‍എസ്എസ് ബന്ധം ചികയുന്നവരും പുല ബന്ധം പോലുമില്ലന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരും ചിന്തിക്കേണ്ടത്, എന്തുകൊണ്ട് മുകളില്‍ പറഞ്ഞവരൊക്കെ ആര്‍എസ്എസ് ആയി എന്നാണ്. മറ്റ് ആദര്‍ശത്തില്‍ നിന്നു വരുന്നവരെ പൂവിട്ടു പൂജിക്കുകയോ മറ്റ് ആദര്‍ശത്തിലേക്ക് പോകുന്നവരെ 51 തവണ വെട്ടി കാലപുരിക്ക് അയയ്്ക്കുകയോ ചെയ്യാത്ത, ആര്‍എസ്എസ് ഇതൊന്നും വലിയ കാര്യമാക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: