തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ച് ഡോക്റ്റര്‍മാരുടെ സംഘടനയായ കെജിഎംഒഎ. പിണറായി സര്‍ക്കാര്‍ തീരുമാനിച്ച പല നടപടികളും കോവിഡ് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ ഇടയാക്കും. കോവിഡ് രോഗികളുമായി ബന്ധപ്പെട്ട സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ പോലുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സംഘടന വ്യക്തമാക്കുന്നു.
കത്തിന്റെ പൂര്‍ണരൂപം-
സ്വീകര്‍ത്താവ്,
ശ്രീ പിണറായി വിജയന്
ബഹു. കേരള മുഖ്യമന്ത്രി
സര്,
വിഷയം: കൊറോണ പ്രതിരോധം ശക്തമാക്കുന്നത് സംബന്ധിച്ച് :-
കഴിഞ്ഞ ആറു മാസമായി കോവിഡ് ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട് അശ്രാന്ത പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാറും മറ്റ് ആരോഗ്യ ആരോഗ്യപ്രവര്‍ത്തകരും നടത്തുന്നത്. സ്ക്രീനിംഗ് മുതല്‍ ക്വാറന്റീന് ഉറപ്പാക്കുന്നതു വരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, ദിവസേന മുപ്പതിനായിരത്തോളം വരുന്ന സ്രവ പരിശോധന സാസിള്‍ ശേഖരണവും, CFLTC കള്‍ മുതല്‍ കോവിഡ് ആശുപത്രികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട പതിനായിരത്തോളം കോവിഡ് രോഗികളുടെ ചികിത്സയും ഒരു വീഴ്ചയും വരുത്താതെ നടത്തുന്നത് ആരോഗ്യ വകുപ്പ് ഡോക്ടര്‍മാരാണെന്ന് അങ്ങേക്കറിവുള്ളതാണല്ലൊ.
നിലവില്‍ കോവിഡ് രോഗബാധ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണ്ട കാര്യങ്ങളിലേക്ക് അങ്ങയുടെ ശ്രദ്ധക്ഷണിക്കുന്നു. കോവിഡേതര രോഗികളുടെ ചികിത്സ ഉറപ്പു വരുത്തുന്നതിനും ഇത് ആവശ്യമാണെന്ന് ഞങ്ങള്‍ വിലയിരുത്തുന്നു.
1) ഓരോ ജില്ലയിലേയും പ്രധാന ആശുപത്രികള്‍ കോവിഡ് ആശുപത്രികളായി മാറിയ സാഹചര്യത്തില്‍ സാധരണക്കാര്‍ക്ക് കോവിഡേതര ചികിത്സക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു എന്നത് വസ്തുതയാണ്. കോവിഡ് ചികിത്സക്ക് ഭംഗം വരുത്താതെ പ്രധാനപ്പെട്ട ജില്ല ജനറല്‍ ആശുപത്രികളെ മികവുറ്റ നോണ്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. പ്രവര്‍ത്തനരഹിതമായ സ്വകാര്യ ആശുപത്രികളെയോ, ആയുഷ് വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളെയോ കോവിഡ് രോഗികളുടെ ചികിത്സക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത് അവിടെ അടിസ്ഥാന സൗകര്യങ്ങളും മാനവവിഭവശേഷിയും ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ICU സൗകര്യമുള്ള കുടുതല്‍ സ്വകാര്യ ആശുപത്രികളെയും ഇത്തരത്തില്‍ കോവിഡ് category B & C രോഗികളെ ചികിത്സിക്കാന്‍ ഒരുക്കണം.
2) പുതുതായി ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ട്രീറ്റ്മെന്റ് സെന്ററുകളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ കുറവ് വലിയ തോതില്‍ അനുഭവപ്പെടുന്നുണ്ട്. ഇത് ചികിത്സയേയും, സ്ഥാപനങ്ങളിലെ അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളെയും ദോഷമായി ബാധിക്കുന്നുണ്ട്. മാത്രവുമല്ല സ്ഥിരം ജീവനക്കാരെ ഈ താത്കാലിക സംവിധാനത്തിലേക്ക് വിനിയോഗിക്കുന്നത് പി എച്ച് സി മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കുന്നുമുണ്ട്. അതു കൊണ്ട് CFLTC കളില്‍ ആവശ്യം വേണ്ട ജീവനക്കാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. ഇവ സ്വകാര്യ മേഖലയിലും ആരംഭിക്കുവാനുള്ള നടപടികളും ഇതോടൊപ്പം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
3) പ്രകടമായ രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ നിരീക്ഷണത്തില്‍ ആക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് കൂടുതല്‍ ഫലപ്രദമായി നമ്മുടെ സംവിധാനത്തെ ഗുരുതരാവസ്തയിലുള്ള രോഗികളുടെ ചികിത്സക്കായി വിനിയോഗിക്കാന്‍ സഹായിക്കും. എന്നാല്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെയും നിബന്ധനകളോടെയും വേണം ഇത് നടപ്പിലാക്കാന്‍. രോഗികള്‍ക്ക് റൂം ioslation സൗകര്യം ഉണ്ട് എന്ന് LSGD കള്‍ ഉറപ്പു വരുത്തണം. Pulseoximeter, digital thermometer, digital BP apparatus എന്നിവ പ്രസ്തുത രോഗികള്‍ക്ക് ലഭ്യമാക്കുകയും ഇവയില്‍ രേഖപ്പെടുത്തുന്ന അളവുകള്‍ ദിവസേന ആരോഗ്യ പ്രവര്‍ത്തകരെ ഫോണ്‍ മുഖാന്തരം അറിയിക്കുവാനുള്ള സംവിധാനം ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഇവയിലെ അളവില്‍ വ്യതിയാനം ഉണ്ടാവുന്ന പക്ഷം രോഗിയെ ആശുപത്രികളിലേക്ക് മാറ്റുവാന്‍ ആംബുലന്‍സ് സൗകര്യം ഉറപ്പു വരുത്തേണ്ടതാണ്.
4) സര്‍ക്കാര്‍ ആരംഭിക്കാന്‍ പോകുന്ന reverse quarantine കേന്ദ്രങ്ങള്‍ രോഗവ്യാപനവും, അതിന്റെ സങ്കീര്‍ണതകളും ഏറ്റവും ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗത്തെ പുനരധിവസിപ്പിക്കുന്ന സ്ഥലമാണ്. പല വിദേശ രാജ്യങ്ങളിലും ഇത്തരം കേന്ദ്രങ്ങളില്‍ അതീവ ഗുരുതര സാഹചര്യം ഉണ്ടായിട്ടുണ്ട്. പ്രസ്തുത നീക്കത്തിലുള്ള ഞങ്ങളുടെ ആശങ്ക അറിയിക്കുകയും ഇതില്‍ ഒരു പുനര്‍വിചിന്തനം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
5) കോവിഡ് രോഗികളുമായി ബന്ധപ്പെട്ട സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ പോലുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഞങ്ങള്‍ വിലയിരുത്തുന്നു. ആരോഗ്യ വിഷയത്തില്‍ പരിശീലനമുള്ളവരാണ് അത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. Quarantine ല്‍ ഉള്ള ആള്‍ക്കാരുടെ സ്ഥിതി പരിശോധിക്കാനും അതിന്റെ enforcement നും മാത്രമേ ഇത്തരം ഏജന്‍സികളെ ചുമതലപ്പെടുത്തുവാന്‍ പാടുള്ളൂ.
മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ
ഡോ: ജോസഫ് ചാക്കോ, പ്രസിഡന്റ്
ഡോ: ജി എസ് വിജയകൃഷ്ണന്, ജനറല്‍ സെക്രട്ടറി
കെ ജി എം ഒ എ
പ്രതികരിക്കാൻ ഇവിടെ എഴുതുക: